വിജയം പരാജയത്തിലേക്കുള്ള ചവിട്ടു പടിയോ?

എന്താന്നറിയില്ല, നോക്കുന്നിടത്തെല്ലാം കാണുന്നത് വിജയിച്ചു കൊണ്ടിരുന്നവര്‍ പരാജയപ്പെടുന്നതാ.
ഉദാഹരണത്തിന് ഐ പി എല്‍. കഴിഞ്ഞ വര്‍ഷം സുഖ സുന്ദരമായി ജയിച്ച രാജസ്ഥാന്‍ ഇക്കൊല്ലം പൊട്ടി പാളീസായി. സെമി എത്തുന്നത്‌ വരെ, ഓരോ കളിയും ജയം ഉറപ്പിച്ചു കളിച്ചിരുന്ന ഡല്ഹിയും എതിരാളികളെ വിറപ്പിച്ചു തോല്‍പ്പിക്കുന്ന ചെന്നൈയും സെമിയില്‍ പപ്പടം പോലെ പൊട്ടി.
ടെന്നിസില്‍ ആണെങ്കില്‍ രാജാവ് കഴിഞ്ഞ കുറെ മാസങ്ങളായി തോറ്റു കൊണ്ടേയിരിക്കുകയാണല്ലോ.
കാര്‍ റേസിങ്ങില്‍ ഫെരാരി, മക്ലാരെന്‍.

സ്പോര്‍ട്സിന്റെ കാര്യമേ പോട്ടെ. ലോക സഭ ഇലക്ഷനില്‍ ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിച്ചു?
അതും പോട്ടെ പത്തു പതിനഞ്ച് വര്‍ഷമായി ജയിച്ചു കൊണ്ടേയിരുന്ന എല്‍ ടി ടി ഇ , എന്ത് പറ്റി?

ഒരു ജയം ഒരു തോല്‍വി, ഇതു ജീവിതത്തിന്റെ നിയമം ആണോ? ഒരാള്ക്ക് ജയിച്ചു കൊണ്ടേയിരിക്കാന്‍ പാടില്ലേ?

ഇതെല്ലാം ചോദിക്കാന്‍ എന്താ കാരണം എന്നോ? എന്റെ പത്താം ക്ലാസ്സ് പരീക്ഷാഫലം ഇന്നു പത്തു മണിക്ക് വിളംബരം ചെയ്യും. എനിക്കാണെങ്കില്‍ ഇത്രയും നാള്‍ സ്കൂളില്‍ നല്ല മാര്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്നതാ.
ഇനിയിപ്പം ഒരിക്കല്‍ ജയിച്ചവര്‍ രണ്ടാമതും ജയിക്കരുത് എന്നെങ്ങാനും ഉണ്ടായിപ്പോവുമോ ആവോ?

സൌത്ത് ആഫ്രിക്കനൈസ്ഡ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശാന്ത്യം (വരെ നടന്ന കാര്യങ്ങൾ)

സംഭവ ബഹുലമായ ഐ പി എൽ രണ്ടാം ഭാഗം കഴിയാറാകാറായി. ഇന്നു രാത്രി ഡെൽഹിയും ഡെക്കാനും തമ്മിലുള്ള ആദ്യത്തെ സെമിഫൈനലും നാളെ ചെന്നൈയ്യും ബാംഗ്ലൂരും തമ്മിലുള്ള രണ്ടാമത്തേതും പിന്നെ പേരിനു ഒരു ഫൈനലും (എന്താന്നോ? ഏത് ടീമു ജയിച്ചാലും ജയിക്കുന്നത് ലലിത് മൊഡിയും പരസ്യക്കാരും) കൂടി കഴിഞ്ഞാൽ കഴിഞ്ഞു , ഒരു മാസത്തോളം ഇന്ത്യാക്കാരെക്കാൾ കൂടുതൽ സൌത്ത് ആഫ്രിക്കക്കാരെ രസിപ്പിച്ച ഐ പി എൽ മാമാങ്കം.

ഈ വർഷത്തെ ഐ പി എൽ കഴിഞ്ഞ വർഷത്തേതിനേക്കാളും വളരെ അധികം ആകർഷകമാക്കിയത് മൂന്നാലഞ്ച് കാര്യങ്ങൾ ആണ്.

ആദ്യമാ‍യി, നടക്കുന്ന സ്ഥലം. എവിടെയാ? ദക്ഷിണാഫ്രിക്കയിൽ. എന്താ കാരണം? പലരും മറന്നു കഴിഞ്ഞു – തീവ്രവാദം, ഇന്ത്യ തകർക്കാൻ വരുന്ന തീവ്രവാദികളെ പേടിച്ചാണ് പി എൽ ദൂരെ മാറി പോയി നിന്നത്.
എങ്കിലും ആ ട്രാൻസ്ഫർ ഐ പി എല്ലിന്റെ ആവേശം ഒരു വിധത്തിലും ചോർത്തിയിട്ടില്ലാത്തതിന്റെ മുഴുവൻ ക്രെഡിറ്റും ദക്ഷിണാഫ്രിക്കയിലെ ക്രിക്കെറ്റ് പ്രേമികൾക്കാണ് എന്നത് സംശയാതീതമാണ്. അങ്ങനെ വെറുതെ പറയുന്നതല്ല, ഐ പി എൽ വൻ വിജയമാകുന്നത് പലവർക്കും പിടിക്കുന്നില്ല. ഒരു ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകൻ ഐ പി എല്ലിനെ കുറിച്ചു വളരെ മനോഹരമായി എഴുതിയ ഈ വാക്കുകൾ ശ്രധിക്കൂ
"ഹൊ! സമാധാനമായി, ഐ സി സി 20-20 വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതോടെ ശരിയായ ക്രിക്കെറ്റ് കാണാമല്ലൊ. ഇനി ഗോവ ഗോയേർസ് എന്നൊ കേരള ക്രോളേർസ് എന്നൊ ആരും കേൾക്കാത്ത പേരുകൾ കേൾക്കേണ്ടല്ലൊ"
അങ്ങനെ ഇരിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്കാർ നൽകുന്നതു വളരെ വല്ല്യ ഒരു സഹായം തന്നെയാണ്.

പിന്നെയുള്ളത് പരസ്യങ്ങൾക്കിടയിൽ നമ്മുടെ ശ്രധ പിടിചു പറ്റിയ പുതിയ ഒരു അവതാരമാണ്. പേര് സൂസൂ. വൊഡഫോണിന്റെ ഈ പരസ്യം ഇല്ലായിരുന്നെങ്കിൽ പലരും രാത്രിയത്തെ കളിയിൽ രണ്ടാമിന്നിങ്സിൽ സ്ട്രാറ്റജി ബ്രെയ്ക്കിന്റെ സമയത്ത് അറിയാതെ ഉറങ്ങിപ്പൊയേനെ.

ഈ വർഷത്തെ കളികളുടെ ആകാംക്ഷാഭരിതത ശ്രധിക്കപ്പെടാതെപോകാത്ത ഒരു കാര്യമാണ്. അല്ലെങ്കിൽ രണ്ടോവറു ബാക്കി നിൽക്കെ കളി ഇവന്മാരു ജയിച്ചു എന്നും പറഞ്ഞു എണീറ്റു പോയിരുന്ന ഭയങ്കരന്മാർ ഇത്തവണ അവസാന പന്തും കഴിയുന്നതു വരെ മിണ്ടാതിരിക്കുന്നതിന്റെ രഹസ്യം മറ്റെന്താണ്?

പിന്നെ പറയാനുള്ളത് രണ്ടു ടീമുകളെ കുറിച്ചാണ് – റോയൽ ചലഞ്ചേർസും, നൈറ്റ് റൈഡേർസും. ചലഞ്ചേർസ് കഴിഞ്ഞ തവണതേതു പോലെ തന്നെ എട്ടു നിലയിൽ പൊട്ടി പുറത്തായി എന്നു വിചാരിച്ചു നിൽക്കുമ്പോളാണ് അവരുടെ വൻ തിരിച്ചുവരവ്. നൈറ്റ് റൈഡേർസ് ആണെങ്കിൽ കെടുന്നതിനു മുൻപുള്ള ആളിക്കത്തൽ എന്ന പോലെ അവസാന നിമിഷം വൻ അട്ടിമറികൾ നടത്തി എല്ലാവരേയും ഞെട്ടിച്ചു.

അങ്ങനെ ഉജ്ജ്വലമായ ഒരു അന്ത്യത്തിൽ എത്തി നിൽക്കുകയാണു നമ്മുടെ സ്വന്തം ഐ പി എൽ

തടിയന്‍ പ്രഭാകരന്‍ വടിയായി

ഇപ്പം ഒരു രാജ്യമുണ്ടാക്കിയിട്ടു വരാം എന്നും പറഞ്ഞു പത്തു മുപ്പത്തേഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഇറങ്ങി പുറപ്പെട്ടതാണ് പ്രഭാകരേട്ടന്‍. കൂട്ടിനു ഒരു സംഘടനയും ഉണ്ടാക്കി . Tamil New Tigers. താമസിയാതെ ആ പേരിനു എന്തോ കുഴപ്പം തോന്നി കൂട്ടാളികളെ Liberation Tigers of Tamil Eelam എന്ന് വിളിച്ചു തുടങ്ങി. നമ്മള്‍ അവരെ തമിഴ് പുലികള്‍ എന്നും വിളിച്ചു (ശരിക്കും തമിഴ് കടുവകള്‍ എന്നല്ലേ വിളിക്കേണ്ടത്?). അതൊക്കെ എഴുപത്തി രണ്ടിലെയും എഴുപത്തി ആറിലെയും കാര്യങ്ങള്‍ ആണ്.
ഇടക്കെവിടെയോ വെച്ചു കയ്യില്‍ തോക്ക് കിട്ടിയപ്പോള്‍ പ്രാദേശിക സ്വയം ഭരണം എന്ന ആവശ്യം വിട്ട് പുത്തന്‍ രാജ്യം എന്ന അത്യാഗ്രഹത്തിലെക്കായി ശ്രദ്ധ . അതിന് കണ്ടെത്തിയ മാര്‍ഗമോ കൊലപാതകം. വഴിയേ വരുന്ന എന്ത് തടസവും ഇല്ലാതാക്കി അവര്‍ മുന്നേറി. ശ്രീ ലങ്കന്‍ പ്രധാന മന്ത്രിമാരും രാഷ്ട്രപതിമാരും എന്തിന് സാധാരണ ജനങ്ങള്‍ പോലും വിറച്ചു. അങ്ങനെ ബുദ്ധ ഭിക്ഷുക്കളുടെ ആ നാട്ടില്‍ അക്രമം പെട്ട് പെരുകി.
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം , എന്നാല്‍ അത് കുറച്ചു നേരത്തെ വന്നാല്‍ എന്താന്നും ചോദിച്ചു അരയില്‍ ബോംബും കെട്ടി വെച്ചു ദിവസവും ഓരോരുത്തരായി ഓരോ സ്ഥലത്തു പോയി പൊട്ടിത്തെറിച്ച്, അഥവാ ബോംബ് ചീറ്റിപ്പോയാല്‍ അതുണ്ടാക്കിയ കമ്പനി ഏതാന്നു മനസിലാവാതിരിക്കാന്‍ കഴുത്തില്‍ സ്വയം സംഹാര യാഗത്തില്‍ നിന്നും ലഭിച്ച സയനൈഡ് ഭസ്മവും തൂക്കി നടക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ ആയി മാറി തമിഴ് പുലികള്‍. (തോക്കും പീരങ്കിയും വെച്ചു ആര്ക്കും ബലം കാണിക്കാം എന്ന ഗാന്ധിയന്‍ മാര്‍ഗത്തില്‍ ചിന്തിച്ചാല്‍ - തമിഴ് എലികള്‍)
അങ്ങനെ കൊത്തി കൊത്തി അവസാനം മുറത്തില്‍ കയറി കൊത്തി അവര്‍. കഴുത്തില്‍ മാല അര്‍പ്പിക്കാന്‍ എത്തിയ ആരാധകര്‍ എന്ന വ്യാജേന വന്നു അവര്‍ 1991 -ഇല്‍ തകര്‍ത്തത്‌ ഭാരതത്തിന്റെ ഹൃദയമാണ്. അതോടെ ലങ്കയിലെ തമിഴ് മക്കളോട് ഭാരതാംബയ്ക്ക് ഉണ്ടായിരുന്ന അവസാന ഹൃദയമിടിപ്പും നിലച്ചു.

പിന്നീട് പ്രഭാകരനും അന്ധന്മാരും ചേര്ന്നു നടത്തിയത് സ്വന്തം നിലനില്‍പ്പിനായുള്ള ഒരു പോരാട്ടം ആണ്.
അങ്ങനെയൊരു പോരാട്ടം തുടരുകയാണെങ്കില്‍ തുടരും (ജീവനും ജീവനും കൊണ്ടുള്ള ഓട്ടവും) ഇനി അല്ല അവസാനിക്കുന്നുണ്ടെങ്കില്‍ ഒരേ ഒരു ഫലത്തില്‍ അല്ലെ കലാശിക്കൂ? അത് സംഭവിച്ചു
പ്രഭാകരന്‍, മോന്‍, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ എല്ലാം . തീര്ന്നു .
വാളെടുത്തവന്‍ വാളാല്‍.

ഫ്രീ ഡൌണ്‍ലോഡ് തീരാനായ ഒരു ബി എസ് എന്‍ എല്‍ ബ്രോഡ്‌ ബാന്‍ഡ് കാരന്‍

എന്താ ചോദിച്ചേ? ഞാന്‍ എന്താ ഇപ്പൊ പണ്ടത്തെ പോലെ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈന്‍ ആയി വരാത്തതെന്നോ? അറിഞ്ഞാല്‍ എന്റെ പ്രശ്നം തീര്ത്തു തരുമോ? ഇല്ലല്ലേ ? എന്നാലും വെറുതെ അറിയാന്‍ ആയിരിക്കും അല്ലെ? എന്നാ കേട്ടോ...
ബി എസ് എന്‍ എല്‍ കോംബോ പ്ലാന്‍ പ്രകാരം മാസം 500 രൂപ കൊടുത്താല്‍ 175 പേരെ വെറുതെ വിളിച്ചു ശല്ല്യപ്പെടുത്താനുള്ള അധികാരവും ഒന്നര ജിഗ ബൈറ്റ് ഫ്രീ ഡൌണ്‍ലോഡ് ഉം പോരാത്തതിന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ എട്ടു മണി വരെ തോന്നിയ പോലെ ഒക്കെ ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള ഔതാര്യവും ഉണ്ട്. അതില്‍ തന്നെ അഡ്വാന്‍സ്‌ ആയി ഒരു വര്ഷത്തെ കാശ് ഒന്നിച്ചു കൊടുത്താല്‍ പന്ദ്രണ്ട് ഗുണിക്കണം അഞ്ഞൂറ് , ആറായിരം രൂപ കൊടുക്കേണ്ട സ്ഥലത്തു വെറും അയ്യായിരം രൂപ കൊടുത്താല്‍ മതി എന്നുള്ള ധാരണയിലാ ഞാന്‍ ബ്രോഡ്‌ ബാന്‍ഡ് എടുത്തത്‌.
അത് കൊണ്ടു ഗുണമേ ഉണ്ടായിട്ടും ഉള്ളു. 1000 രൂപയല്ലേ പോക്കറ്റില്‍ കിടക്കുന്നത്.
പക്ഷെ ഇതൊന്നുമല്ല എന്റെ പ്രശ്നം. എന്റെ പ്രശ്നം എന്താണെന്ന് വെച്ചാല്‍, എനിക്കിനി ഈ മാസം ഏകദേശം 200 എം ബി മാത്രമെ സൌജന്യമായി ഇന്‍റര്‍നെറ്റില്‍ നിന്നും താഴോട്ടിറക്കാന്‍ പറ്റുകയുള്ളൂ . അതായത് ഇനി 12 ദിവസം ഞാന്‍ ദിവസം 15 എം ബി വെച്ചു കഷ്ടിച്ച് ഒരു ബ്ലോഗ് പോസ്ടോ അല്ലെങ്കില്‍ ഒന്നു ജിമെയില്‍ എടുക്കുകയോ ഒക്കെ ചെയ്തു ജീവിക്കണം.
ഒരു എം ബി അധികം ഉപയോഗിച്ചാല്‍ വെറും 80 പൈസ മാത്രം അധികം കൊടുക്കേണ്ട അവസ്ഥയില്‍ ഞാനെന്തിനാ ഇങ്ങനെ പിശുക്കുന്നത് എന്നല്ലേ അടുത്ത ചോദ്യം?
ഇപ്പ്രാവശ്യം എനിക്ക് ഫോണ്‍ ബില്‍ വന്നത് എത്രയാന്ന് അറിയില്ലല്ലോ? എന്നാല്‍ പിന്നെ എന്നെ പിശുക്കന്‍ എന്ന് വിളിക്കരുത്. ഇത്തവണ എനിക്ക് വന്ന ബില്ലിന്റെ പ്രസക്ത ഭാഗങ്ങള്‍ കീഴെ ചേര്ക്കുന്നു
-----------------------------------------------------
Bill Date: 05/05/2009
Pay by Date: 27/05/2009
Disconnection Date: 28/05/2009
Amount Payable if paid on or before 27/05/2009: 1
Amount Payable if paid after 27/05/2009: 11.00
-----------------------------------------------------
(അതെ , രൂപ ഒന്നു തന്നെ)
എന്നിട്ട് ബില്ലിന്റെ പിന്‍ ഭാഗത്ത് പലതിന്റെയും കൂടെ എഴുതിയിരിക്കുന്നു പതിനഞ്ചു ദിവസം സമയത്തിനുള്ളില്‍ ബില്‍ അടച്ചില്ലെങ്കില്‍ ഏത് നിമിഷവും ഫോണ്‍ കട്ട് ചെയ്തേക്കാം എന്ന്.

ഒന്നാലോചിച്ചേ, ഒന്നോ രണ്ടോ KB അധികം ഉപയോഗിച്ചതിന് ഇനി ഈ ബി എസ് എന്‍ എലുകാര്‍ എനിക്ക് അടുത്ത പ്രാവശ്യം 80 പൈസ ബില്ലിട്ടാല്‍ അതും ഞാന്‍ തന്നെ പോയി അടക്കെണ്ടേ?

തിരഞ്ഞെടുപ്പ് ഫലം പുറത്തു, യു പി എ അകത്തു. ബി ജെ പി...

കഴിഞ്ഞു. എല്ലാം കഴിഞ്ഞു . ഇനി ഒരു സൈറ്റില്‍ ചെന്നാലും "അദ്വാനി ഫോര്‍ പി എം " എന്നോ അദ്ദേഹത്തിന്റെ കൈകൂപ്പിയുള്ള ഫോട്ടോയോ കാണില്ല. കാരണം? കാരണം ബാക്ടീരിയ. പുറത്തു വരുന്ന എല്ലാ ഫലവും കോണ്‍ഗ്രസിന്‌ അനുകൂലം. മന്‍മോഹന്‍ സിംഗ് വീണ്ടും പ്രധാന മന്ത്രി. രാഹുല്‍ ഗാന്ധി പ്രധാനപ്പെട്ട ഒരു മന്ത്രിയുമാവും. അദ്വാനിജീക്കു അവസാന നിമിഷം ഒരു ക്ഷീണം. കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റി. മൂന്നും നാലും അഞ്ചും ആറും എന്നിയവര്‍ ആരും നക്ഷത്രം എണ്ണാതെ ഈ രാത്രി കഴിച്ചുക്കൂട്ടില്ല. അല്ല, വല്ല ആവശ്യവും ഉണ്ടായിട്ടാണോ ഇവര്‍ ഗാന്ധി പഥത്തില്‍ നിന്നും മാറി നടന്നത്? അനുഭവിക്കും. ഏല്ലാവരും അനുഭവിക്കും. അല്ലെങ്കില്‍ വിശന്നു വയറുകാളുംപോള്‍ തിരികെ വന്നു വാതില്‍ മുട്ടും. അപ്പോള്‍ തിന്നാന്‍ വല്ലതും ബാക്കിയുണ്ടായാല്‍ ഭാഗ്യം.

കേരളത്തിന്റെ കാര്യം പറയാനില്ല. ശശി തരൂര്‍ ഞാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ജയിച്ചു. അദ്ദേഹം ജയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പക്ഷെ ജയിച്ചില്ലെങ്കിലും അത്ഭുതമില്ല , കേരളത്തിലെ ആള്‍ക്കാര്‍ തലച്ചോറ് ഉപയോഗിക്കാതെയാണ് വോട്ട് ചെയ്യുന്നത് എന്ന് മാത്രമെ അത് അര്‍ത്ഥമാക്കുകയായിരുന്നുള്ളൂ. പിന്നെ മറ്റു ചില മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചവരും പ്രതീക്ഷിക്കാത്തവരും ഒക്കെ ജയിച്ചു. കാര്യമാക്കേണ്ട. ആര് ജയിച്ചാലും മന്മോങ്ങാന്‍ സിംഗും സോണിയ ഗാന്ധിയും പറയുന്നതു പോലല്ലേ നടക്കൂ .

ഇക്കൊല്ലം തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത് ഹൈ-ടെക് ആയിട്ടാണ്. എണ്ണി കഴിഞ്ഞു നിമിഷങ്ങള്‍ എണ്ണുംപോളേക്കും റിസള്‍ട്ട്‌ ഇന്റര്‍നെറ്റിലൂടെ പ്രവഹിക്കുന്നു. അങ്ങനെ എപ്പോഴോ 1000 വോട്ടിന്റെ ലീഡ് കണ്ടു "ഓ ഞാനങ്ങ് ജയിച്ചു പോയി" എന്ന് കരുതിയവര്‍ ഒക്കെ വൈകുന്നേരം ആവുംപോഴത്തെക്ക് ഫലങ്ങള്‍ മാറി മറിയുന്നത് കണ്ടു തല ചുറ്റി വീണിരിക്കണം, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ എന്തോ കുഴപ്പം ഉണ്ടെന്നു അണികളോട് പറഞ്ഞു പറഞ്ഞു തൊണ്ട വരണ്ടു വെള്ളം കുടിക്കുന്നുണ്ടാവണം.

എന്തായാലും ഇക്കൊല്ലം കോണ്ഗ്രസ് ജയിച്ചത്‌ എനിക്കിഷ്ടപ്പെട്ടു. കാരണം, കോണ്ഗ്രസ് ഒന്നു കഴിഞ്ഞു രണ്ടാമത്തെതിന് അമേരികേലോട്ടു പോവും. അവിടെയാണെങ്കില്‍ ഒബാമ എന്നൊരു സംഭവം റെഡി ആയി ഇരിക്കുന്നുമുണ്ട് .

ഉള്ളടക്കം

ഈ ബ്ലോഗില്‍ നടക്കുന്ന എല്ലാ സ്തുത്യര്‍ഹമായ പരിപാടികളും ഇവിടെ എഴുതിച്ചേര്‍ക്കുന്നതായിരിക്കും.

അവസാനം തീരുമാനിച്ചു

ഇനിയും പിടിച്ചു നില്‍ക്കാന്‍ എന്നെ കൊണ്ടാവില്ല. മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയെ മതിയാവു. ഇംഗ്ലീഷ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പവിത്രമായ ഒരു ബ്ലോഗ്. ("ബ്ലോഗ്"ഇപ്പോള്‍ മലയാളം ആണല്ലോ). അപ്പോള്‍ ഇനി ഒന്നും പേടിക്കാതെ മലയാളം ടൈപ്പ് ചെയ്യാം. ഗൂഗിള്‍ എന്നെ ഒരു വെറും മലയാളി ആക്കികളയും എന്ന പേടിയും വേണ്ട, മലയാളം അറിയാത്തവര്‍ ഒറ്റക്കാക്കി പോകും എന്നാലോചിക്കുകയെ വേണ്ട, മലയാളത്തില്‍ ബ്ലോഗാന്‍ കഴിയാത്തതില്‍ സങ്കടപ്പെടുകയും വേണ്ട.

ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു. ഇതിനെയെല്ലാം പറ്റി ബ്ലോഗ് എഴുതാന്‍ എനിക്ക് ഭ്രാന്താ അല്ലെ. അതും വേറെ ഇഷ്ടം പോലെ ബ്ലോഗ്ഗര്‍ മാര്‍ ഉള്ളപ്പോള്‍. എന്നാലും സ്വന്തമായി എഴുതി മനസ്സില്‍ കാണുന്നതിന്റെ സുഖം ഒരു അവന്മാരുടെ ബ്ലോഗ് വായിച്ചാലും കിട്ടില്ലെട മോനേ!

അതിനാല്‍ ഇന്നു ഈ നിമിഷം ഞാന്‍ ഈ മലയാളം ബ്ലോഗ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു.

ശ്രദ്ധിക്കുക: ഉത്ഘാടനം ചെയ്യാന്‍ ഞാന്‍ തീരുമാനിക്കാന്‍ വൈകിയത് കാരണം പരിപാടി ഒക്കെ നേരത്തെ തുടങ്ങി. അതുകൊണ്ട് ഇതിന് മുന്പെയും പോസ്റ്റുകള്‍ കാണാം.