"താങ്കള്‍ നായയെ ശ്രദ്ധിച്ചോ?" "ഇല്ല, അത് ശബ്ദിച്ചതേ ഇല്ലല്ലോ " "അതെ അതുതന്നെയാണ് ഞാന്‍ ശ്രദ്ധിച്ചോ എന്ന് ചോദിച്ചത്"

ഞാന്‍ കുറെ ദിവസമായി എവിടെയായിരുന്നു എന്ന് ആര്ക്കും ഒരു സംശയവും ഉണ്ടായിട്ടുണ്ടാകില്ല എന്നറിയാം. എങ്കിലും കഴിഞ്ഞ മാസം ശ്രീ അച്ചുതാനന്ദനും ശ്രീ സുകുമാര്‍ അഴീക്കോടും ഒക്കെ ശൂന്യതയില്‍ നിന്നു വാര്‍ത്തകള്‍ സൃഷ്ടിച്ചു പത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ എങ്കിലും വളര്ന്നു വരുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയ്ക്ക് (അതെ, എന്റെ മുത്തശ്ശി ഇന്നും കൂടി പറഞ്ഞതെ ഉള്ളു ഞാന്‍ വളരുന്ന പ്രായമാണെന്ന്) ഞാന്‍ ഇവിടെ വന്നു ഒന്നു രണ്ടു കിടിലന്‍ പോസ്റ്റുകള്‍ ഇറക്കെണ്ടാതായിരുന്നു. എന്ത് ചെയ്യാം. സാഹചര്യങ്ങള്‍ എന്നെ അതിന് അനുവദിച്ചില്ല (വിടമാട്ടെ, വിടമാട്ടെ, എന്നെ ബ്ലോഗ് ചെയ്യാന്‍ വിടമാട്ടെ)
അപ്പോള്‍ എന്താ പറഞ്ഞു വരുന്നതു? അതുതന്നെ. സാഹചര്യങ്ങള്‍. അങ്ങനെയൊക്കെ പറയുമ്പം എന്നെ താലിബാന്‍ അങ്ങ് തട്ടികൊണ്ട്‌ പോവുക ഒന്നും ചെയ്തിട്ടില്ല.
ഒന്നാമതു പത്താം ക്ലാസ്സ് ഫലം വന്നു (അതല്ലേ തമാശ, കഷ്ടപ്പെട്ട് പഠിച്ചു പത്താം ക്ലാസിനു നല്ല മാര്‍ക്കും വാങ്ങി പത്രം വായിച്ചു നോക്കുമ്പം പത്താം ക്ലാസ്സ് പരീക്ഷ ഒഴിവാക്കാന്‍ പോവുകയാണ് പോലും)
പിന്നെ, എനിക്ക് 93.2 ശതമാനം മാര്‍ക്ക്‌ എന്നും, കണക്കില്‍ നൂറില്‍ നൂറ് എന്നും ഒക്കെ പറയുമ്പോള്‍ അത് പിന്നെ നിങ്ങള്‍ അഹങ്കാരം എന്നോ പൊങ്ങച്ചം എന്നോ പറഞ്ഞു കളഞ്ഞാലോ എന്ന ഭയം ഉള്ളതിനാല്‍ പറയുകയാ മോശമില്ലാത്ത മാര്‍ക്ക്‌ ഉണ്ട്.
അതുകൊണ്ട് തന്നെ മോശമല്ലാത്ത ഒരു സ്കൂളിലേക്ക് ഞാന്‍ മാറി ചേരുകയും ചെയ്തു. (സസ്പെന്‍സ് ഒന്നും ഇല്ല - ചിന്മയ കണ്ണൂര്‍)
അപ്പോള്‍ ഒരു ചെറിയ വീട്ടു കാര്യം കൂടി പറയാന്‍ ഉണ്ട്, ഞാന്‍ വീടും മാറ്റി. ഒരു പുതിയ വാടക വീട്. ഇങ്ങോട്ട് വന്നപ്പോള്‍ ലോകജാലകമായ ഇന്റെര്നെട്ടിലേക്കുള്ള കണക്ഷനും നഷ്ടപ്പെട്ടു. അങ്ങനെ പത്തു ദിവസം ഏകാന്തമായ വനവാസം നടത്തിയ ഞാന്‍, തിരിച്ചു ബെര്‍ലിജിയുടെ നാട്ടില്‍ എത്തിയപ്പോള്‍ അതിനേക്കാള്‍ വല്ല്യ കഷ്ടം - പനി.
ചക്ക വെട്ടിയിട്ടത് പോലെ രണ്ടു ദിവസം (ശനി, ഞായര്‍ എന്നി ഒഴിവുദിനങ്ങളില്‍ ഒഴിവു നികത്താന്‍ എന്നോണ്ണം) കിടക്കയില്‍ തന്നെ.
പക്ഷെ ഒരു ഗുളികയുടെയും സഹായം ഇല്ലാതെ ഒരു കൊതുകിനെയും പേടിക്കാതെ, തിങ്കളാഴ്ച ഞാന്‍ സ്കൂളില്‍ പോയി. ഉച്ചക്ക് ശേഷം ബി പി കുറഞ്ഞു ഉറക്കം വന്നു എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.
--------------
അങ്ങനെ, ഞാന്‍ തിരിച്ചെത്തി. ഈ ലോകത്തില്‍ എന്തായാലും ജീവിച്ചല്ലേ മതിയാവു. ജീവിക്കുമ്പോള്‍ കണ്ണും കാതും തുറന്നല്ലേ ജീവിക്കാന്‍ പറ്റൂ. അങ്ങനെ വരുമ്പോള്‍ ചുറ്റുപാടും നടക്കുന്നതിനെ പറ്റി പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ വീണ്ടും വീണ്ടും ഞാന്‍ തിരിച്ചു വന്നു കൊണ്ടിരിക്കും എന്നതിനാല്‍ യാത്ര ചോദിക്കാതെ നിര്ത്തുന്നു.