മുന്‍കൂര്‍ ജാമ്യം: ഇന്നലെയും ഇന്നും ആയി മനോരമ ന്യൂസില്‍ ആകെ ഒരു പത്തു പതിനഞ്ചു മിനിട്ട് വാര്‍ത്ത കേട്ടപ്പോള്‍/കണ്ടപ്പോള്‍ ശ്രദ്ധിച്ച രണ്ടേ രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ഒച്ചപ്പാട്. സ്ഥിരമായി വാര്‍ത്ത കേള്‍ക്കാനുള്ള ഒരു മൂഡില്‍ അല്ല ഇപ്പോള്‍ ഉള്ളത് (മെഡിക്കല്‍ എന്ട്രന്‍സ് ഒന്ന് കഴിഞ്ഞോട്ടെ)
-----------------------
ഒന്ന്) ദിലീപ് പറഞ്ഞത്രേ "കേരളത്തില്‍ നിന്ന് ജൂറിയില്‍ അംഗങ്ങള്‍ ഇല്ലാത്തതു മാത്രം കൊണ്ടാണ് സലിം കുമാറിന് അവാര്‍ഡ് കിട്ടിയത്" എന്ന്. അതിന്റെ സത്യാവസ്ഥയല്ല എന്റെ ചോദ്യം. അത് ദിലീപ് പറഞ്ഞതാണോ അതോ ദിലീപിനെ കൊണ്ട് പറയിപ്പിച്ചതാണോ ?
ആ നിമിഷം ഞാന്‍ ലൈവ് ആയി കണ്ടതാണ് . സലിം കുമാറിന് അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് അവതാരകന്‍ ദിലീപിനോട് ചോദിച്ചു വളരെ സന്തോഷം എന്നൊക്കെ പറഞ്ഞു ദിലീപ്. എന്നിട്ട് അവതാരകന്‍ കുത്തി ചോദിച്ചു "നേരത്തെ പലരും പറഞ്ഞത് പോലെ (ഏതൊക്കെയോ പേരും പറഞ്ഞു, അത് ഞാന്‍ ഓര്‍ക്കുന്നില്ല. കാരണം അപ്പോള്‍ അതിനു പ്രാധ്യാനം ഉണ്ടായിരുന്നില്ല) കേരളത്തില്‍ നിന്ന് ജൂറി ഇല്ലാത്തതു കൊണ്ടാണോ സലിം കുമാറിന് അവാര്‍ഡ് കിട്ടിയത് എന്ന്. അങ്ങനെ ചോദിച്ചപ്പോള്‍ ഒരു ലൈവ് ഫോണ്‍-ഇന്‍ ഇന്റര്‍വ്യൂവില്‍ ദിലീപ് വളരെ പെട്ടെന്ന് (മിക്കവാറും ചിന്തിക്കാതെ) ചോദ്യത്തിന്റെ ടോണിനു അനുസൃതമായി പറഞ്ഞ ആ ഉത്തരം മിനിട്ടുകള്‍ക്ക് ശേഷം മനോരമ ന്യൂസ് അടിയില്‍ എഴുതി കാണിക്കാന്‍ തുടങ്ങി ദിലീപിന്റെ മാത്രം പേരില്‍!!
രണ്ട്) പ്ലസ് ടു റിസള്‍ട്ട് വന്നു കഴിഞ്ഞ ഉടനെ റിപ്പോര്‍ട്ടര്‍ (കയ്യില്‍ ഒരു കടലാസും പിടിച്ചു എല്ലാം ഒഫീഷ്യല്‍ ആയ കാര്യങ്ങളാണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന ഇഫക്റ്റ് വരുത്തിച്ചു കൊണ്ട് ) കേരള എഞ്ചിനീയറിംഗ് എന്ട്രന്‍സ് ഫലത്തില്‍ യോഗ്യത പരീക്ഷയുടെ മാര്‍ക്ക് കൂടി കൂട്ടും എന്നതിനാല്‍ ഇപ്പോള്‍ എന്ട്രന്‍സ് ഫലത്തിന് മുന്‍പ് പ്ലസ് ടു ഫലം വന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്നു . മാത്രമല്ല ഇനി ഇപ്പോള്‍ എന്ട്രന്‍സ് ഫലത്തിനോട് പ്ലസ് ടു മാര്‍ക്ക് കൂടി കൂട്ടി ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നും പറഞ്ഞു.
സി ബി എസ് ഇ പ്ലസ് ടു ഫലം പുറത്തു വന്നിട്ടില്ല എന്ന് ഈ റിപ്പോര്‍ട്ടര്‍ മറന്നതാണോ അതോ അറിയാത്തതാണോ എന്നറിയില പക്ഷെ ഈ വാര്‍ത്ത ഒഫീഷ്യല്‍ അല്ല എന്നും ആ റിപ്പോര്‍ട്ടറുടെ ഭാവനയില്‍ ഉണര്‍ന്നത് ആണെന്നും സംശയമില്ല. (ഞാന്‍ ഉദ്ദേശിച്ചത് സംശയം ഉണ്ട് എന്നാണു) അങ്ങനെ ആണെങ്കില്‍ വാര്‍ത്ത ചാനലുകളില്‍ പറയുന്ന വാര്‍ത്ത തനിയെ ഉണ്ടാക്കുന്ന പ്രകൃതിദത്തമായ വാര്‍ത്തകള്‍ ആണോ?
വാര്‍ത്തകള്‍ ഇങ്ങനെ സ്വയം സൃഷ്ടിക്കുക ആണെങ്കില്‍ ബ്ലോഗ്ഗര്‍ ബെര്‍ളിയും മനോരമ ന്യൂസും തമ്മില്‍ എന്ത് വ്യത്യാസം?