രാഹുല്‍ ഗാന്ധിക്കെന്താ സ്വീകാര്യത പുളിക്കുമോ?

മനോരമ ന്യൂസ്‌ "കൌണ്ടര്‍ പോയിന്റ്‌ " പരിപാടിയില്‍ ഇന്ന് ഒരു ചര്‍ച്ച കണ്ടു. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കേരള സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ലക്‌ഷ്യം എന്ത് എന്നൊക്കെ അര്‍ഥം വരുന്ന ഒന്ന്.
രാഷ്ട്രീയത്തിലെ അപക്വ ശിശുവായ രാഹുല്‍  ഗാന്ധിയെ രക്ഷിച്ചു കൊണ്ട് വരിക എന്നാ ഉദ്ദേശത്തില്‍ രാഷ്ട്രീയ ഉപദേഷ്ടാക്കള്‍ പറഞ്ഞതനുസരിച്ച് നടത്തിയ ഒരു നാടകം എന്ന് ഇതിനെ വിശേഷിപ്പിച്ചു കേട്ടു.

സമ്മതിച്ചു. എല്ലാം ശരി എന്ന് തന്നെ വെച്ചോ. രാഹുല്‍ ഗാന്ധി സ്വീകാര്യത വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇത് ചെയ്യുന്നത്. എന്ന് വച്ച് നിങ്ങള്‍ക്കെന്താ?

ഏതായാലും രാഹുല്‍ ഗാന്ധി പോയി പോയി പ്രധാന മന്ത്രിയായാല്‍ വരെ സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. പിന്നെ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ എന്താ?

ഒബാമയയെ ഓര്‍ക്കാന്‍  സമയമായി . ഓര്‍മ്മയുണ്ടോ ? അമേരികന്‍ പ്രസിഡന്റ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഓര്‍മ്മയുണ്ടോ? അമേരിക്കയില്‍? തനിക്കു രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ "എനിക്കറിയാം വാഷിങ്ങ്ടന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങന്നെയെന്നു പഠിക്കാന്‍ ഞാന്‍ അധികം സമയം ചിലവിട്ടിട്ടില്ല, പക്ഷെ വാഷിങ്ങ്ടനിന്റെ പ്രവര്‍ത്തനം മാറണം എന്ന് മനസിലാക്കാന്‍ മാത്രം കാലം ഞാന്‍ അവിടെ നിന്നിട്ടുണ്ട്" (I know that I haven't spent a lot of time learning the ways of Washington, but I've been there long enough to know that the ways of Washington must change) എന്ന് പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു പ്രതീക്ഷയുടെ പുല്നാംബിട്ടു അത് വളര്‍ത്തി വലുതാക്കി സ്വന്തം വിജയത്തിന്റെ പുളിം കൊമ്പാക്കി മാറ്റിയ ഒബാമയെ ?

ഒന്നാലോചിച്ചു നോക്ക് കത്തിക്കയറുന്ന പ്രസംഗവും "പ്രതീക്ഷ", "മാറ്റം" എന്ന രണ്ടു വാക്കുകളും ഇല്ലായിരുന്നെങ്കില്‍ 2009ഇല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേദ ആഘാ സോല്ടാനു പോയേനെ ...

അപ്പൊ പിന്നെ രാഹുല്‍ ഗാന്ധിക്കെന്താ പ്രധാന മന്ത്രിയായാല്‍?
അല്ല, ഷാരൂഖ്‌ ഖാന്റെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമോ എന്ന് ചോദിച്ചപ്പോള്‍  ശിവ് സേന അണികള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് ഞാന്‍ എങ്ങിനെ ഉറപ്പു തരും എന്ന് തിരിച്ചു ചോദിച്ച ശിവ സേന നേതാവിന്റെ രാഷ്ട്രീയത്തെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും എതിര്‍ത്ത്  ഇന്ത്യയെ ഒന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ, ഇന്ത്യയിലെ യുവത്വതിന്റെയും, പ്രതീക്ഷയുടെയും പേരിലെങ്കിലും പ്രധാന മന്ത്രി ആക്കുകയല്ലേ വേണ്ടത്?

അല്ല ഇതും നാടകം ആണ്, രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടിയല്ല സ്വന്തം രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് രാഷ്ട്രത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എന്നോട് പറയാന്‍ പോകുന്നവരോട് ഞാന്‍ ചോദിക്കട്ടെ: എന്തിനു വേണ്ടിയായാലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയ്ക്ക് ഗുണം അല്ലെ ഉണ്ടാവുന്നുള്ളൂ?

അങ്ങനെ ഇന്ത്യയെ ഒന്നാക്കി രാഹുല്‍ ഗാന്ധി നേടുന്നതെല്ലാം അദ്ദേഹം എടുത്തു കൊള്ളട്ടെ.