അന്ധകാരത്തിന്റെ അഗാധങ്ങളിലും ടോര്‍ച്ചുമായെത്തും മലയാളി

മൈസൂരില്‍ ഞാന്‍ പത്രം വായിക്കാറില്ല. എന്തുകൊണ്ടോ എന്തോ, ഇവിടത്തെ വാര്‍ത്തകള്‍ എനിക്കിഷ്ടമല്ല. അതൊക്കെ കേരളം.

കഴിഞ്ഞേന്റെ മുന്നറ്റത്തെ പ്രാവശ്യം ഞാന്‍ വീട്ടില്‍ പോവുമ്പം നിയമസഭയിലെ കൂട്ടയടി ആയിരുന്നു വാര്‍ത്ത. ഇപ്രാവശ്യം പോയപ്പം പുതിയ സംഗതിയാണ് - കൊറച്ച് ആധുനികമാണ് പേരെങ്കിലും ആര്‍ഷഭാരത ചിന്താഗതിയില്‍ ഉയിര്‍കൊണ്ട "മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍".

മട്ടന്നൂരമ്പലത്തിലെ ഉത്സവപറമ്പീന്നാണ് ജാലവിദ്യാ രഹസ്യങ്ങളും കണ്‍കെട്ടു വിദ്യകളും എന്ന ഒരു പുസ്തകം പത്തു വയസ്സിന്റടുത്തുള്ളപ്പോള്‍ ഞാന്‍ വാങ്ങി വായിക്കുന്നത്. "ഞായറാഴ്ച പുലര്‍ച്ചക്ക് തെക്കൊട്ട് നോക്കി നിക്കുന്ന ഓന്തിനെ ഒറ്റ വെട്ടിന് രണ്ടാക്കി തല കഷ്ണം ചതച്ചരച്ച് അമ്പലമുറ്റത്തുണക്കാനിട്ട് ഉണ്ണി മൂത്രം തളിച്ച് ആ പൊടിയെടുത്ത് കാലില്‍ തേച്ച് വെച്ചാല്‍ വെള്ളത്തിന് മുകളില്‍ കൂടി നടക്കാം..."ന്ന് തുടങ്ങി പല വിദ്യകളും അതിലുണ്ടായിരുന്നു. അതൊക്കെ പച്ചില പെട്രോളാണെന്ന് മനസ്സിലാക്കാന്‍ അതു ചെയ്തു നോക്കാന്‍ തുടങ്ങുമ്പം അമ്മ വന്ന് ചീത്ത പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറും നാലാം ക്ലാസുകാരന്റെ പുത്തി മാത്രം മതിയാര്ന്നു.

പറയുമ്പം എല്ലം പറയണല്ലോ. വിവരമില്ലാത്തവനല്ല മലയാളി, നേരെ മറിച്ച് ബുദ്ധി കൂടി വട്ടായതാണ്. വെറുതെ വല്ലവനും വല്ലതും വന്നു പറഞ്ഞാല്‍ നമ്മള് വിശ്വസിക്കൂല. ശാസ്ത്രീയത വേണം. (അതെന്താന്ന് മാത്രം ചോദിക്കരുത്)

അതു കൊണ്ടാണ് അര മണിക്കൂര്‍ "പ്രഭാഷണ"ത്തില്‍ അമ്പതു പ്രാവശ്യം "അള്‍ട്രാ മോഡേണ്‍ സയന്‍സ്" എന്നു വിളമ്പുന്ന ഗോപാലകൃഷ്ണന്മാര്‍ക്കും, മൊബൈല്‍ ടവറുകള്‍ വന്നതു കാരണം അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കു വംശനാശം സംഭവിച്ചു എന്ന് പറഞ്ഞ് കൈയ്യടി വാങ്ങുന്ന സ്വാമിജിമാര്‍ക്കും മാത്രം കേരളത്തില്‍ സിനിമാ നടന്‍മാരേക്കാള്‍ ആരാധകര്‍.

സ്വന്തം മതഗ്രന്ഥത്തില്‍ ലോകത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു എന്ന വിശ്വാസം പലരെയും രക്ഷിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അങ്ങോട്ട് കേറി ഒരു പ്രശ്നവും ഉണ്ടാക്കാത്തത്. പക്ഷെ നമ്മള്‍ മിണ്ടാണ്ടിരിക്കുമ്പം ബാക്കിയുള്ളവര്‍ക്ക് പണിയുണ്ടാക്കാനിറങ്ങിതിരിക്കുന്നവര്‍ക്ക് ഒരു ചോദ്യം. ലോകത്ത് പുതിയതായി കണ്ടുപിടിക്കുന്ന ഓരോ സാധനങ്ങളും പണ്ടു മുതലേ നിങ്ങള മുത്തച്ഛന്മാര്‍ക്കറിയാര്ന്നൂന്ന് പറയുന്നതല്ലാതെ മേലെ പറഞ്ഞ ഗ്രന്ഥം വായിച്ചിട്ട് നിങ്ങക്ക് സ്വന്തമായിട്ടെന്തെങ്കിലും കണ്ടുപിടിച്ചൂടേ? ലോകനന്മക്കായിട്ട്?

ഇനി ഇതൊക്കെ കണ്ടു അന്തം വിട്ടു നിക്കുന്നവര്‍ക്ക് ഒരു എളുപ്പ വിദ്യ പറഞ്ഞു തരാം. നിങ്ങള് ലോകത്ത് വല്ലതും ഒക്കെ കണ്ടൂന്നു വെക്കുക. അതിന്റെ കാരണം മിക്കവാറും അതിന്റെ ഏറ്റവും സരളമായ വിശദീകരണമാവും. (ഒക്ഹാമിന്റെ ക്ഷൗരകത്തി). കണ്ണു കെട്ടി വായിക്കുന്നുണ്ടെങ്കില്‍ കെട്ടിയത് ശരിയില്ലാന്നു തന്നെ. അല്ലാതെ തലച്ചോറിന്റെ പ്രവര്‍ത്തന രഹിതമായ ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ കണ്ണിലാതെ കാണാം, ചെവിയില്ലാതെ കേള്‍ക്കാം എന്നു പറഞ്ഞു ആരെങ്കിലും വരികയാണെങ്കില്‍ ആ അതിബുദ്ധിമാന്റെ കണ്ണുകള് ഒക്ഹാമിന്റെ തന്നെ കത്തി വച്ചങ്ങ് കുത്തി പൊട്ടിച്ച് കൊടുത്തേക്ക് - അവന്മാര് മിഡ്ബ്രെയിന്‍ വെച്ച് ജീവിച്ചോളും.

പിന്നെ സമയം കിട്ടുവാണെങ്കില്‍ ഗോപിനാഥ് മുതുകാട് എന്ന മഹാനായ, നല്ലവനായ മാന്ത്രികന്റെ താഴെ കൊടുത്തിരിക്കുന്ന പത്ര സമ്മേളനവും കണ്ടേക്കൂ.

No comments:

Post a Comment

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു