വെറുതേ തരുന്ന പാഷാണം വിഴുങ്ങിയേ മതിയാവൂ എന്നുണ്ടോ?

ഇന്ന് വൈകുന്നേരം എന്റെ ഫോണില് വന്ന സന്ദേഹജനകമായ സന്ദേശം
"ഫ്രീ ഇന്റര്‍നെറ്റിനെ പിന്തുണയ്ക്കുന്നുവെങ്കില്‍, 18002661100ലേക്ക് ഒരു മിസ്‌കോള്‍ നല്‍കൂ"
കേട്ടാല്‍ ആരാ മിസ്കാള്‍ അടിക്കാണ്ടിരിക്കുവ അല്ലേ?

ഒന്നുമില്ലേലും കയിഞ്ഞ കൊറേ ആഴ്ച ടീവീലും പത്രത്തിലും നെറഞ്ഞൊഴുകീതല്ലെ - നെറ്റ് ന്യൂട്രാലിറ്റി, എല്ലാ വെബ്സൈറ്റളും ഒരോരുത്തറുക്കും ഒരേ പോലെ ആയിരിക്കണം എന്ന വേള്‍ഡ് വൈഡ് വെബിന്റെ അടിസ്ഥാന തത്വം. അപ്പൊ പിന്നെ അതെല്ലം തന്നെ ആയിരിക്കും ഇവിടെ ഉദ്ദേശിക്കുന്നത്. അടിച്ചേക്കാം ഒരു മിസ്കോള്‍ - നമ്മക്ക് നഷ്ടൊന്നുമില്ലല്ലോ.

അങ്ങനെ പറഞ്ഞ് മിസ്കോള്‍ അടിച്ച് വിടുന്ന മണ്ടന്മാര്‍ കൊറെ ഉണ്ട്ന്നറിഞ്ഞിട്ട് തന്നെ എന്തോ ഗൂഢോദ്ദേശവുമായി ആരോ തുടങ്ങിയതാണ് ഈ പരിപാടി എന്ന് തോന്നിയതു കൊണ്ടാവണം എന്റെ പ്രിയ സുഹൃത്ത് അനിവര്‍ ഒരു മിസ്കോള്‍ അടിച്ചു - ആരാ ഇതിന്റെ പിന്നിലെ അദൃശ്യ ശക്തി എന്നറിയാന്‍.

ശടേ..ന്നു വന്നു ഉത്തരം. ഭാരത മഹാരാജ്യത്തു മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ള എല്ലാര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, അവര്‍ക്കു മനസ്സിലാക്കാനായി ഒന്നും എഴുതാതെ ഒരു നമ്പറ് മാത്രം വെച്ച് ഈ മിസ്കോള്‍ യജ്ഞം നടത്തുന്നത് മറ്റാരുമല്ല - സ്വന്തം പ്രജകളെ "വിഡ്ഢി കൂശ്മാണ്ഡങ്ങള്‍" എന്നു വിശേഷിപ്പിച്ചിരുന്ന, ഇപ്പോ പ്രജകളൊന്നും പണ്ടത്തെ പോലെ പെറ്റു പടരാത്തതുകൊണ്ട് തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന വാനരവേലകളൊക്കെ കാട്ടി അവരെ പിടിച്ചു നിര്‍ത്തുന്ന ഫെയ്സ്‍ബുക്ക് രാജ്യത്തെ സക്കര്‍ബര്‍ഗ്ഗ് തമ്പുരാന്‍  തന്നെ.

മിസ്കോള്‍ അടിക്കുമ്പോ കിട്ടുന്ന സന്ദേശം. കടപ്പാട്: അനിവര്‍
വ്യക്തിഹത്യ, ചരിത്രം തോണ്ടല്‍ തുടങ്ങിയവ ഒരു സംവാദത്തിനു യോജിച്ചതല്ല എന്നെനിക്കു നന്നായറിയാം. പക്ഷെ എതിരാളി അതിശക്തനാണെന്നതിനാലും, നാക്കെടുത്താല്‍ അര്‍ദ്ധസത്യങ്ങളല്ലാതെ മറ്റൊന്നും പറയില്ലെന്നതിനാലും, പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എന്റെ തരത്തിനും താഴേക്ക് (ഫെയ്സ്‍ബുക്കിന്റെ തലത്തിലേക്ക്) പോവുകയാണ്.

കളിയിലെ വില്ലന്‍ താരം internet.org എന്ന വ്യാജ പേരിലോടുന്ന "ഫെയ്സ്‍ബുക്ക് സീറോ" ആണ്.

എന്താണ് internet.org അഥവാ ഫെയ്സ്‍ബുക്ക് സീറോ?
ഒരു രണ്ടു വര്‍ഷത്തോളമായി പല പിന്നോക്ക രാജ്യങ്ങളിലും (ഇന്ത്യ ഉള്‍പ്പടെ, കേള്‍ക്കുന്നില്ലേ സംഖികളെ?) പാവപ്പെട്ടവര്‍ക്കും ഇന്റര്‍നെറ്റ് കിട്ടാത്തവര്‍ക്കും "ഇന്റര്‍നെറ്റ്" എത്തിച്ചു കൊടുക്കുക എന്ന വ്യാജേനെ ഫെയ്സ്‍ബുക്ക്, വിക്കിപീഡിയ, പിന്നെ കുറേ വാര്‍ത്താ വെബ്സൈറ്റുകള്‍, കാലാവസ്ഥ, ‍ജ്യോതിഷം, പിന്നെ ആരോഗ്യം എന്ന പേരില്‍ എന്തൊക്കെയോ കുറേ കാട്ടി കൂട്ടി വെച്ചിട്ടുള്ളവ - ഇങ്ങനെ ഫെയ്സ്‍ബുക്കുകാര്‍ക്ക് സൗകര്യമുള്ള കൊറേ വെബ്സൈറ്റുകള്‍ "അടിസ്ഥാന സൗകര്യങ്ങള്‍" എന്നു പറഞ്ഞ് നല്കുന്ന ഒരു തട്ടിപ്പ്.
(ലിസ്റ്റ് ഇന്ത്യക്കു മാത്രം ബാധകം, ഇവിടെ നിന്നും സംഖടിപ്പിച്ചത്)

ഫെയ്സ്‍ബുക്ക് മാത്രം സൗജന്യമാക്കി നല്കിയാല്‍ കള്ളി വെളിച്ചെത്താവുമെന്ന് അറിയുന്നോണ്ടായിരിക്കണം കൂടെ കൊറെ പേരെ പേരിന് കൂട്ടിയത്.

അതിപ്പം ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തേലുമൊക്കെ?
ആണോ? ചെലപ്പോഴൊക്കെ ആണ്. പക്ഷെ കൊല്ലുന്നത് ഫെയ്സ്‍ബുക്ക് ആണെങ്കില്‍ ചാവുന്നത് പ്രതിയോഗികളും, ഓപ്പണ്‍ വെബ്ബും, പിന്നെ നമ്മളൊക്കെ തന്നെ ആയിരിക്കും എന്ന നിലക്ക് ഒന്നുമില്ലാത്തതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. രണ്ടു കാരണങ്ങള്‍ പറഞ്ഞൊതുക്കാം.

ഒന്നാമത് ഫെയ്സ്‍ബുക്ക്കാര് മതിലു വെച്ച ഉദ്യാനങ്ങള്‍ (walled gardens) നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയില്‍ വിരാജിക്കുന്നവരാ. അതായത് അവര്‍ എത്ര വല്ല്യ അന്യായങ്ങള്‍ കാണിച്ചാലും നിങ്ങള്‍ക്ക് പുറത്തുപോയി രക്ഷപ്പെടാന്‍ പറ്റില്ലാത്തൊരു അവസ്ഥ സൃഷ്ടിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നവര്‍.  ഒരു മാതിരി ജന്മിമാര്‍ പാവപ്പെട്ട കര്‍ഷകന്മാരെ കുടുക്കുന്നതു പോലെ, സ്വകാര്യ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കുടുക്കുന്നതു പോലെ. അങ്ങനെയൊരു കാരാഗൃഹത്തിലേക്ക് ഗൃഹാതുരത്വത്തോടുകൂടി ഫെയ്സ്‍ബുക്ക് ആളുകളെ വിളിച്ചു കയറ്റുകയാണ് -- വടകര-കോഴിക്കോട് പാതയിലോടുന്ന ബസ്സിന്റെ കിളിയെ പോലെ.

എന്നിട്ട് നമ്മള് ഫെയ്സ്‍ബുക്കില് ഒരു പേജ് ഇഷ്ടപ്പെട്ടു എന്നു വെക്കുക. ആ പേജില്‍ പാവം ഇടുന്ന പോസ്റ്റുകള്‍ നമ്മള്‍ കുറേ പേരെങ്കിലും കാണണം എന്നുണ്ടെങ്കില് അതിന്റെ ഉടമസ്ഥന്‍ അവര്‍ക്ക് ചക്ക ചുള പോലെ ഡോളര്‍ എണ്ണി കൊടുക്കണം. പിന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്യക്കാര്‍ക്കു വിറ്റ് കൊടുക്കുക, തോന്നുന്ന പോലെ പോസ്റ്റുകള്‍ നീക്കം ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യം തടയുക തുടങ്ങി കേസുകള് വേറേം ഉണ്ട്. അപ്പോള്‍ ഭൂലോകത്തെ സകലമാനം ആളുകളേം ഫെയ്സ്‍ബുക്കില്‍ തളച്ചിട്ടാല്‍ ആര്‍ക്കാ ലാഭം? ലാഭം അവരെടുത്തോട്ടെ, ആര്‍ക്കാ നഷ്ടം? ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം സൗജന്യം കിട്ടിയ പാവത്തിനു പോലും നഷ്ടം വരുമെന്ന്.

ങേ? അതെങ്ങനേ?
ഇന്റര്‍നെറ്റ് ഒരു പൊതു സ്വത്താണ്. അതില് എല്ലാവര്‍ക്കും അവകാശമുള്ളതാണ് - പണക്കാരനും പാവപ്പെട്ടവനും, ഇന്റര്‍നെറ്റ് സമുദ്രത്തിലെ തിമിംഗലങ്ങളായ ഗൂഗിളിനും ഫെയ്സ്‍ബുക്കിനും മുതല്‍ തട്ടീം മുട്ടീം ബ്ലോഗെഴുതി ജീവിച്ചു പോന്ന ബെര്‍ളിച്ചായന്മാര്‍ക്കു വരെ. അതങ്ങനെ ഒരു കൂട്ടര്‍ക്കും കുടുംബ സ്വത്താക്കി വെക്കാനുള്ള അവകാശം നമ്മളായിട്ട് ഉണ്ടാക്കികൊടുക്കരുത്. അല്ലാന്നുണ്ടെങ്കില് അതിനു നമ്മളൊക്കെ വലിയ തുക നല്കേണ്ടി വരും.

അപ്പോ ഈ മിസ്കോള്?
ങാ! ഇനി ആ പറഞ്ഞ തട്ടിപ്പിലേക്കു വരാം. ഈ അടുത്ത് ട്രായി ഇന്റര്‍നെറ്റ് സേവനങ്ങളെ ഒതുക്കി തീര്‍ക്കാന്‍ ഒരു പേപ്പര്‍ ഇറക്കിയതും അതിനു ശേഷം നടന്ന പുകിലുകളും നിങ്ങള്‍ ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.

ഇന്റര്‍നെറ്റ് റീചാര്‍ജ്ജ് ചെയ്തതാണെങ്കിലും, ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് (എയര്‍ടെല്, റിലയന്സ്, തുടങ്ങിയവയ്ക്ക്) അധികം പൈസ കൊടുക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു വകുപ്പ് കൊണ്ടു വന്നാലോ എന്നൊക്കെ ചോദിച്ചോണ്ടായിരുന്നു ട്രായി വന്നത്. അതായത് ഇപ്പം 1GB 3G റീചാര്‍ജ്ജ് ചെയ്ത ആള്‍ക്ക് വാട്സാപ്പില്‍ ഒരു ചളി ഫോര്‍വേഡ് അയക്കണെങ്കില് വേറെ തന്നെ ഒരു വാട്സാപ്പ് റീചാര്‍ജ്ജ് കൊണ്ടുവരാന്‍. അതല്ലെങ്കില്‍ വേറെയും കൊറേ നിര്‍ദ്ദേശങ്ങള്‍ - വെബ് സേവനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, അവരുടെ വരുമാനം പങ്കു വെപ്പിക്കുക തുടങ്ങി പലതും.

ഇതൊക്കെ വെബ്ബിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ നെറ്റ് ന്യൂട്രാലിറ്റിയെ കടപുഴക്കി എറിയുന്ന വിധത്തിലുള്ളതാണ്.

ഈ കൊടുങ്കാറ്റിന്റെ എടേല് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പോലാണ് സീറോ റേറ്റിംഗ് എന്ന വിദ്യയുമായി ഫെയ്സ്‍ബുക്ക് (എയര്‍ടെലുമുണ്ട് കൂട്ടിന്). സീറോ റേറ്റിംഗ് എന്നു വെച്ചാല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപഭോക്താവിന്റേന്ന് പൈസ വാങ്ങാതിരിക്കുന്ന ഒരു പരിപാടിയാണ്.

നല്ലതല്ലേ?
നല്ലതാണ്, എപ്പോ? ഏതു വെബ്സൈറ്റും ഒരേ പോലെ സൗജന്യമാണെങ്കില്. പണക്കാര്‍ക്കു വേണ്ട. പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രം മതി. കണക്കില്ലാത്തത്രയൊന്നും വേണ്ട, മാസം ഒരു കാല്‍ ജി.ബി.യോ മറ്റോ മതീന്നേ. അല്ലെങ്കില്‍ വൈഫൈ ആയിക്കോട്ടെ. പാഠശാലകളിലും, ഗ്രന്ഥാലയങ്ങളിലും ഒക്കെ പൊതു വൈഫൈ വരട്ടെ. വിവരമുള്ളവര്‍ പലരും ഇങ്ങനെ പലതും തലസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുമുണ്ട്.

അങ്ങനെ കുറേ നല്ല മനുഷ്യര്‍ ചേര്‍ന്ന ഒച്ചപ്പാടുണ്ടാക്കിയോണ്ടാണ് എയര്‍ടെല്‍ സീറോ എന്ന പരിപാടീന്ന് ഫ്ലിപ്പ്കാര്‍ട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി ദൂരെ പോയത്. എന്താന്ന് വെച്ചാല്‍ എയര്‍ടെല്‍ സീറോയും ഫെയ്സ്‍ബുക്ക് സീറോ പോലെ തെരഞ്ഞെടുക്കപ്പെട്ട വെബ്ബ് സേവനങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ചിട്ടുള്ള സംഗതിയായിരുന്നു. അങ്ങനെ ഒരു സംവിധാനത്തില്‍ ഒരു എതിരാളി സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചേരുന്നുണ്ടായിരുന്നെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ട് എന്ന വാക്കു പോലും ഇന്ന് ആരും കേട്ടിട്ടുണ്ടാവില്ലായിരുന്നു എന്ന ബോധോദയം ഫ്ലിപ്പ്കാര്‍ട്ട്കാര്‍ക്ക് വന്നപ്പോ അവര് മെല്ലെ സ്ഥലം കാലിയാക്കി. കൂടെ internet.org (ഫെയ്സ്‍ബുക്ക് സീറോ)ല്‍ നിന്നും ക്ലിയര്‍ട്രിപ്പ്, എന്‍.ഡി.ടി.വി. തുടങ്ങിയവരും ഇറങ്ങിപ്പോയി.

ആഹാ?
പക്ഷെ സക്കര്‍ബര്‍ഗ്ഗിന്റത്ര തല വേറാര്‍ക്കും ഉണ്ടാവൂല. പണി പാളുന്നു എന്നു കണ്ട ഉടനെ അദ്ദേഹം സര്‍വ്വശക്തിയുമെടുത്ത് പോരാട്ടം തുടങ്ങി. എന്തൊക്കെയായിരുന്നു - ഫെയ്സ്‍ബുക്കില്‍ തന്നെ സ്പോണ്‍സേര്‍ഡ് പോസ്റ്റ് ഇന്റര്‍നെറ്റ് ഓര്‍ഗ്ഗിന്റെ മഹിമകളെ കുറിച്ച്, അത് കഴിഞ്ഞ് change.org എന്ന വെബ്സൈറ്റില്‍ (ട്രായി പേപ്പര്‍ വന്നപ്പോ അതിനെതിരായി 3 ലക്ഷത്തിലധികം പേര്‍ നിവേദനം ഒപ്പിട്ട സ്ഥലം) എങ്ങനെ ഏത് എന്നൊന്നും പറയാതെ "ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും എത്തിക്കൂ" എന്ന തലക്കെട്ടില്‍ ഒരു നിവേദനം, ആളെ പറ്റിക്കുാന്‍ ഒരു ആനിമേഷന്‍ വീഡിയോ, internet.org ആര്‍ക്കും ചേരാവുന്ന ഒരു ഇടം ആക്കി മാറ്റുന്നു എന്ന പ്രസ്താവന പക്ഷെ https പാടില്ല, ജാവാസ്ക്രിപ്റ്റ് പാടില്ല തുടങ്ങിയ നിബന്ധനകള്‍...

അങ്ങനെ പലതും പയറ്റിയതിനുശേഷം അടുത്ത അങ്കത്തിലേക്കു ചെല്ലുമ്പോള്‍ (മിക്കവാറും അംബാനീന്റെ കൂടെ 7, RCR-ിലേക്ക് വെച്ചു പിടിക്കാനായിരിക്കും പദ്ധതി) ഒരു ധൈര്യത്തിനു കൂടെ കരുതാന്‍ "സേവ് ദി ഇന്റര്‍നെറ്റ്"കാരുടെ പത്തു ലക്ഷം ഇ-മെയിലുകള്‍ എന്ന എണ്ണത്തെ ചെറുതായി കാണിക്കാന്‍ പോന്ന ഒരു സംഖ്യ വേണം. അതിനു വേണ്ടിയുള്ള ഒരു ഉഡായിപ്പ് വേല മാത്രമാണ് അന്തവും കുന്തവും ഇല്ലാത്ത ഈ മിസ്കോള്‍ പ്രയാണം എന്നു കരുതാനേ നിര്‍വ്വാഹമുള്ളൂ.

എന്തായാലും സക്കര്‍ ചേട്ടാ, കഴിവും അവസരവും ഭാഗ്യവും കൊണ്ട് കലാലയ ജീവിതത്തില്‍ തന്നെ വന്‍ വിജയമായി തീര്‍ന്ന അങ്ങ് സ്വന്തം വെബ്സൈറ്റിന്റെ നിലവാരവും, ഉപയോഗ്യതയും തുടര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരുന്നതിനു പകരം ആര്‍ത്തി മൂത്ത് ഇന്റര്‍നെറ്റിനെ വരെ പണയം വെച്ച് ബാക്കിയുള്ളവരുടെ പിച്ചചട്ടീല്‍ കയ്യിട്ടുവാരാന്‍ നടത്തുന്ന ഈ അക്ഷീണ പരിശ്രമമുണ്ടല്ലോ, ഇന്റര്‍നെറ്റിനെയും അതിന്റെ മൂല്യങ്ങളെയും സ്നേഹിച്ച് വളര്‍ന്നുവന്ന ഒരു തലമുറ ഇവിടെ ഉള്ളെടത്തോളം കാലം അതു വിജയിക്കില്ല, വിജയിക്കാന്‍ സമ്മതിക്കില്ല.

അതിനു കലക്കി വെച്ച വെഷമൊക്കെ നിങ്ങള്‍ തന്നങ്ങ് കണ്ണടച്ച് കുടിച്ചേക്ക്.

No comments:

Post a Comment

അഭിപ്രായ സ്വാതന്ത്ര്യം മാക്സിമം ദുരുപയോഗം ചെയ്തോളു