സ്വന്തം ജോലികള്‍ ഒക്കെ കൃത്യമായി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ഒരു ദിവസം ഉച്ചയ്ക്ക് കുഴഞ്ഞുവീണു മരിക്കുന്നു. വാതവും, തളര്‍ച്ചയും, മേലാസകലം വേദനയുമായി എത്രയോ അമ്മൂമ്മമാര്‍ സീരിയലുകളും കണ്ടിരിക്കുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് തന്നെ മരിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍. മാസമെത്താതെ പിറന്നിട്ട് കണ്ണ് പോലും തുറക്കാതെ പാലിന് വേണ്ടി അലറുന്ന ചോരക്കടുവകള്‍. തിങ്കളാഴ്ച രാവിലെ മാത്രം പനി വരുന്ന സ്കൂള്‍ കുട്ടികള്‍. കാലിലൊരു ചെറിയ മുറി വന്നിട്ട് എത്ര ശ്രമിച്ചിട്ടും ഉണങ്ങാതെ അതു പടര്‍ന്ന് പടര്‍ന്ന് അവസാനം കാല്‍ മുറിച്ച് കളയേണ്ടി വരുന്നവര്‍. കോളേജില്‍ ചേര്‍ന്ന് രണ്ടാം മാസം തൂങ്ങി മരിക്കുന്ന വിദ്യാര്‍ത്ഥികള്‍. രാവിലെ ആറ് മണിക്കെണീറ്റ് ജോലിക്കിറങ്ങി രാത്രി പതിനൊന്ന് മണിക്ക് തളര്‍ന്ന് വന്ന് കിടക്കയില്‍ വീണുറങ്ങുന്ന പട്ടണക്കാര്‍.
ഇതില്‍ ആര്‍ക്കൊക്കെ ആരോഗ്യമുണ്ട്? ആര്‍ക്കൊക്കെ ഇല്ല? എന്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഒരാളുടെ ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുക? ആരോഗ്യകരമായ ജീവിതം എന്ത്? എങ്ങനെ? അസുഖം അല്ലെങ്കില്‍ രോഗാവസ്ഥ എന്താണ്? എന്തുകൊണ്ടാണ്? ഏതൊക്കെ അസുഖങ്ങള്‍ ചികിത്സിക്കണം? ചികിത്സിക്കുന്നെങ്കില്‍ എന്ത്, എത്ര? ഇതൊക്കെ വളരെ വിഷമം പിടിച്ച ചോദ്യങ്ങളായതുകൊണ്ടൊക്കെ തന്നെയാണ് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരു അലോപ്പതി ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുന്നത്.
അഞ്ചിലേറെ വര്‍ഷം ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഒരു മെഡിക്കല്‍ കൗണ്‍സില്‍ റെജിസ്റ്റ്റേഷന്‍ ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ ഞാനെഴുതട്ടെ.
ആരോഗ്യം
വ്യക്തമായ വാക്കുകളില്‍ നിര്‍വചിക്കാന്‍ പറ്റാത്ത പലതിനും നമ്മള്‍ മനുഷ്യര്‍ ചുറ്റിവളഞ്ഞ് നിര്‍വചനം നല്‍കാറുണ്ട്. ഉദാഹരണത്തിന്, "നീതി" എന്ന ആശയം എടുക്കുക. എന്താണ് നീതി? പലര്‍ക്കും പലതാണ് നീതി. പക്ഷെ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ തുല്യത, സമാവകാശങ്ങള്‍, നന്മ, എന്നൊക്കെയുള്ള ആശയങ്ങള്‍ സാമാന്യ ബുദ്ധിയോടെ ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന ഒരു സംഗതിയാണ് നീതി.അത് പോലെ തന്നെയാണ് ആരോഗ്യത്തെയും നിര്‍വചിക്കപ്പടുന്നത്. ലോകാരോഗ്യ സംഘടന അതിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:
Health is a state of complete physical, mental and social well-being and not merely the absence of disease or infirmity.അതായത്, ആരോഗ്യം എന്നാല്‍ ശാരീരികവും, മാനസികവും, സാമൂഹികവുമായി നന്നായിരിക്കുന്ന ഒരവസ്ഥയാണ്. ഈ മൂന്ന് മണ്ഡലങ്ങളും നന്നായിരുന്നാലേ ആരോഗ്യമാവൂ എന്നു മനസ്സിലായി. പക്ഷെ ചോദ്യം വീണ്ടും ബാക്കി, നന്നായിരിക്കുന്നു എന്ന് പറയേണ്ടത് എപ്പോളാണ്? അങ്ങനെ ചോദിച്ച് പോവുകയാണെങ്കില്‍ ഒറ്റ വാക്യത്തില്‍ ഉത്തരം പറയാന്‍ പറ്റാത്ത ഒരു ചോദ്യമാണിത്. അവിടെയാണ് ഈ പറയുന്നതിന്റെ ഒക്കെ പ്രസക്തി.
അനാരോഗ്യം
മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന്‍ രാജാവ് എന്ന് കേട്ടിരിക്കുമല്ലേ? എന്നാല്‍ കൂനില്ലാ രാജ്യത്ത് ചെറുകൂനന്‍ രാജാവ് എന്ന് പറയാന്‍ പറ്റുമോ? കൂന് എന്നത് നമുക്ക് ഒരു വികലത്വമായിട്ടാണ് തോന്നുന്നത്. എന്നാല്‍ മൂക്ക് അങ്ങനല്ല. അപ്പോള്‍ കൂന് എങ്ങനെ വികലമായി? ചിലര്‍ക്ക് ആറ് വിരളുണ്ടാവും. ചിലര്‍ക്ക് മൂക്കിന്റെ പാലം വളഞ്ഞതായിരിക്കും. ചിലര്‍ക്ക് കൊട്ടുകാലുണ്ടാവും. ചിലര്‍ കുള്ളന്മാരായിരിക്കും. അങ്ങനെയുള്ളവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നമ്മള്‍ എന്ത് പറയണം? ആ ചോദ്യം ഒന്ന് മനസ്സില്‍ വെക്കൂ.വൈദ്യശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് നോര്‍മല്‍ ("normal"). ആരോഗ്യം എന്നതിന്റേതു പോലെ തന്നെ നോര്‍മല്‍ എന്നതിന്റെയും നിര്‍വചനം വളരെ വിഷമം പിടിച്ചതാണ്. എന്നാല്‍ പിന്നെ അത്ര കഷ്ടപ്പെട്ട് അതിനെ നിര്‍വചിക്കേണ്ട ആവശ്യമുണ്ടോ? ഇത് വായിച്ചതിനു ശേഷം നിങ്ങള്‍ തന്നെ അതിന്റെ ഉത്തരം പറയും.
രോഗം
ഒരു നിര്‍വചനവും അറിയാതെ തന്നെ, നല്ല ഒരു പനി വന്നാല്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളെ ഒരു രോഗിയെന്നു വിളിക്കാന്‍ കഴിയും. വിശപ്പ്, ഭയം എന്നതൊക്കെ പോലെ വാക്കുകളില്ലാതെ തന്നെ ചില രോഗാവസ്ഥകള്‍ നമുക്ക് ആന്തരികമായി അറിയാന്‍ കഴിയും. എന്നാല്‍ എല്ലാ രോഗങ്ങളും ഇങ്ങനെയാണോ? ഭ്രാന്തുള്ള ആരും ഭ്രാന്തുണ്ടെന്ന് സമ്മതിക്കില്ല എന്നു പറയും. അപ്പോള്‍ ഭ്രാന്തിനെ നമ്മള്‍ ഒരു രോഗമായി കണക്കാക്കേണ്ടതില്ലേ? ചെറിയൊരു ക്ഷീണം വന്നെന്നു വെക്കുക, അല്ലെങ്കില്‍ ഒരു വട്ടം ഛര്‍ദ്ദിച്ചു. എല്ലാം പോട്ടെ, നല്ല തല വേദന അല്ലേല്‍ നടു വേദന. ഇതൊക്കെ രോഗങ്ങളാണോ? ആയിക്കൂടായ്കയില്ലാതില്ല.ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കി ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കാന്‍ മിക്കവര്‍ക്കും സമയമോ സന്ദര്‍ഭമോ ഇല്ലാത്തതുകൊണ്ടാണ് ലോകത്ത് ഡോക്ടര്‍മാര്‍ ഉള്ളത്. എന്താണ് ഡോക്ടര്‍മാരുടെ ജോലി? ആളുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കല്‍.
പക്ഷെ, ഡോക്ടര്‍മാര്‍ പണിയെടുക്കേണ്ടതെങ്ങനെയാണ്? ആരെയാണ് അവര്‍ പരിശോധിക്കേണ്ടത്? ആര്‍ക്കാണ് ചികിത്സ നല്‍കേണ്ടത്? ചികിത്സിക്കുന്നതു കൊണ്ടാണോ രോഗം ഭേദമാകുന്നത്? ചികിത്സിച്ചില്ലെങ്കില്‍ രോഗം മാറില്ലേ? ഇതിനൊക്കെയുള്ള ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറായില്ലെങ്കിലും കുറേയധികം കാര്യങ്ങള്‍ അറിഞ്ഞുമനസ്സിലാക്കേണ്ടതായിട്ടുണ്ട്.
ശാസ്ത്രം
ശാസ്ത്രം എന്നാല്‍ എന്ത്? താന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടി മനുഷ്യന്‍ ചുറ്റും കാണുന്നതിനെ സൂക്ഷമമായി വീക്ഷിച്ച് എത്തുന്ന നിഗമനങ്ങളുടെ സ്വരച്ചേര്‍ച്ചയോടുകൂടിയുള്ള ഒരു സഞ്ചയനത്തെയാണ് നമ്മള്‍ ശാസ്ത്രം എന്നു വിളിക്കുന്നത്. അതായത്, ആര്യഭടനെയും, ഗലീലിയോയേയും, ക്യൂറിയേയും പോലെയുള്ള എണ്ണമറ്റ ശാസ്ത്രജ്ഞറും ശാസ്ത്രാവബോദ്ധം ഉള്ള വായനക്കാരും ഭൂമിയിലുള്ള സമയത്ത് തങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നത് ഒക്കെചേര്‍ത്ത് ലോകം എന്താണ് അത് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ ഊഹിച്ച് പഠിച്ച് എല്ലാം ഒത്തു വരുന്ന വിധത്തില്‍ ചേര്‍ത്ത് വച്ച് ഒരു അറിവ് ആക്കി മാറ്റിയതിനെയാണ് നമ്മള്‍ ശാസ്ത്രം എന്നു വിളിക്കുന്നത്.താനാരാന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് |
പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ ശാസ്ത്രം പുരോഗമിക്കുന്നത് മനുഷ്യന്റെ ഭാവനാശക്തിക്കും അറിയാനുള്ള ശേഷിക്കും അനുസരിച്ചാണ്. കണ്ണു കൊണ്ട് കാണാന്‍ കഴിയാത്തത്ര ദൂരെയുള്ള ഗ്രഹങ്ങളെകുറിച്ചൊക്കെ പഠിക്കാന്‍ ടെലസ്കോപ് ഇല്ലാതെ മനുഷ്യനെകൊണ്ടു പറ്റുമായിരുന്നില്ല. എന്നാല്‍ കാണാന്‍ കഴിയാത്ത ഗ്രഹങ്ങളെകുറിച്ചൊക്കെ സങ്കല്പിച്ചുവെച്ചിട്ടില്ലായിരുന്നെങ്കില്‍ അവയ്ക് വേണ്ടി ശൂന്യാകാശത്തിലേക്ക് നോക്കാന്‍ ടെലസ്കോപ്പും വെച്ച് ആരും ഇരിക്കുകയുമില്ലായിരുന്നു.
മറിച്ചും ശരിയാണ്. അറിയാന്‍ പറ്റാത്തതോ സങ്കല്പിക്കപ്പെടാത്തതോ ആയ ഒന്നിനേക്കുറിച്ചും ശാസ്ത്രം ഇല്ല. കീടാണുക്കള്‍ എന്ന ആശയം ആരുടെയോ തലയിലുദിക്കുന്നതുവരെ മൈക്രോബയോളജി ("microbiology") എന്ന ശാസ്ത്ര ശാഖ നിലവിലില്ലായിരുന്നു എന്നു തന്നെ പറയാം. പക്ഷേ അങ്ങനൊരു സൂക്ഷ്മജീവിയെ പറ്റി എത്ര പറഞ്ഞു നടന്നാലും ലെന്‍സും മൈക്രോസ്കോപ്പും കണ്ടു പിടിക്കുന്നതുവരെ കീടാണുക്കളെകുറിച്ച് അധികമാരും വ്യാകുലപ്പെട്ടിരിക്കില്ല. എന്തിന് പറയുന്നു, കീടാണുക്കള്‍ കാരണം ചില രോഗങ്ങള്‍ ഉണ്ടാവുന്നു എന്ന് ഇന്ന് പോലും ചിലര്‍ വിശ്വസിക്കുന്നില്ല. ഇതിനു കാരണം കീടാണു രോഗം സൃഷ്ടിക്കുന്നത് അവര്‍ക്ക് കണ്ണ് കൊണ്ട് (മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി പോലും) കാണാന്‍ പറ്റാത്തത് കൊണ്ടാണെന്നേ വിശ്വസിക്കാന്‍ തരമുള്ളൂ.
കാണാന്‍ കഴിയാത്തത് ഇല്ല എന്നാണോ?
അല്ല. അല്ല.ഒന്ന്. കാണാന്‍ കഴിയാത്തത് എന്ന് ആലങ്കാരികമായി പറയുന്നത് കൊണ്ടുദ്ദേശിക്കുന്നത് അറിയാന്‍ കഴിയാത്തത് എന്നാണ്. അതായത് കാഴ്ച, കേള്‍വി, രുചി, സ്പര്‍ശം, മണം, പിന്നെ ഏറ്റവും പ്രധാനപ്പെട്ടതായ ബുദ്ധി. ഇവ ഒന്നും കൊണ്ട് അറിയാന്‍ കഴിയാത്തവയാണ് നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. (ബുദ്ധികൊണ്ട് എങ്ങനെ അറിയാന്‍ കഴിയും എന്ന് ചോദ്യം മനസ്സിലുദിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് തലച്ചോറ് ഉണ്ടോ ഇല്ലയോ എന്നതിനെകുറിച്ചൊന്നാലോചിക്കുക)
രണ്ട്. അറിയാന്‍ കഴിയാത്തതിനെ പറ്റി നമുക്ക് സങ്കല്പിക്കാനേ കഴിയൂ. സങ്കല്പം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. പക്ഷെ ഈ സാധ്യതകള്‍ എപ്പോഴും തുല്യമായിരിക്കണമെന്നില്ല. ഒരു സങ്കല്പത്തിനിണങ്ങുന്ന വിധത്തില്‍ അറിവുകള്‍ വരുംതോറും ആ സങ്കല്പം ശരിയാവാനുള്ള സാധ്യത കൂടുകയും എതിരായുള്ള സങ്കല്പങ്ങള്‍ തെറ്റാവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഭൂമിയുടെ ആകൃതി തന്നെ എടുക്കാം. ഭൂമി പരന്നിട്ടാണെന്ന ഒരു സങ്കല്പം, അല്ല ഉരുണ്ടിട്ടാണെന്ന മറ്റൊരു സങ്കല്പം. ആരോ ഒരാള്‍ കപ്പലില്‍ ഒരു ഭാഗത്തേക്ക് നേരെ പോയി എവിടേം വീഴാതെ മറു ഭാഗത്തുനിന്ന് തിരിച്ചെത്തി. അങ്ങനെ ഒരു അറിവ് മുന്നില്‍ വരുമ്പോള്‍ ഉരുണ്ട സങ്കല്പം വച്ചിട്ടുള്ളവര്‍ക്ക് അത് ഒരു കുലുക്കവും ഉണ്ടാക്കുന്നില്ല. പക്ഷെ പരന്ന ഭൂമി സങ്കല്പിച്ചിട്ടുള്ളവര്‍ക്ക് ഈ അറിവ് അവരുടെ ലോകവീക്ഷണത്തില്‍ ഒരു പ്രശ്നം സൃഷ്ടിക്കുന്നു. ഭൂമിയുടെ അറ്റത്ത് സ്നേക് ഗേമിലെ പോലെ ഒരു ഭാഗത്തുനിന്നു കയറിയാല്‍ മറ്റേ ഭാഗത്തെത്തുന്ന എന്തോ ഉണ്ടോ? അതോ ഭൂമി പരന്നതല്ലേ? ഇങ്ങനെ ചോദ്യങ്ങള്‍ വരുന്നു. ക്രമേണ പരന്ന ഭൂമി എന്ന സങ്കല്പം നമ്മള്‍ ഒഴിവാക്കുന്നു.
ഇങ്ങനെ അറിവ് ആര്‍ജ്ജിക്കാന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെയാണ് പരീക്ഷണങ്ങള്‍ എന്ന് പറയുന്നത്. വിരുദ്ധമായ സങ്കല്പങ്ങളില്‍ ഒന്ന് കൂടുതല്‍ ശരിയെന്നും മറ്റേത് കൂടുതല്‍ തെറ്റെന്നും തെളിയിക്കാന്‍ പറ്റുന്ന വിധത്തിലാണ് പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്യപ്പെടുന്നത്.
ശരി. അപ്പോള്‍ വൈദ്യശാസ്ത്രം?
രോഗങ്ങളെകുറിച്ചും മനുഷ്യന്‍ ചിന്തിച്ചിട്ടുണ്ട്. രോഗങ്ങളുണ്ടാവുന്നതെങ്ങനെയെന്ന ചോദ്യത്തിന്റെ ആദ്യത്തെ ചില ഉത്തരങ്ങളാണ് ദൈവകോപം, പാപം, പൂര്‍വ്വജന്മം തുടങ്ങിയവ. പിന്നെ കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചിട്ടായിരിക്കണം ആയുര്‍വേദം പോലെയുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ സങ്കല്പങ്ങള്‍ തുടങ്ങുന്നത്. ശരീരത്തിലെ പല ദ്രാവകങ്ങളും കാണുമ്പോള്‍ അവയുടെ ഏറ്റകുറച്ചിലുകള്‍ കൊണ്ടാവാം രോഗങ്ങളുണ്ടാവുന്നത് എന്ന് സങ്കല്പിക്കാന്‍ ഭാവനാശേഷി കുറച്ചെങ്കിലും വേണം. പിന്നെ രസതന്ത്രവും, ഊര്‍ജതന്ത്രവും, ശരീരശാസ്ത്രവും ഒക്കെ വളര്‍ന്നുവരുന്നതോടുകൂടിയാണ് അതിലും സൂക്ഷമമായ പല അറിവുകളും, അതിലടിസ്ഥാനപ്പെടുത്തിയിട്ടുള്ള സങ്കല്പങ്ങളും മനുഷ്യന് കിട്ടുന്നത്.ഉദാഹരണത്തിന്, ഓസ്മോട്ടിക് പ്രഷര്‍ ("osmotic pressure") എന്ന രസതന്ത്രത്തിലെ വിഷയവും, രക്തത്തിന്റെയും രക്തകുഴലിന്റെയും ഘടനയെകുറിച്ചും ഒക്കെ അറിയുന്ന ഒരാള്‍ക്കാണ് ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ ഒട്ടും ലഭിക്കാത്ത കുട്ടിയ്ക്ക് കാലില്‍ നീര് വരുന്നത് എന്തുകൊണ്ടെന്ന് സങ്കല്പിക്കാന്‍ കഴിയുന്നത്. അങ്ങനെ ഒരറിവിന്റെ മേല്‍ മറ്റൊരറിവ് വെച്ച് വെച്ച് മാത്രമേ വൈദ്യശാസ്ത്രം ഇപ്പോള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന അറിവുകളും സങ്കല്പങ്ങളും ഉള്‍കൊള്ളാന്‍ കഴിയൂ.
മാത്രവുമല്ല വൈദ്യശാസ്ത്രത്തിന് ഒരു പ്രത്യേക പരിമിതിയുമുണ്ട്. ഒരു രോഗത്തെ അറിയാന്‍ എളുപ്പ വഴികള്‍ ഒന്നുമില്ല. ഭൂമിയിലേക്ക് പതിക്കുന്ന ഏതൊരു വസ്തുവിന്റേയും ത്വരണം ("acceleration") ഒന്നു തന്നെ എന്ന് തെളിയിക്കാന്‍ ഗലീലിയോയ്ക്ക് പിസാ ഗോപുരത്തിന്റെ മേലെ നിന്ന് രണ്ട് ഗോളങ്ങള്‍ താഴോട്ടിട്ടാല്‍ മതിയാവുമായിരുന്നിരിക്കും. പക്ഷെ, ഇന്ന രോഗാണു ശരീരത്തില്‍ കടന്നാല്‍ ഇന്ന രോഗം ഉണ്ടാവും എന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും ഒരു രോഗാണുവിനെ കുത്തിവെക്കാന്‍ മനുഷ്യാവകാശങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യ ജീവിതത്തിന്റെ വില പരിഗണിച്ച് പല പരീക്ഷണങ്ങളും നമ്മള്‍ ചെയ്യാന്‍ പറ്റാതെ മാറ്റി വെക്കുന്നതിനാലാണ് വൈദ്യശാസ്ത്രത്തില്‍ മിക്കയിടത്തും സംശയങ്ങളും, സാധ്യതകളും നിറഞ്ഞ് നില്‍ക്കുന്നത്.
മാത്രവുമല്ല, ഓരോ മനുഷ്യനും മറ്റുളളവരില്‍ നിന്നും ചെറിയ രീതിയിലെങ്കിലും വ്യത്യസ്തനാണ്.
മരുന്നുകള്‍ ശാസ്ത്രീയമാണോ?
മറുചോദ്യം: പച്ചിലമരുന്നുകള്‍ ശാസ്ത്രീയമായിരുന്നോ?
വയറ്റില്‍ അസുഖം വരുമ്പോള്‍ പൂച്ചകള്‍ ചില പ്രത്യേക ഇലകള്‍ തിന്നുന്നത് കാണാം. ആരു പറഞ്ഞിട്ടാണ് ഇതൊക്കെ തിന്നുന്നത് എന്തോ? മനുഷ്യരും ഇങ്ങനെ തലവേദന വരുമ്പോള്‍ ഇന്ന ചെടിയുടെ ഇല നീരാക്കി തലയില്‍ പുരട്ടിയാല്‍ മതി എന്നൊക്കെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.
ഏത് തിന്നുമ്പോള്‍ അല്ലെങ്കില്‍ പുരട്ടുമ്പോള്‍ അസുഖത്തിന് ശമനം വരുന്നോ, അത് ആ അസുഖത്തിന് മരുന്ന്. ഇത്രേ ഉള്ളൂ.
ആധുനിക വൈദ്യശാസ്ത്രത്തിലേ മരുന്നുകളും ഇത്രയേ ഉള്ളൂ. പലപ്പോഴും പച്ചിലമരുന്നില്‍ രോഗത്തിനെ ശമിപ്പിക്കുന്ന അംശം തന്നെയാണ് ആധുനിക മരുന്നിലും ഉള്ളടക്കം. അത് മനുഷ്യരില്‍ പരീക്ഷിച്ച് രസതന്ത്രം ഉപയോഗിച്ച് ചിലപ്പോള്‍ അതിലും നല്ല രാസവസ്തു ഉണ്ടാക്കിയാലും ആയി.
ഈ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് എങ്ങനെ, നല്ലതേത് മോശമേത് തുടങ്ങിയ ഉത്തരങ്ങള്‍ ലഭിക്കുന്നത് എങ്ങനെ എന്നൊക്കെ വിശദമായി മറ്റൊരു ദിവസം എഴുതാം. അതുവരെ ജിമ്മി മാത്യു ഡോക്ടര്‍ എഴുതിയ അറിവ് വരുന്ന വഴി വായിക്കുക.
No comments:
Post a Comment
അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു