രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?

മനോരമ ന്യൂസ്‌ "കൌണ്ടര്‍ പോയിന്റ്‌ " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്‌ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍  ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.

സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?

ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?

ഒബാമയയെ ഓര്‍ക്കാന്‍  സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?

ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...

അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ്‌ ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍  ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത്  ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?

അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?

അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.

11 comments:

  1. പ്രതീക്ഷകളാണ്‍ ഒരു വ്യക്തിയേയും ഒരു രാജ്യത്തേയും മുന്നോട്ട് നയിക്കുന്നത്. ഇന്ത്യയില്‍ സാധാരണ ജനത്തിന്‍ ഇന്ന് ഒരു വ്യക്തിയിലോ പ്രസ്ഥാനത്തിലോ പൂര്‍ണ്ണമായി വിശ്വാസമില്ലാതായിരിക്കുന്നു. അവരുടെ ഇടയിലേക്കാണ്‍ രാഹുല്‍ഗാന്ധിയെന്ന യുവാവ് ജനസേവനത്തിന്‍റെ ജനസമ്പര്‍ക്കത്തിന്‍റെ നല്ലൊരു നാളെയുടെ വാഗ്ദാനവുമായി, പ്രതീക്ഷയുമായി കടന്നു വരുന്നത്. ആ നേതാവിനെ അംഗീകരിക്കാന്‍ ലക്ഷക്കണക്കിന്‍ ജനം തയ്യാറാകുന്നുവെങ്കില്‍ പത്തുപേര്‍ കരിംകൊടി കാണിക്കാനും കുറച്ചുപേര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുവാനും ഉണ്ടാകും അത് സ്വാഭാവികമാണ്, അത് അദ്ദേഹത്തിന്‍ കരുത്താകും എന്ന് തന്നെയാണ്‍ പ്രതീക്ഷ. രാഷ്ട്രീയമായി വളരെ ഉത്ഭുദ്ധരെന്ന് നമ്മള്‍ തന്നെ വിശേഷിപ്പിക്കുന്ന കേരളത്തില്‍ തന്നെ ഈ സ്വീകര്യതയും അസഹിഷ്ണുതയും നമ്മള്‍ കണ്ടതാണ്.

    അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ത്ഥമായും അവരുടെ നിലനില്‍പ്പില്‍ ഭയക്കുന്നവരാണ്, അതുകൊണ്ടുമാത്രമാണ്‍ അദ്ധേഹത്തിനെതിരെ അവര്‍ ശാപ വാക്കുകള്‍ ഉതിര്‍ക്കുന്നത്, അവരദ്ദേഹത്തെ ഭയക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന്‍ അദ്ധേഹം നിയമാനുസൃതവും നിയമവിധേയവുമായ ചെയ്യുന്ന സംഘടനാ പ്രവര്‍ത്ഥനങ്ങളെ അസഹിഷ്ണുതയോടെ കാണണം? രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ പുതുമുഖമല്ല, രഷ്ട്രീയവും ഭരണവും മറ്റാരേക്കാളും ചെറുപ്പത്തിലെ കണ്ടു വളര്‍ന്നയാളാണ്, വിദ്യഭ്യാസമുണ്ട്, സംഘടനാ ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു, സംഘടനാപരമായി അടുത്ത കാലത്തായി വളരേയധികം ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കപ്പെടുകയും അത് വിജയകരമായി നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ട്, എം പി എന്ന നിലയില്‍ വളരെ നല്ല പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളയാളാണ്‍ രാഹുല്‍, ഇപ്പോഴത്തെ അദ്ധേഹത്തിന്‍റെ രാഷ്ട്രീയ സ്വാധീനം അനുസരിച്ച് നല്ല പോസ്റ്റ് തന്നെ കേന്ദ്ര മന്ത്രിസഭയില്‍ അദ്ധേഹത്തിന്‍ ലഭിക്കുമായിരുന്നിട്ടും അത് വേണ്ടാ എന്ന് വെച്ച് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അദ്ധേഹം കാട്ടിയ പ്രവര്‍ത്തന രീതി തന്നെ അദ്ദേഹത്തിന്‍ രാഷ്ട്രീയമായി പക്വത ലഭിച്ചു കഴിഞ്ഞു എന്നതിന്‍റെ ഉദ്ദഹരണമാണ്.

    ReplyDelete
  2. പണ്ടു രാഹുല്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേരണം എന്നു മന്മോഹന്‍ പറഞ്ഞിട്ടും അത് വേണ്ടാ എന്ന് വെച്ച് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അദ്ധേഹം കാട്ടിയ പ്രവര്‍ത്തന രീതിയെ "ലാവ്ലിന്‍പിണറായി" ഭക്തന്‍ ബ്രിട്ടാസു വിശേഷിപ്പിച്ചത് "എവിടെയെങ്കിലും രാജകുമാരന്‍ മന്ത്രി ആയി എന്നു കേട്ടിട്ടുണ്ടൊ" എന്നാണു. പാര്‍ട്ടി തെറ്റുതിരുത്തലില്‍ ഇനി രണ്ട് വര്‍ഷം കൂടിയെ സെക്രട്ടറി ആയിരിക്കാന്‍ യോഗ്യത(??) പിണറായിക്കുള്ളൂ എന്നെഴുതിയതിനു മാധ്യമങ്ങളെ എതിര്‍ത്ത കൂട്ടത്തിലും ഈ ബ്രിട്ടാസും ചാനലും തന്നെയായിരുന്നു മുന്നില്‍.എന്തെ സംഘടനാ തലത്തില്‍ പ്രവര്‍ത്തിച്ചില്ലെല്‍ ലാവ്ലിനില്‍ കുടുങ്ങുമോ എന്നൊന്നും അന്നു ബ്രിട്ടാസ് ചോദിച്ചില്ല!!!

    എന്തായാലും രാഹുലിന്റെ വ്യക്തിത്വവും, രാഷ്ട്രീയ പരിചയവും, യുവാക്കളുടെ ഇടയിലുള്ള സ്വീകാരിതയും കൂടുന്നു എന്നതില്‍ അഭിമാനം.

    ReplyDelete
  3. യൂത്തന്മാരുടെ നേതാവിനെ മാറ്റി പുതിയ നേതാവിനെ വാഴിച്ചത് ഭയങ്കര സസ്പെന്‍സിനൊടുവിലായിരുന്നു അത്രേ... രാജകുമാരന്‍ വിളിച്ചു യൂത്ത്ന്മാര്‍ ഓടി എത്തി, പ്ഴയ നേതാവിനെ പറഞ്ഞു വിട്ടു, പുതിയവെനെ വാഴിച്ചു, പ്രായത്തേക്കുറിച്ചാര്‍ക്കെങ്കിലും തമശയം ഉണ്ടെങ്കില്‍ അതു മാറ്റിയതായി പ്രഖ്യാപിച്ചു, യൂത്ത്ന്മാര്‍ കയ്യടിച്ചു.

    മനോരമ വാര്‍ത്ത - രാഹുല്‍ വിളിച്ചു; രാജീവ് സതവ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി

    പണ്ട് വല്യച്ചന്‍ വന്ധ്യംകരണം നടത്തിയിരുന്നു എന്ന ഒരു ആരോപണമുണ്ടായിരുന്നു... ആവോ ആര്‍ക്കറിയാം...

    ReplyDelete
  4. രാജഭരണത്തോട് ഇന്ത്യക്കാര്‍ക്കുള്ള പ്രതിപത്തി ഇന്നും കുറഞ്ഞിട്ടില്ല എന്നര്‍ത്ഥം. ചരിത്രം പലതവണ പരീക്ഷിച്ചു വലിച്ചെറിഞ്ഞ രാജ വാഴ്ചയുടെ പുനസ്ഥാപനം പോലെ തോന്നുന്നു ഗാന്ധി കുടുംബത്തോടുള്ള ജനങ്ങളുടെ ഈ ഭക്തി കാണുമ്പോള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അടിമത്തത്തില്‍ ജീവിച്ച ജനതയുടെ പാരമ്പര്യത്തില്‍ നിന്ന് അതെളുപ്പത്തില്‍ മാഞ്ഞു പോവണമെന്നില്ല. നെഹ്‌റു കുടുംബത്തിലെ അംഗം എന്നല്ലാതെ മറ്റെന്താണ് ഇയാളുടെ പ്രത്യേകത? ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ മാത്രമേ പ്രതീക്ഷ നല്‍കുന്നുള്ളൂ എന്നത് സത്യം. പക്ഷെ ആ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒരു കുടുംബത്തിന്റെ മാത്രം തറവാട്ടു സ്വത്താണോ?നേതൃത്വവും നയതീരുമാനങ്ങളും ഒക്കെ ഒരു കുടുബത്തിന് വിട്ടുകൊടുത്തിരിക്കുന്ന ആ പാര്‍ട്ടി, ജനാധിപത്യത്തെക്കുറിച്ച് എന്ത് സന്ദേശമാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുക? വ്യക്തി-പാര്‍ട്ടി-താരാരാധന കൊണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ക്ക് മനസ്സിലാവണമെന്നില്ല ...

    ReplyDelete
  5. @ തൂലിക & പാഞ്ഞിരപാടം........
    കേന്ദ്ര മന്ത്രി സ്ഥാനം തട്ടി എറിഞ്ഞത് ഒരു ഷോ തന്നെയല്ലേ? (ഒരു ചെറിയ സംശയം) അല്ല അടുത്ത തിരഞ്ഞെടുപ്പിലും ഇനി വരാനിരിക്കുന്ന എത്രയോ തിരഞ്ഞെടുപ്പുകളിലും ഇതേ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി ഒരു ചെറിയ ത്യാഗം ആയിക്കോടെ അത്?. (നമ്മള്‍ അന്ധന്മാര്‍ ആകരുതല്ലോ)

    @ Anonymous
    പറയുന്നതില്‍ പതിരില്ല എന്നറിയാവുന്നതു കൊണ്ടാണ് അനോണി ആയി കമന്റ് ചെയ്തത് എന്ന് ഞാന്‍ കരുതികൊള്ളട്ടെ?

    @ ബിജു ചന്ദ്രന്‍
    യോജിക്കുന്നു. രാഷ്ട്രീയത്തില്‍ മക്കത്തായത്തിനു സ്ഥാനമില്ല. പക്ഷെ, തമ്മില്‍ ഭേദം തൊമ്മന്‍ നിലപാട് എടുക്കാമല്ലോ. അല്ലെങ്കില്‍ ഞാന്‍ വലുതായി രാഷ്ട്രീയത്തില്‍ എത്തണം , അതിനിപ്പോള്‍ ഏകദേശം പതിനഞ്ചു വര്ഷം എങ്കിലും എടുക്കും.

    ReplyDelete
  6. രാഹുല്‍ ഗാന്ധി എന്നയാള്‍ ചെയ്യുന്നത് ശരി തന്നെ . പക്ഷെ രാഹുല്‍ നാളെ ഒരു ഒബാമ ആവില്ല എന്ന് എന്താണ് ഉറപ്പ്? ഒബാമ പറഞ്ഞത് പോലെ ഒരു മാറ്റവും അമേരിക്കയില്‍ ഉണ്ടായില്ല . യുവാക്കള്‍ നയിക്കണം എന്നത് ശരി തന്നെ .പക്ഷെ അനുഭവത്തിനും കുറച്ചു പ്രാധാന്യം ഉണ്ട്

    ReplyDelete
  7. @ Nipun
    ഒന്നാമത്, ഒബാമ പൂര്‍ണ പരാജയമാണെന്ന് എനിക്ക് തോന്നുന്നില്ല. (മക്കയിന്‍ പ്രസിഡന്റ്‌ ആയാലും ഇതൊക്കെയല്ലായിരുന്നോ നടക്കൂ?)

    ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അനുഭവത്തിന് എത്ര പ്രസക്തിയുണ്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. പക്ഷെ, ആ അനുഭവം ഉണ്ടാകാന്‍ വേണ്ടിയല്ലേ അധികാരങ്ങള്‍ക്ക് നില്‍ക്കാതെ ഇന്ത്യ മൊത്തം ചുറ്റുന്നത്‌ ?

    ReplyDelete
  8. "രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ"

    സത്യം ........രാഹുല്‍ ഗാന്ധി വന്നതിന് ശേഷം എന്തൊക്കെ ഗുണങ്ങളാ........

    1.ഇന്ത്യയില്‍ വിലക്കയറ്റമെന്ന സംഭവമേ ഇല്ലാതായി.

    2.പാക്കിസ്ഥാന്‍ കാരനും ഇന്ത്യാക്കാരനും സഹോദരന്മാരെ പോലെ ജീവിക്കാന്‍ തുടങ്ങി

    3.വൈപ്പിനില്‍ കുടിവെള്ളം ലഭ്യമായി തുടങ്ങി

    4. എല്ലാ ഇന്ത്യാക്കാരനും ദേശസ്നേഹമുണ്ടായി

    കഷ്ടം തന്നെ.......നാടകമേ ഉലകം...........

    ReplyDelete
  9. @ മാറുന്ന മലയാളി
    അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറയല്ലേ..

    രാഷ്ട്രീയത്തില്‍ ഉള്ള ഒരു യുവാവിന്റെ പേര് പറയൂ എന്ന് രാഷ്ട്രീയത്തോട് ചായ്വുള്ള ഒരു ഇന്ത്യന്‍ യുവാവിന്റെ അച്ഛന്‍ ചോദിക്കുകയാണെങ്കില്‍ എത്ര പേരുടെ പേര് പറയാം?
    ശിവ് സേനയോട് ചുട്ട മറുപടി നല്‍കിയ വേറെ ഒരു രാഷ്ട്രീയക്കാരന്റെ പേര് ചോദിച്ചാല്‍?
    അതും പോട്ടെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ (അല്ലേല്‍ വേണ്ട, ഏതേലും പാര്‍ട്ടിയില്‍) ടാലന്റ് ഹണ്ട് നടത്തി നേതാവിനെ തിരഞ്ഞെടുത്ത മറ്റാരുണ്ട്???

    setting examples...that's what he is doing. an example for what a politician must be like...

    ReplyDelete
  10. അനിയന്‍ “ഭൂമിയിലെ രാജാക്കന്മാര്‍“ എന്ന ചിത്രം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണണം. ആ ചിത്രത്തിലുണ്ട് ഇതേ പകര്‍പ്പില്‍ ഒരു യുവ‘രാജന്‍‘.

    ചിലവ് ചുരുക്കല്‍ ജനങ്ങളെ പഠിപ്പിക്കാനും (?) എളിമ കാണിക്കാനും തീവണ്ടിയുടെ ജനറല്‍ ക്ലാസ്സില്‍ യാത്ര ചെയ്യുക....അതേ സമയം തന്നെ റോഡ് മാര്‍ഗ്ഗം പെട്രോള്‍ കത്തിച്ച്, സ്വന്തം പട്ടിക്ക്(രാഹുലിന്‍റെ പട്ടിയാകുമ്പോള്‍ ‘പട്ടിജീ” .അതാണല്ലോ വയ്പ്) വേണ്ടി മാത്രം ടാറ്റാ സഫാരി ഓടുക.മഹത്വം തന്നെ പറയാതെ തരമില്ല....

    ReplyDelete
  11. @ മാറുന്ന മലയാളി
    സധൈര്യം പറയട്ടെ , ചെലവ് കുറക്കാന്‍ എന്ന് പറഞ്ഞു വിമാനത്തില്‍ (തീവണ്ടിയിലും) താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യുന്നത് ശുദ്ധ മണ്ടത്തരം തന്നെയാണ്.

    അവിടെ ഞാന്‍ യോജിക്കുന്നു.

    പക്ഷെ എന്ന് വച്ച് റോട്ടില്‍ കൂടെ പോകാന്‍ പ്രിമിയര്‍ പദ്മിനി / അമ്ബാസദര്‍ കാറ് പ്രത്യേകം വാങ്ങാന്‍ പറ്റുമോ.

    ഇനി അല്പം മുടന്തന്‍ ന്യായം : യാത്ര ചെലവ് കുറയക്കാന്‍ ആള്‍ക്കാരെ പഠിപ്പിക്കാന്‍ മറ്റെന്തു മാര്‍ഗം ആണുള്ളത്?

    കങ്ക്ലുഷന്‍ : സമ്മതിച്ചു രാഹുല്‍ ഗാന്ധി സംപൂര്‍ണമല്ല. സമ്മതിച്ചു. തോറ്റു.

    ReplyDelete

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു