നിങ്ങള്‍ ഇപ്പോഴും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ടോ? (കിടക്കയില്‍ മുള്ളുന്നുണ്ടോ?)

ഒന്നിനെയും വെറുക്കുന്നത് ശരിയല്ല എന്നറിയാം. എന്നാലും എന്നെ വെറുക്കൂ എന്നെ വെറുക്കൂ എന്ന് ഇങ്ങോട്ട് പറയുമ്പോള്‍ ചാനല്‍ മാറ്റാതിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ട് പറയുകയാണേ നിങ്ങള്‍ ഇപ്പോളും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുന്നു എന്ന് പറയുക ആണെങ്കില്‍ നിങ്ങള്‍ ഇപ്പോളും കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് എനിക്ക് ചോദിക്കേണ്ടി വരും.
കാരണംസ്
  1. 2007, 2008, 2009, 2010, 2011, 2012 (പിന്നെ ഇല്ല, 2012 ഇല്‍ ലോകാവസാനം :P) എന്നിങ്ങനെ നീണ്ടു പോകുന്ന സീസണുകള്‍ . എന്നാല്‍ എല്ലാം ഒന്നിനൊന്നു പൊട്ടയാണ് താനും.
  2. കണ്ടു മടുത്ത മുഖങ്ങള്‍.
  3. കേട്ട് മടുത്ത ഡയലോഗുകള്‍
  4. മടുപ്പിക്കും നീട്ടികൊണ്ടുപോകള്‍
  5. എല്ലാത്തിനും ഉപരി വിനോദം എന്ന പ്രാഥമിക ഉദ്ദേശം മറന്നു പോയത്.
ഇത് എല്ലാം ചേര്‍ന്ന് രാത്രി ഒമ്പത് മണിയാകുമ്പോള്‍ ഏഷ്യാനെറ്റ്‌ എന്ന ചാനലിന്റെ അടുത്തുകൂടെ പോവാതിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

പക്ഷെ നിങ്ങള്‍ ഇപ്പോഴും ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ ഒന്നുകില്‍ നിങ്ങള്ക്ക് കച്ചവട തന്ത്രം മനസിലാക്കാന്‍ കഴിവില്ല അല്ലെങ്കില്‍ നിങ്ങളുടെ മകളോ മകനോ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ മത്സരിക്കുന്നുണ്ട്

സൂപ്പര്‍ സ്റ്റാര്‍ എന്നൊരു പരിപാടിയുണ്ട്. അമൃത ടിവിയില്‍ . രാത്രി എഴരക്ക്‌. ഉഗ്രന്‍. മൊത്തം തമാശ, വിനോദം. അതിന്റെ കൂടെ പാട്ടും. ഈ പ്രോഗ്രാം ഒരിക്കല്‍ കണ്ടു നോക്കൂ. എന്നിട്ട് നിങ്ങള്ക്ക് വീണ്ടും സ്റ്റാര്‍ സിങ്ങേരിന്റെ ഭാഗത്തേക്ക് ചര്‍ദ്ദി വരാതെ പോകാന്‍ കഴിയുന്നുണ്ടെങ്കില്‍  നിങ്ങള്‍ അങ്ങോട്ട്‌ തന്നെ വച്ചടിചോളൂ.
പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. പണ്ട് തിരുവള്ളുവര്‍ പറഞ്ഞത് പോലെ
"നിങ്ങളുടെ മനസ് ഒരിക്കല്‍ ഒരു വിശാലമായ കാര്യം ചിന്തിച്ചാല്‍ പിന്നെ അതിനു ഒരിക്കലും അതിന്റെ പൂര്‍വ അവസ്ഥയായ ചെറുതിലേക്ക് മടങ്ങാന്‍ പറ്റില്ല. അത് വിശാലമായി തന്നെ സ്ഥിതി ചെയ്യും."

ഓജോ ബോര്‍ഡ് - ഉണ്ട O

ആദ്യമായി നമ്മള്‍ തമ്മില്‍ പ്രോഗ്രമിനോട് നന്ദി പറഞ്ഞു കൊള്ളുന്നു. കേരള ജനത എന്ത് കാണണം എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.
-------------
ഓജോ ബോര്‍ഡ്‌ എന്നാ സംഗതി എന്താണെന്ന് ചെറിയൊരു അറിവ് നിങ്ങള്‍ക്കുണ്ട്‌ എന്ന് ഞാന്‍ വിചാരിക്കുന്നു. അല്ല എനിക്കും അത്രയേ ഉള്ളൂ. (അല്ലെങ്കിലും കുട്ടികളുടെ കളിപ്പാട്ട കാറിന്റെ ടയറില്‍ എത്ര സ്ക്രൂ  ഉണ്ടെന്നു നമ്മള്‍ എവിടെ നോക്കുന്നു, അല്ലെ?)

എന്റെ ഒരു  സഹോദരി ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതെ ഉള്ളൂ ഹോസ്റ്റലില്‍ വെച്ച് ഓജോ ബോര്‍ഡ് വെച്ച് കളിക്കാര്‍ ഉണ്ടെന്നു . ഞാന്‍ ഇത് വരെ ഇതിനെ ഒരു വിനോദോപാധിയില്‍ അധികമായി കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ ഈ കുന്ത്രാണ്ടം വെച്ച് കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും ഹോസ്റ്റലില്‍  നട്ടപ്പാതിരായ്ക്ക് "ആത്മാവുമായി  സല്ലപിച്ചു " നാട്ടപ്രാന്തു വന്ന കുട്ടികള്‍ ഉണ്ട് എന്ന അറിവ് ഞാന്‍ ഞെട്ടലോടെയാണ് കേട്ടത് .

എങ്കിലും ഞാന്‍ ചിന്തിച്ചു പോവുകയാണ് എങ്ങിനെ നമുക്ക് ഇത്രയ്ക്ക് വല്ല്യ അന്ധവിശ്വാസികള്‍ ആകാന്‍ കഴിയുന്നു?

ഒന്നാമത് ഇതിന്റെ "ശാസ്ത്രീയ അടിത്തറ" ഇതാണ് : ആത്മാവ് വന്നു നമ്മുടെ കയ്യിലൂടെ ഉത്തരം കാണിച്ചു തരും.
പിന്നെ മറ്റൊന്ന്, വിശ്വാസം ഇല്ലാത്തവര്‍ ചെയ്‌താല്‍ ഇത് വര്‍ക്ക്‌ ചെയ്യില്ല. (അത് പിന്നെ എന്ത് ലൊട്ട കൊണ്ട് വന്നാലും അങ്ങനെ തന്നെയാണല്ലോ )

നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ഇത് കണ്ടവര്‍ക്ക് അറിയാം, അവസാനം ഒരു വിവരമുള്ള ഡോക്ടര്‍ വന്നു കള്ളി വെളിച്ചത്താക്കി.
സംഭവം സിമ്പിള്‍. നമ്മള്‍ നമ്മെ തന്നെ പറ്റിക്കുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ബോര്‍ഡില്‍ വെച്ച കോയിന്‍ നീക്കുന്നു. പക്ഷെ നാട്ടപ്പാതിരയുടെ മെഴുകുതിരി എഫെക്റ്റ്  വരുമ്പോള്‍ ഇതു നിഷ്കളങ്കനും വിചാരിച്ചു പോകും ആത്മാവ് വന്നു കൈ ചലിപ്പിക്കുന്നതാനെന്നു.

ഇത് തട്ടിപ്പാനെന്നതിനു ഒരു തെളിവും ഞാന്‍ നിരത്തില്ല. കാരണം ഇത് തട്ടിപ്പല്ല എന്ന് കരുതാന്‍ മാത്രം വിഡ്ഢികള്‍ ആയവരോട് എന്ത് പറഞ്ഞിട്ടും എന്ത് കാര്യം.
എങ്കിലും ബാക്കിയുള്ളവരോട്‌ പറയുകയാ - കേരളത്തില്‍ നമ്മള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ എളുപ്പം പറ്റിക്കാന്‍ പറ്റുന്നവരാണ്... ഐ മീന്‍ വളരെ വളരെ എളുപ്പം.

കേരള വര്‍മ്മ പഴശ്ശി രാജ - ദി ഫിലിം കാണുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മമ്മൂട്ടി ആരാണെന്ന് അറിയാത്തതും പക്ഷെ മലയാള സിനിമ എന്താണെന്നും അറിയുന്ന ഒരാളെ ശബ്ദം ഇല്ലാതെ പഴശ്ശി രാജ എന്ന സിനിമ കാണിച്ചാല്‍ അയാള്‍ അത് ഒരു മലയാളം സിനിമ അല്ലെ അല്ല എന്ന് മാത്രമേ പറയൂ. പ്രിന്‍സ് ഓഫ് പേര്‍ഷ്യ, ഗ്ലാഡിയേറ്റര്‍, ദി ലാസ്റ്റ് സമുറായ്  തുടങ്ങിയ സിനിമകളുമായി വരെ താരതമ്യം ചെയ്യാന്‍ പറ്റും വിധത്തില്‍ ആണ് ഈ സിനിമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് .
അഥവാ ഇനിയും നിങ്ങള്‍ പഴശ്ശി രാജ കണ്ടിട്ടില്ലെങ്കില്‍ തൊട്ടടുത്ത തിയേറ്ററില്‍ അഞ്ചരയുടെ ഫസ്റ്റ് ഷോയ്ക്ക്  ടിക്കറ്റ്‌ കിട്ടാന്‍ വേണ്ടി ഇപ്പോഴേ ക്യൂ നിന്നോളൂ.
പക്ഷെ രണ്ടു മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്‌:
  1. സംഗതി മൂന്നു മൂന്നര മണിക്കൂറ് നീളം വരും. അതായത് സെക്കന്റ്‌ ഷോയ്ക്ക് കയറിയാല്‍ രാവിലെ ഒരു മണിയാകും പുറത്തിറങ്ങാന്‍.
  2. സംഭവം ആദ്യം മുതല്‍ അവസാനം വരെ യുദ്ധം യുദ്ധം യുദ്ധം. അടി കുത്ത് വെട്ടു കുത്ത് ചവിട്ടു വെടി അമ്പ്‌ പീരങ്കി ഇത് മാത്രമേ ഉള്ളൂ. (ഇടയ്ക്കിടയ്ക്ക് സംഗതിയും ഉണ്ട് കേട്ടോ)
  3. ഫിസിക്സില്‍ വളരെ പിന്നില്‍ ആണ് ഇതിന്റെ ഡയറക്ടര്‍. സിനിമയില്‍ ഒരു നാലഞ്ചു ജമ്പ്സ് ഉണ്ട്. മമ്മൂട്ടി, മനോജ്‌ കെ ജയന്‍ , പദ്മപ്രിയ എല്ലാരും തുള്ളുന്നുണ്ട് . പക്ഷെ എല്ലാവരും തുള്ളുമ്പോള്‍ ഹൈ ജമ്പില്‍ വേള്‍ഡ് റെക്കോര്‍ഡ്‌ കിട്ടിയവരെക്കാളും തുള്ളും . അത് പോട്ടെ സിനിമയില്‍ സാധാരണം. പക്ഷെ ഈ തുള്ളല്‍ അങ്ങനെയല്ല. നിന്ന നില്പില്‍ ഒരു പോന്തലാ. (ഒരു മാതിരി കയറു കെട്ടി വലിക്കുന്നത് പോലെ). അതും അല്ല മനോജ്‌ കെ ജയനൊന്നും കയറിന്റെ മുകളില്‍ നിന്ന് ബാലന്‍സ് കിട്ടാഞ്ഞതിനാല്‍ ആകാശത്ത് വെച്ച് ശരീരം അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതൊക്കെ കാണാം. ഒന്ന് കണ്ണ് ചിമ്മിയേക്കണം.
  4. ശരത് കുമാര്‍ എന്ന ഒരു പ്രശസ്ത തമിള്‍ നടന്‍ ഇതില്‍ എടച്ചേരി കുങ്കന്‍ ആയി അഭിനയിക്കുന്നുണ്ട് . ഇതാരാണെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഉടന്‍ ഈ വിക്കിപീഡിയ ലേഖനം വായിക്കുക അല്ലെങ്കില്‍ ഒരു മസില്‍ മാന്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ ചുറ്റും കയ്യടി കേള്‍ക്കും പക്ഷെ നിങ്ങള്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കും (ഞാന്‍ ഇരുന്ന പോലെ)
  5. ഒറിജിനല്‍ പഴശ്ശി രാജ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണു കരുതപ്പെട്ടു വരുന്നത്.
  6. ഇന്ത്യന്‍ ആര്‍മിയില്‍ രാജാവ് എന്നൊരു പോസ്റ്റ്‌ ഒഴിവില്ല . അതുകൊണ്ട് മമ്മൂട്ടിക്ക് ചാന്‍സും ഇല്ല.  ഇനി അത് കഴിഞ്ഞിട്ട് മോഹന്‍ലാല്‍ ഫാന്സിനോട് അടിയാക്കാം എന്ന് വിചാരിചിരിക്കേണ്ട.
  7. ഇനി നിങ്ങള്‍ വന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെങ്കില്‍ (അല്ല അദ്ദേഹത്തെ കന്നെടുതാല്‍ കണ്ടൂടാ എന്നാണെങ്കിലും) പടത്തിന്റെ തുടക്കത്തില്‍ തന്നെ ലാലേട്ടന്റെ മനോഹരമായ ശബ്ദം ഉള്‍പ്പെടുത്തിയിട്ടുണ്ട്. (കണ്ണ് കൊള്ളാതിരിക്കാന്‍ ;D)
  8. ഞാന്‍ മോഹന്‍ലാലിന്‍റെ ആരാധകന്‍ അല്ല (മമ്മൂട്ടിയുടെയും അല്ല)
  9. ഇത് ഒരു ലോക സിനിമയാണ് . ലോക്കല്‍  അല്ല . 
ഓക്കേ ഇനി ടാകീസിലേക്ക് വണ്ടി വിട്ടോ.

ഇന്‍റര്‍നെറ്റില്‍ സുരക്ഷിതരായി ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുവായി പറഞ്ഞാല്‍
  • സ്വന്തം പേര്‍സണല്‍ കാര്യങ്ങള്‍ ആരോടും പറയാതിരിക്കുക. ഉദാഹരണത്തിന് അഡ്രസ്‌, ടെലിഫോണ്‍ നമ്പര്‍, തുടങ്ങിയവ
  • ഇന്‍റര്‍നെറ്റില്‍ വെച്ചു പരിചയപ്പെട്ട ആരെങ്കിലും നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടാല്‍ കഴിവതും ഒഴിഞ്ഞു മാറുക. അല്ലെങ്കില്‍ ഒരു പൊതു സ്ഥലത്തു വെച്ചു കൂടികാഴ്ച തരപ്പെടുത്തുക.
  • സ്വന്തം ചിത്രങ്ങളോ മറ്റോ അറിയാത്തവരുമായി ഷെയര്‍ ചെയ്യാതിരിക്കുക.
  • ചാറ്റ് ചെയ്യുമ്പോഴും മറ്റും ഒരു കാര്യം ഓര്‍മിക്കുക 23 വയസ്സുള്ള ഓസ്ട്രേലിയക്കാരി പെണ്‍കുട്ടി എന്ന് പറഞ്ഞു നിങ്ങളോട് ചാറ്റ് ചെയ്യുനത് ചിലപ്പോള്‍ അമ്പത് വയസുള്ള തൊണ്ടന്‍ മലയാളി ആയിരിക്കാം. (മറിച്ചും ആവാം)
  • ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുതുകയോ ബ്ലാക്ക്‌ മെയില് ചെയ്യുകയോ ചെയ്‌താല്‍ ഒന്നുക്കില്‍ പോലീസില്‍ അറിയിക്കുക, അല്ലെങ്കില്‍ അയാളുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കുക, അല്ലാതെ പിന്നെയും അയാള്‍ പറയുന്നതും കേട്ടിരിക്കാന്‍ പോകരുത്
-ബാങ്കിംഗ് , ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ തുടങ്ങിയവ ചെയ്യുമ്പോള്‍

  • ഏതെങ്കിലും ബാങ്കിന്റെ വെബ്സൈറ്റ് പോലെത്തന്നെ അതേപോലെ ഉള്ള പേരില്‍ കള്ളന്മാര്‍ സ്വന്തമായിവെബ്സൈറ്റ് ഉണ്ടാക്കും. അത് കൊണ്ടു അഡ്രസ്‌ അടിക്കുമ്പോള്‍ സ്പെല്ലിംഗ് മിസ്ടെയ്ക്കു ഇല്ലാതെ വരാന്‍ നോക്കുക.
    പണ്ടു PayPal.com ഇന് പകരം PayPaI.com എന്ന അഡ്രസ്‌ വെച്ചു ഇങ്ങനെ കുറെ പൈസ തട്ടിയതാ.
  • മോസില്ല ഫയര്‍ഫോക്സ് എന്ന വിപ്ലവകരമായ ബ്രൌസര്‍ ഉപയോഗിക്കുക . ഇതു നിങ്ങളുടെ പാസ്വേര്ഡ് തുടങ്ങിയവ സംരക്ഷിക്കുക മാത്രമല്ല ചെയ്യുന്നത് , ഇതിന്റെ അഡ്രസ്‌ ബാറിന്റെ ഇടതു ഭാഗത്തുള്ള ഐക്കണ്‍ നോക്കി നിങ്ങള്‍ നില്ക്കുന്ന സൈറ്റ് നല്ല സര്‍ട്ടിഫിക്കറ്റ് ഉള്ളതാണോ അല്ലയോ എന്ന് മനസിലാക്കാം. അതെ പോലെ വല്ല കള്ളന്മാരുടെ വെബ്സൈറ്റ് ഇലോ മറ്റോ നിങ്ങള്‍ പോവുകയാണെങ്കില്‍ അത് നിങ്ങള്ക്ക് മുന്നറിയിപ്പ് തരികയും ചെയ്യും
  • നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് , ആഡ്വെയര്‍ , സ്പൈവെയര്‍ തുടങ്ങിയവ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തുക. ഇതില്‍ ചിലത് നിങ്ങളുടെ പാസ്വേര്‍ഡും മറ്റും ചോര്‍ത്താന്‍ സാധ്യതയുണ്ട്.
ഇമെയില്‍ മര്യാദകള്‍
  • ഇ-മെയിലുകളില്‍ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്തു കിട്ടുന്നത് അതെ ലിങ്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തുക.
  • ഇ-മെയിലുകള്‍ വരുന്ന അഡ്രസ്‌ മാറ്റാന്‍ എളുപ്പമാണ്, അതായത് കള്ളന്മാര്‍ ചിലപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പേരില്‍ ഇമെയില്‍ അയക്കും പക്ഷെ അത് മൈക്രോസോഫ്ട്‌ അയക്കുന്നതായിരിക്കില്ല.
    അത് കൊണ്ടു, ഇ-മെയിലുകളെ കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക
  • ഒരു ബാങ്കും തന്റെ കസ്ടമെര്സിനോട് പാസ്വേര്ഡ് അയച്ചു കൊടുക്കാന്‍ പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയച്ചുകൊടുതെക്കരുത്
  • ബാങ്കുകളെ പോലെ തന്നെ ജിമെയില്‍, ഹോട്മെയില്‍, യാഹൂ തുടങ്ങിയവയും പാസ്സ്‌വേര്‍ഡ്‌ ചോദിക്കില്ല, അത് കൊണ്ടു, ലോഗ് ഇന്‍ ചെയ്യാന്‍ അതതു വെബ്സയിട്ടുകളില്‍ അല്ലാതെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ പാടില്ല.
  • പല വെബ്സൈറ്റ് ഉകളും നിങ്ങളുടെ കൂട്ടുകാരെ കണ്ടെത്താന്‍ വേണ്ടി ഇമെയില്‍ അഡ്രസ്സും പാസ്സ്‌വേര്‍ഡ്‌ ഉം ചോദിക്കും, അങ്ങനെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ വിശ്വസ്തമായ വെബ്സയിടുകള്‍ക്ക് മാത്രം കൊടുക്കുക, ബാക്കിയുള്ളവര്‍ നിങ്ങളെ പട്ടിക്കും
  • ഫോര്‍വേഡ് ആയി വരുന്ന എല്ലാ ഇ-മെയിലുകളും സത്യം അല്ല. പലതിലും പറയുന്നതു അപ്പടി പുളുവായിരിക്കും
    ഉദാഹരണത്തിന് എ ടി എം ഇല്‍ വെച്ചു നിങ്ങളെ ഒരു കള്ളന്‍ കത്തി കാട്ടി ഭയപ്പെടുത്തി പണം തട്ടാന്‍ വേണ്ടി പിന്‍ അടിക്കാന്‍ പറയുമ്പോള്‍ നിങ്ങളുടെ പിന്‍ തിരിച്ചടിച്ചാല്‍ (അതായത് 1234 എന്നത് 4321 എന്ന് അടിച്ചാല്‍ ) ഉടനെ പോലീസില്‍ വിവരം അറിയിക്കും എന്ന് പറഞ്ഞു ഒരു മെയില് കറങ്ങി നടക്കുന്നുണ്ട്. ഒന്നാലോചിച്ചാല്‍ ഇതിന്റെ ഒക്കെ സത്യാവസ്ഥ മനസിലാക്കവുന്നത്തെ ഉള്ളൂ. അതുമല്ലെങ്കില്‍ അങ്ങിനെയുള്ള മെയിലുകളുടെ സബ്ജക്റ്റ്‌ ഗൂഗിള്‍ ഇല്‍ സേര്ച്ച് ചെയ്തു നോക്കിയാല്‍ കാര്യം മനസിലാവും.
    snopes.com
    urbanlegends.about.com
    hoaxbusters.org
    museumofhoaxes.com
    hoax-slayer.com
    തുടങ്ങിയ വെബ്സയിട്ടുകളും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും.
    അര്‍ബന്‍ ലെജെന്ദ്സ് എന്നും ഹോയക്സ്‌ ഇമെയില്‍ എന്നും അറിയപ്പെടുന്ന ഇത്തരം ഇ-മെയിലുകള്‍ ദയവു ചെയ്തു ഫോര്‍വേഡ് ചെയ്യാതിരിക്കുക (വെറും ശല്യം ആയി മാരാതിര്‍ക്കുക )
  • നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ നിങ്ങള്ക്ക് പല സ്പാം ഇ-മെയിലുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും . നിങ്ങള്‍ ഇതു വരെ പങ്കെടുക്കാത്ത മത്സരങ്ങളില്‍ ജയിച്ചു എന്ന് പറഞ്ഞും, യാഹൂവിന്റെ ലോട്ടറി കിട്ടി എന്ന് പറഞ്ഞും, നൈജീരിയക്കാരന്റെ അമ്മായി അപ്പന്‍ മരിച്ചു നിങ്ങള്‍ അനന്തരാവകാശി എന്നും ഒക്കെ പറഞ്ഞു ഇമെയില്‍ വരും. അതൊക്കെ അപ്പപ്പോള്‍ ഡിലീറ്റ് ചെയ്തു സമയം ലാഭിക്കുക.
    (300000000 dollar എന്നൊക്കെ സംഖ്യകള്‍ ഒബാമ പോലും കണ്ടിട്ടുണ്ടാവില്ല എന്നാലോചിക്കുക)
  • നിങ്ങളെ അറിയാത്തതോ ഓര്‍മിക്കാന്‍ സാധ്യത ഇല്ലാത്തതോ ആയ ഒരാള്‍ക്ക്‌ ഇമെയില്‍ അയക്കുമ്പോള്‍ നിങ്ങള്‍ ആരാണെന്ന് ഒരു രൂപം എങ്കിലും കൊടുക്കാന്‍ ശ്രദ്ധിക്കുക.
വെബ്സയിറ്റുകളെ പറ്റി
  • .gov എന്ന് അവസാനിക്കുന്നത് അമേരികന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്.
    .gov.in, എന്നത് ഇന്ത്യന്‍ ഗവണ്മെന്റിന്റെ വെബ്സയിറ്റുകള്‍ ആണ്.
  • .kerala.gov.in എന്നത് കേരള ഗവണ്മെന്റ് ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ്.
  • .nic.in എന്നത് national informatic center ഉമായി ബന്ധപ്പെട്ട വെബ്സയിറ്റുകള്‍ ആണ്.
  • .com, .net, .in, .co.in തുടങ്ങിയവ ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്ന വെബ്സയിറ്റുകള്‍ ആണ്. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം.
  • google പറഞ്ഞു തരുന്ന വെബ്സയിറ്റുകള്‍ എല്ലാം നല്ലവ ആയിക്കോളണം എന്നില്ല.

  • ഒരു പണിയും ചെയ്യാതെ മാസം 20000 രൂപ ഉണ്ടാക്കാം എന്നും, വീട്ടില്‍ നിന്നും പണി എടുത്തു മാസം നാല്‍പ്പതിനായിരം ഉണ്ടാക്കാം എന്നൊക്കെ പറയുന്ന വെബ്സയിറ്റുകളെ വിശ്വസിക്കാതിരുന്നാല്‍, നിങ്ങള്ക്ക് കുറെ സമയം ലാഭം.
  • വിക്കിപീഡിയ മുതല്‍ ഇങ്ങോട്ട് ഏത് വെബ്സയിറ്റായാലും അതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യം ആയിരിക്കണം എന്നില്ല. കാരണം, മിക്ക വെബ്സയിട്ടുകളും ഉണ്ടാക്കുന്നത്‌ ഓരോരുത്തര്‍ അവര്ക്കു തോന്നുന്നതൊക്കെ ടൈപ്പ് ചെയ്തു വെക്കാന്‍ ആണ്. അത് കൊണ്ടു ബുദ്ധിപൂര്‍വ്വം മാത്രം കാര്യങ്ങള്‍ കാണുക.
കൂടുതല്‍ വായിക്കാന്‍
personal safety while using the internet
Safety on the internet
Internet safey
Mozilla Firefox Security Center

ആ‍ നൈജീരിയാക്കാരന്‍ എങ്ങിനെ ഇതു സാധിച്ചു

ഏകദേശം അരക്കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയ ഒരു നൈജീരിയക്കാരനെ പോലീസ് പിടിച്ചത്രേ. ആ‍ തട്ടിപ്പ് എങ്ങിനെയാ നടത്തിയത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ മാത്രമെ ഞെട്ടൂ.
നൈജീരിയയില്‍ ഒരു വല്ല്യ പണക്കാരന്‍ മരിച്ചു. അദ്ദേഹത്തിന്റെ അനന്തരാവകാശി ആയി തിരഞ്ഞെടുത്തത്‌ താങ്കളെയാണ് . ഏകദേശം 15 ദശലക്ഷം രൂപയുടെ സ്വത്താ ഉള്ളത്. നിങ്ങള്‍ നൈജീരിയയില്‍ വന്നു പണം വാങ്ങേണ്ടതാണ്.
ഈ ഇമെയില്‍ വായിച്ചിട്ട് അതില്‍ പറയുന്നതു അപ്പടി വിഴുങ്ങി കൊണ്ടു പോയി നാല്‍പ്പതു ലക്ഷം രൂപ ഏതോ ബാങ്ക് അക്കൌണ്ടില്‍ ഇട്ടു കൊടുത്തു ഏതോ വിദ്വാന്‍, എന്തിനെന്നോ ആ‍ 150 ലക്ഷം ട്രാന്‍സ്ഫര്‍ ആക്കാന്‍.

ഇത്തരം തട്ടിപ്പ് കേസുകളില്‍ ചെന്നു വീഴുന്നവരെ വേണം ശരിക്ക് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍. ഏതെങ്കിലും ശരാശരി മനുഷ്യന്‍ ഇതൊക്കെ വിശ്വസിക്കുമോ? ഏതോ ഒരു പണക്കാരന്‍ എവിടെയോ വെച്ചു മരിച്ചു. എന്നിട്ട് അയാളുടെ മൊത്തം പണവും നമുക്കു കൊണ്ടു തരുന്നു. അതും എവിടെയോ കിടക്കുന്ന നമ്മുടെ ഇമെയില്‍ അഡ്രസ്‌ പരതി കണ്ടെത്തി നമ്മളെ അറിയിക്കുന്നു. എന്തായാലും ചത്തവന് ഇമെയില്‍ അയക്കാന്‍ ആവില്ല. അപ്പോള്‍ ബാക്കിയുള്ളവന്മാര്‍ അല്ലെ ഇതു ചെയ്യുന്നത് . എന്താന്നോ

"ചാന്സേയില്ല !" എന്ന് പറഞ്ഞു ഒഴിവാക്കേണ്ട സംഗതികള്‍ ആണ് ഇതൊക്കെ. എന്നിട്ടും പോയി വീണു . ഇങ്ങനെയുള്ള നൂറുകണക്കിന് ഈമെയിലുകള്‍ മാസം തോറും വന്നിട്ടും ഒന്നു പോലും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തിട്ടും ഇന്നു രാവിലെ എന്റെ അമ്മ എന്നോട് പറയുകയാ: "നോക്ക് ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണേ. " എന്ന്

എന്താ പറയുക ? ഇന്റര്നെറ്റ് ഉപയോഗിക്കുന്ന ബാക്കിയുള്ളവര്‍ക്ക് പണിയാക്കാന്‍.

അപ്പോളാ ഞാന്‍ ആലോചിച്ചത് . കുട്ടികളോട് സൂക്ഷിച്ചു ഉപയോഗിക്കണം എന്നൊക്കെ പറയുമെങ്കിലും വല്ല്യവരോട് ആരും ഇതൊന്നും പറയാറില്ല. അതെ കാരണം കൊണ്ടാണ് കുട്ടികളെക്കാള്‍ കൂടുതല്‍ കേരളത്തില്‍ വല്ല്യവര്‍ പറ്റിക്കപ്പെടുന്നത്.

അത് കൊണ്ടു ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കാനായുള്ള കുറെ കാര്യങ്ങള്‍ ഞാന്‍ അടുത്ത പോസ്റ്റില്‍ ഇടുന്നതായിരിക്കും

ബന്ധപ്പെട്ട പോസ്റ്റുകള്‍ :
ഇന്‍റര്‍നെറ്റില്‍ സുരക്ഷിതരായി ഇരിക്കാന്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യ സ്വാതന്ത്ര്യം പണയം വെച്ചതോ അതോ സ്വാതന്ത്ര്യം നേടിയതോ?

  1. കസബ്‌ കുറ്റം സമ്മതിച്ചു. (ഇനി അതിന്റെ കുറവും കൂടിയല്ലേ ഉള്ളൂ)
  2. ആര്‍ക്കെല്ലാമോ അര്‍ജ്ജുനാ അവാര്‍ഡ്‌, ദ്രോണാചാര്യ അവാര്‍ഡ്‌, ഭീമ അവാര്‍ഡ്‌ , നകുല അവാര്‍ഡ്‌, ....
  3. എല്ലാ കണ്ണുകളും മാനത്തേക്ക്
  4. മലമ്പുഴയില്‍ മലം ഒഴുക്കാന്‍, ഖും ഖും ക്ഷമിക്കണം, മണല്‍ എടുക്കാന്‍ നാല് കമ്പനികള്‍
  5. ഇന്ത്യ യും അമേരികയും കരാര്‍ ഒപ്പിട്ടു
അഞ്ചു കിടിലന്‍ വാര്‍ത്തകളാണ് മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍. പോരാത്തതിന് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോല്‍‌പിച്ച്, ജാക്ക്സണ്‍ ദിവസം അമ്പത് ഗുളിക കഴിച്ചു... അത് പോരെങ്കില്‍ ഇന്നു അവധി ദിവസവും. കുശാല്‍.

ആദ്യം പറഞ്ഞ വാര്‍ത്തകളില്‍ ആദ്യത്തെ നാലും പോട്ടെ (സൂര്യ ഗ്രഹണം നാളെ അതിരാവിലെ എന്നുള്ളത് മാറ്റി വൈകുന്നേരം 5 മണിക്ക് ആക്കാന്‍ കഴിഞ്ഞിരുനെന്കില്‍...), ആ അവസാനത്തെ വാര്ത്ത , അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന് പറഞ്ഞതു പോലെ എന്റെ ചങ്കില്‍ തറച്ചു നിന്നു.

കാരണം, സംഭവത്തില്‍ കാണുന്ന 'ഇന്ത്യ'യും 'അമേരിക'യും എനിക്ക് ജീവനാണ്. ഈ പറയുന്ന കരാര്‍ ഒപ്പിടല്‍ ഞാന്‍ തത്സമയം ആയി ടിവിയില്‍ കാണുകയും ചെയ്തതാ. അപ്പോള്‍ പിന്നെ ഈ വാര്ത്ത കണ്ണില്‍ പെടാതിരിക്കുമോ. കരടു പെട്ടത് പോലെ ആയിപ്പോയി പെട്ടെന്ന് എന്ന് മാത്രമെ ഉള്ളൂ. കാരണം, പണ്ടു ഇന്ത്യ അമേരികയുമായി ആണവ കരാര്‍ ഒപ്പിട്ടപ്പോള്‍ ഉള്ള പോലെ സ്വന്തം "സ്വാതന്ത്ര്യം പണയം വെച്ചു" എന്ന് തോന്നിപിക്കുന്ന വിധത്തില്‍ ആണ് മാതൃഭൂമി സംഭവം പരാമര്‍ശിച്ചിട്ടുള്ളത്.

അന്ന് ഈ ബ്ലോഗ് ഇല്ലാത്തതിനാല്‍, അന്ന് പറയേണ്ടിയിരുന്നത് ഞാന്‍ ഇന്നു പറയുകയാണ്‌.

ഇന്ത്യ അബ്ദുല്‍കലാം പറയുന്നതുപോലെ 2020 ആവുമ്പോഴേക്കും ഒരു ലോകശക്തി ആയി മാറണം എന്നുണ്ടെങ്കില്‍, ട്രെയിനും ബസും കാറും ഓടാനും, കമ്പ്യൂട്ടറും മൊബൈലും ടിവിയും ഒക്കെ പ്രവര്‍ത്തിക്കാനും, എനര്‍ജി അഥവാ ഊര്‍ജം വേണം. ഈ ഊര്‍ജം ഉണ്ടാക്കാന്‍, നമ്മള്‍ ഇപ്പോളും ഉപയോഗിക്കുന്ന വെള്ളവും കല്‍ക്കരിയും ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍
E = 1/2 m v 2
എന്ന തോതില്‍ മാത്രമാണ് ലഭിക്കുക. (അല്ല സയന്സ് പടിക്കുന്നതല്ല, പടിപ്പിക്കുന്നതുമല്ല, വെറുതെ ഒരു കൌതുകത്തിന് എഴുതിയതാ)
പക്ഷെ അമേരികായും മറ്റു വികസിത രാഷ്ട്രങ്ങളും ഉപയോഗിക്കുന്ന ആണവോര്‍ജം നമുക്കുപയോങിക്കാന്‍ കഴിഞ്ഞാല്‍
E = m c 2
എന്ന തോതില്‍ അതിന്റെ എത്രയോ മടങ്ങ് ഊര്‍ജം നമുക്കുണ്ടാക്കാം.
(ഐന്‍സ്റ്റീന്‍ ഇത്ര കഷ്ടപ്പെട്ട് ഇതു കണ്ടുപിടിച്ചത് പിന്നെന്തിനാണ്?)

പക്ഷെ, നമ്മള്‍ പാവം ഇന്ത്യാക്കാര്‍ക്ക് ഈ നയൂട്രോനിനെ പിടിച്ചു കറന്റ് ആക്കാന്‍ യുറേനിയം എവിടുന്നു കിട്ടാനാ?
ഇനി അഥവാ ഉള്ള നക്കാപിച്ച നുള്ളി പെറുക്കി വല്ലവന്റെയും കയ്യില്‍ നിന്നും വാങ്ങാം എന്ന് വിചാരിച്ചാല്‍, സംഭവം ആരാ നമുക്കു വില്‍ക്കുക? (18 വയസിനു താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്)
ഇനി ഇപ്പം അഥവാ എവിടെ നിന്നെങ്കിലും യുറേനിയം സംഖടിപിച്ചാല്‍ തന്നെ കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയിട്ടെന്താ കാര്യം?

അതുകൊണ്ടാ വിവരമുള്ളവര്‍ (ഉദാഹരണം : മന്‍മോഹന്‍ സിംഗും ബുഷും പിന്നെ ഞാനും)ആണവ കരാര്‍ ഒപ്പിടാന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്.
പക്ഷെ ഇപ്പം നോക്കിയാലും ചിലര്‍ക്കൊരു പ്രശ്നമുണ്ട്.
കരാര്‍ ഒപ്പിടുമ്പോള്‍ അമേരിക ചില നിബന്ധനകള്‍ മുന്നോട്ടു വെക്കും. എന്ത് നിബന്ധന വെച്ചാലും അത് ഇന്ത്യയുടെ സര്‍വാധികാരത്തിനും സ്വാതന്ത്ര്യത്തിനും കോട്ടം തട്ടുന്നതാണ് എന്നെ ഇവര്ക്ക് പറയാന്‍ ഉണ്ടാവൂ. പിന്നെ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു നിബന്ധനയുമില്ലാതെ കരാര്‍ ഒപ്പിടണോ?അതോ ഇങ്ങോട്ട് സാധനം തരുന്നവര്‍ നമ്മള്‍ അങ്ങോട്ട് പറയുന്നതു പോലെ കേള്‍ക്കണമോ?
ഇതെന്താ വെള്ളരിക്കാ പട്ടണമോ
ഒന്നുക്കില്‍ മര്യാദയ്ക്ക് കിട്ടുന്നതും കൊണ്ടു നന്നാവാന്‍ നോക്ക്. അല്ലെങ്കില്‍ വായും പൊളിച്ചു കയ്യും പൊന്തിച്ചു അവിടെ നിന്നോ.
2020 ആകുമ്പോഴേക്കും ഇന്ത്യ ട്വന്റി ട്വന്റി മാത്രം അറിയുന്ന രാജ്യം ആയി മാറും.

ജ്യോതിഷം സത്യമാണോ അല്ലയോ? അല്ല എന്നാണെങ്കില്‍, ദൈവം സത്യമാണോ അല്ലയോ?

ആക്കിയപ്പോള്‍ ആദ്യം കണ്ടത് ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയാണ്. (അതെ റീ-ടെലികാസ്റ്റ്‌ ആണ് , അല്ലാതെ ഞാന്‍ ഗള്‍ഫില്‍ ഒന്നും അല്ല). വിഷയം - ജ്യോതിഷം.
രണ്ടോ മൂന്നോ ജ്യോത്സന്മാരും, ഒരു വക്കീലും, ഒരു ഡോക്ടറും, ഒരു യുക്തിവാദിയും, പിന്നെ വേറെ ഏതോ ഒരാളും അതിഥികള്‍. ശ്രീ ശ്രീകണ്‍ഠന്‍ നായര്‍ (അദ്ദേഹം ഉണ്ടെന്നത് പിന്നെ പറയണ്ടല്ലോ). പിന്നെ കുറെ സ്ത്രീകളും, (പുരുഷന്മാര്‍ ഉണ്ടായിരുന്നോ എന്ന് ഓര്‍ക്കുന്നില്ല, എന്തായാലും ആരും സംസാരിച്ചതായി കണ്ടില്ല.)

അങ്ങനെ അടി തുടങ്ങി.(അതായത് ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍ അടിയായിരുന്നു)

കാണികളില്‍ ഒരാള്‍ ചോദിക്കുന്നു : ഒരു ജ്യോത്സന്‍ ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞതു കൊണ്ടു കല്യാണം നടക്കാതെ പോയ എത്രയോ കുട്ടികളെ നമ്മള്‍ കാണുന്നു. എന്നാല്‍ അതെ സമയം ഒരു ജ്യോത്സനെയും കാണാതെ പ്രേമിച്ചു കല്യാണം കഴിച്ചവര്‍ സുഖമായി ജീവിക്കുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഇനി മുതല്‍ എന്റെ ഭാവനയില്‍ ഉള്ള സംവാദം ആണ്)
ജ്യോത്സന്‍ (അതായത് ഞാന്‍) : ആ സുഖമായി ജീവിക്കുന്നു എന്ന് പറയുന്നവരുടെ ജാതകം ചേരുന്ന ജാതകം ആയിരിക്കാം.
കാണി: അങ്ങനെയെങ്കില്‍ ലോകത്ത് എത്രയോ മുസ്ലിംങ്ങള്‍, ക്രിസ്ത്യാനികള്‍, അവര്‍ക്കൊന്നും ജ്യോതിഷം ആവശ്യമില്ലല്ലോ?
ജ്യോ: അവര്‍ ജ്യോതിഷം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമ്മള്‍ നോക്കേണ്ട ആവശ്യമില്ലല്ലോ. അവരുടെയും ജാതകം എഴുതിയാല്‍ ഒത്തു നോക്കാവുന്നത്തെ ഉള്ളു.
യുക്തിവാദി: ജ്യോത്സന്‍ ചേരാത്ത ജാതകം എന്ന് പറഞ്ഞിട്ടും സുഖമായ ജീവിക്കുന്നവര്‍ ഉണ്ടല്ലോ?
ജ്യോ: ചിലപ്പോള്‍ ജ്യോത്സനു തെറ്റിയതാവാം, പക്ഷെ ജ്യോതിഷം തെറ്റില്ല....

അങ്ങനെ പോകുന്നു. പക്ഷെ ഇവിടെ ചോദിക്കാതെ പോയ ഒരു ചോദ്യം ഉണ്ട്.
ജ്യോതിഷത്തിന്റെ അടിത്തറ എന്താണ് ?
ഏത് ശാസ്ത്രത്തില്‍ ആണ് ജ്യോത്സന്മാര്‍ വിശ്വസിക്കുന്നത്?

ആധുനികമായ ഒരു ശാസ്ത്ര പ്രകാരവും അവര്ക്കു ജ്യോതിഷം തെളിയിക്കാന്‍ പറ്റില്ല (പിന്നെ ചിലര്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രഭാവം മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണം കാക്ക മലന്നു പറക്കും കോഴിക്കു കൊമ്പ് മുളയ്ക്കും എന്നൊക്കെ പറയും, അതിന് എന്റെ മനസ്സില്‍ സ്ഥാനമില്ലല്ലോ)

പിന്നെ ആകെ പറയാന്‍ പറ്റുന്നത്, ഒരു വിശ്വാസം എന്നാണു. (ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും, ഏകാഗ്ര മനസും, 'ശാസ്ത്ര'വും ഒരുമിച്ചു കൂട്ടി ജ്യോത്സന്മാര്‍ പറയുന്നതു അപ്പടി വിഴുങ്ങുക). അതും, അങ്ങോട്ട് ഇറങ്ങുന്നില്ല അല്ലെ?

ഇവിടെയാണ്‌ ഞാന്‍ എന്റെ തുരുപ്പ് ചീട്ടു ഇറക്കുന്നത്‌.
കല്ലില്ലോ, തൂണിലോ, ആകാശത്തോ, ഇവിടെയോന്നുമല്ല മനസിലാക്കാന്‍ പറ്റാത്ത ഒരിടതോ, എവിടെയെങ്കിലും ഒരു ദൈവം ഉണ്ടെന്നും, ആ ദൈവം മനുഷ്യന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ക്ക്, എന്തുകൊണ്ട് നിമിത്തങ്ങള്‍ കവടി തുടങ്ങിയവയെ വിശ്വസിച്ചുകൂടാ?

അതായത്, നിങ്ങള്ക്ക് ദൈവത്തെ വിശ്വസിക്കാം എങ്കില്‍ എന്തുകൊണ്ട് നിങ്ങള്ക്ക് ജ്യോതിഷത്തില്‍ വിശ്വസിച്ചു കൂടാ?
ഇനി അഥവാ നിങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നില്ല ഇനി വിശ്വസിക്കാന്‍ കൂട്ടാക്കുന്നുമില്ല എന്നാണെങ്കില്‍, നിങ്ങള്‍ ദൈവത്തില്‍ എന്ത് കൊണ്ടു വിശ്വസിക്കുന്നു.
------------------------------
ജ്യോത്സന്മാര്‍ പറയുന്നതു ജ്യോതിഷം ഒരു ശാസ്ത്രം ആണെന്നും, അത് പഠിച്ചാല്‍ മാത്രമെ മനസിലാവൂ എന്നും.
മതവിശ്വാസികള്‍ പറയുന്നതു ദൈവം ഒരു സംഭവം ആണെന്നും, അത് മനസിലാക്കിയാല്‍ മാത്രമെ മനസിലാവൂ എന്നും.
എന്താ ഞാന്‍ പറയുന്നതു സരിയല്ലേ?

ഫെഡറര്‍ - ഫൈനലിന് മുമ്പെ ഫൈനല്‍ ജയിച്ച മഹാവിസ്മയം

വിംബിള്‍ഡണ്‍ പുല്‍ മൈതാനത്തില്‍ ഇന്നു വൈകുന്നേരം (ഇന്ത്യന്‍ സമയം) ഫെഡറര്‍ തന്റെ 15-ആം ഗ്രാണ്ട്സ്ലാം നേടുന്നതായിരിക്കും. അമേരികയുടെ ആന്റി റോഡിക്കിനെ തോല്പിച്ചാണ് ഫെഡറര്‍ തന്റെ റെക്കോര്‍ഡ്‌ നേട്ടം സ്വന്തമാക്കാന്‍ പോകുന്നത്.
ഇങ്ങനെ ഞാന്‍ പറഞ്ഞാല്‍ അമിതാത്മവിശ്വാസം ആണ്, ഫെഡറര്‍ ഇന്നു തോല്‍ക്കണം എന്നാലേ ഞാന്‍ പഠിക്കൂ എന്ന് ആരോക്കെയെന്കിലും മനസ്സില്‍ കരുതിയിട്ടുണ്ടാവും എന്നത് അവിടെ നില്‍ക്കട്ടെ.
ഇന്നു ഫെഡറര്‍ ജയിക്കുമ്പോള്‍ മറ്റൊരു വാദം ആണ് ലോകം മുഴുവന്‍ അലയടിക്കാന്‍ പോന്ന വിവാദമായി തീരാന്‍ പോകുന്നത്. നദാല്‍.
നദാല്‍ ഇല്ലാത്തതാണ് ഫെടരരുടെ വിജയരഹസ്യം എന്ന് നാളെ പതിനായിരം നദാല്‍ ഫാന്‍സ്‌ എങ്കിലും പറയും പറഞ്ഞിരിക്കും. ഇനി നദാല്‍ ഉണ്ടായിരുന്നെങ്കിലും ഫെഡറര്‍ ജയിക്കുമായിരുന്നു എന്ന സത്യം എത്ര ഫെഡറര്‍ അനുകൂലികള്‍ വിളിച്ചു കൂക്കിയാലും അവര്‍ സമ്മതിക്കില്ല . ഫെഡറര്‍ എന്ന പ്രതിഭാസം ഈ മാസം ജൂലൈ 22 ഇന് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ജന്മം കാണാന്‍ പറ്റാത്ത സൂര്യഗ്രഹണം പോലെ അപൂര്‍വ്വം ആണെന്ന സത്യം മനസിലാക്കാന്‍ അവര്‍ വളര്‍ന്നിട്ടില്ല എന്ന് പറയുന്നതു തെറ്റാണ്. ഫെഡറര്‍ എന്ന മഹാസത്യത്തെ ആരെങ്കിലും കെട്ടിയിടും എന്ന് മോഹിച്ചു സ്വപ്നം കാണുന്നവര്‍ ആണ് നദാല്‍ ഫാന്‍സ്‌ ആയി മാറുന്നത് എന്നത് തന്നെ കാരണം.
അതുകൊണ്ട് ഇനി ഒന്നേ പറയാനുള്ളൂ .
ഫെഡറര്‍
ഫെഡറര്‍ മാത്രം

"താങ്കള്‍ നായയെ ശ്രദ്ധിച്ചോ?" "ഇല്ല, അത് ശബ്ദിച്ചതേ ഇല്ലല്ലോ " "അതെ അതുതന്നെയാണ് ഞാന്‍ ശ്രദ്ധിച്ചോ എന്ന് ചോദിച്ചത്"

ഞാന്‍ കുറെ ദിവസമായി എവിടെയായിരുന്നു എന്ന് ആര്ക്കും ഒരു സംശയവും ഉണ്ടായിട്ടുണ്ടാകില്ല എന്നറിയാം. എങ്കിലും കഴിഞ്ഞ മാസം ശ്രീ അച്ചുതാനന്ദനും ശ്രീ സുകുമാര്‍ അഴീക്കോടും ഒക്കെ ശൂന്യതയില്‍ നിന്നു വാര്‍ത്തകള്‍ സൃഷ്ടിച്ചു പത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ എങ്കിലും വളര്ന്നു വരുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയ്ക്ക് (അതെ, എന്റെ മുത്തശ്ശി ഇന്നും കൂടി പറഞ്ഞതെ ഉള്ളു ഞാന്‍ വളരുന്ന പ്രായമാണെന്ന്) ഞാന്‍ ഇവിടെ വന്നു ഒന്നു രണ്ടു കിടിലന്‍ പോസ്റ്റുകള്‍ ഇറക്കെണ്ടാതായിരുന്നു. എന്ത് ചെയ്യാം. സാഹചര്യങ്ങള്‍ എന്നെ അതിന് അനുവദിച്ചില്ല (വിടമാട്ടെ, വിടമാട്ടെ, എന്നെ ബ്ലോഗ് ചെയ്യാന്‍ വിടമാട്ടെ)
അപ്പോള്‍ എന്താ പറഞ്ഞു വരുന്നതു? അതുതന്നെ. സാഹചര്യങ്ങള്‍. അങ്ങനെയൊക്കെ പറയുമ്പം എന്നെ താലിബാന്‍ അങ്ങ് തട്ടികൊണ്ട്‌ പോവുക ഒന്നും ചെയ്തിട്ടില്ല.
ഒന്നാമതു പത്താം ക്ലാസ്സ് ഫലം വന്നു (അതല്ലേ തമാശ, കഷ്ടപ്പെട്ട് പഠിച്ചു പത്താം ക്ലാസിനു നല്ല മാര്‍ക്കും വാങ്ങി പത്രം വായിച്ചു നോക്കുമ്പം പത്താം ക്ലാസ്സ് പരീക്ഷ ഒഴിവാക്കാന്‍ പോവുകയാണ് പോലും)
പിന്നെ, എനിക്ക് 93.2 ശതമാനം മാര്‍ക്ക്‌ എന്നും, കണക്കില്‍ നൂറില്‍ നൂറ് എന്നും ഒക്കെ പറയുമ്പോള്‍ അത് പിന്നെ നിങ്ങള്‍ അഹങ്കാരം എന്നോ പൊങ്ങച്ചം എന്നോ പറഞ്ഞു കളഞ്ഞാലോ എന്ന ഭയം ഉള്ളതിനാല്‍ പറയുകയാ മോശമില്ലാത്ത മാര്‍ക്ക്‌ ഉണ്ട്.
അതുകൊണ്ട് തന്നെ മോശമല്ലാത്ത ഒരു സ്കൂളിലേക്ക് ഞാന്‍ മാറി ചേരുകയും ചെയ്തു. (സസ്പെന്‍സ് ഒന്നും ഇല്ല - ചിന്മയ കണ്ണൂര്‍)
അപ്പോള്‍ ഒരു ചെറിയ വീട്ടു കാര്യം കൂടി പറയാന്‍ ഉണ്ട്, ഞാന്‍ വീടും മാറ്റി. ഒരു പുതിയ വാടക വീട്. ഇങ്ങോട്ട് വന്നപ്പോള്‍ ലോകജാലകമായ ഇന്റെര്നെട്ടിലേക്കുള്ള കണക്ഷനും നഷ്ടപ്പെട്ടു. അങ്ങനെ പത്തു ദിവസം ഏകാന്തമായ വനവാസം നടത്തിയ ഞാന്‍, തിരിച്ചു ബെര്‍ലിജിയുടെ നാട്ടില്‍ എത്തിയപ്പോള്‍ അതിനേക്കാള്‍ വല്ല്യ കഷ്ടം - പനി.
ചക്ക വെട്ടിയിട്ടത് പോലെ രണ്ടു ദിവസം (ശനി, ഞായര്‍ എന്നി ഒഴിവുദിനങ്ങളില്‍ ഒഴിവു നികത്താന്‍ എന്നോണ്ണം) കിടക്കയില്‍ തന്നെ.
പക്ഷെ ഒരു ഗുളികയുടെയും സഹായം ഇല്ലാതെ ഒരു കൊതുകിനെയും പേടിക്കാതെ, തിങ്കളാഴ്ച ഞാന്‍ സ്കൂളില്‍ പോയി. ഉച്ചക്ക് ശേഷം ബി പി കുറഞ്ഞു ഉറക്കം വന്നു എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല.
--------------
അങ്ങനെ, ഞാന്‍ തിരിച്ചെത്തി. ഈ ലോകത്തില്‍ എന്തായാലും ജീവിച്ചല്ലേ മതിയാവു. ജീവിക്കുമ്പോള്‍ കണ്ണും കാതും തുറന്നല്ലേ ജീവിക്കാന്‍ പറ്റൂ. അങ്ങനെ വരുമ്പോള്‍ ചുറ്റുപാടും നടക്കുന്നതിനെ പറ്റി പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ വീണ്ടും വീണ്ടും ഞാന്‍ തിരിച്ചു വന്നു കൊണ്ടിരിക്കും എന്നതിനാല്‍ യാത്ര ചോദിക്കാതെ നിര്ത്തുന്നു.

വിജയം പരാജയത്തിലേക്കുള്ള ചവിട്ടു പടിയോ?

എന്താന്നറിയില്ല, നോക്കുന്നിടത്തെല്ലാം കാണുന്നത് വിജയിച്ചു കൊണ്ടിരുന്നവര്‍ പരാജയപ്പെടുന്നതാ.
ഉദാഹരണത്തിന് ഐ പി എല്‍. കഴിഞ്ഞ വര്‍ഷം സുഖ സുന്ദരമായി ജയിച്ച രാജസ്ഥാന്‍ ഇക്കൊല്ലം പൊട്ടി പാളീസായി. സെമി എത്തുന്നത്‌ വരെ, ഓരോ കളിയും ജയം ഉറപ്പിച്ചു കളിച്ചിരുന്ന ഡല്ഹിയും എതിരാളികളെ വിറപ്പിച്ചു തോല്‍പ്പിക്കുന്ന ചെന്നൈയും സെമിയില്‍ പപ്പടം പോലെ പൊട്ടി.
ടെന്നിസില്‍ ആണെങ്കില്‍ രാജാവ് കഴിഞ്ഞ കുറെ മാസങ്ങളായി തോറ്റു കൊണ്ടേയിരിക്കുകയാണല്ലോ.
കാര്‍ റേസിങ്ങില്‍ ഫെരാരി, മക്ലാരെന്‍.

സ്പോര്‍ട്സിന്റെ കാര്യമേ പോട്ടെ. ലോക സഭ ഇലക്ഷനില്‍ ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിച്ചു?
അതും പോട്ടെ പത്തു പതിനഞ്ച് വര്‍ഷമായി ജയിച്ചു കൊണ്ടേയിരുന്ന എല്‍ ടി ടി ഇ , എന്ത് പറ്റി?

ഒരു ജയം ഒരു തോല്‍വി, ഇതു ജീവിതത്തിന്റെ നിയമം ആണോ? ഒരാള്ക്ക് ജയിച്ചു കൊണ്ടേയിരിക്കാന്‍ പാടില്ലേ?

ഇതെല്ലാം ചോദിക്കാന്‍ എന്താ കാരണം എന്നോ? എന്റെ പത്താം ക്ലാസ്സ് പരീക്ഷാഫലം ഇന്നു പത്തു മണിക്ക് വിളംബരം ചെയ്യും. എനിക്കാണെങ്കില്‍ ഇത്രയും നാള്‍ സ്കൂളില്‍ നല്ല മാര്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്നതാ.
ഇനിയിപ്പം ഒരിക്കല്‍ ജയിച്ചവര്‍ രണ്ടാമതും ജയിക്കരുത് എന്നെങ്ങാനും ഉണ്ടായിപ്പോവുമോ ആവോ?

സൌത്ത് ആഫ്രിക്കനൈസ്ഡ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശാന്ത്യം (വരെ നടന്ന കാര്യങ്ങൾ)

സംഭവ ബഹുലമായ ഐ പി എൽ രണ്ടാം ഭാഗം കഴിയാറാകാറായി. ഇന്നു രാത്രി ഡെൽഹിയും ഡെക്കാനും തമ്മിലുള്ള ആദ്യത്തെ സെമിഫൈനലും നാളെ ചെന്നൈയ്യും ബാംഗ്ലൂരും തമ്മിലുള്ള രണ്ടാമത്തേതും പിന്നെ പേരിനു ഒരു ഫൈനലും (എന്താന്നോ? ഏത് ടീമു ജയിച്ചാലും ജയിക്കുന്നത് ലലിത് മൊഡിയും പരസ്യക്കാരും) കൂടി കഴിഞ്ഞാൽ കഴിഞ്ഞു , ഒരു മാസത്തോളം ഇന്ത്യാക്കാരെക്കാൾ കൂടുതൽ സൌത്ത് ആഫ്രിക്കക്കാരെ രസിപ്പിച്ച ഐ പി എൽ മാമാങ്കം.

ഈ വർഷത്തെ ഐ പി എൽ കഴിഞ്ഞ വർഷത്തേതിനേക്കാളും വളരെ അധികം ആകർഷകമാക്കിയത് മൂന്നാലഞ്ച് കാര്യങ്ങൾ ആണ്.

ആദ്യമാ‍യി, നടക്കുന്ന സ്ഥലം. എവിടെയാ? ദക്ഷിണാഫ്രിക്കയിൽ. എന്താ കാരണം? പലരും മറന്നു കഴിഞ്ഞു – തീവ്രവാദം, ഇന്ത്യ തകർക്കാൻ വരുന്ന തീവ്രവാദികളെ പേടിച്ചാണ് പി എൽ ദൂരെ മാറി പോയി നിന്നത്.
എങ്കിലും ആ ട്രാൻസ്ഫർ ഐ പി എല്ലിന്റെ ആവേശം ഒരു വിധത്തിലും ചോർത്തിയിട്ടില്ലാത്തതിന്റെ മുഴുവൻ ക്രെഡിറ്റും ദക്ഷിണാഫ്രിക്കയിലെ ക്രിക്കെറ്റ് പ്രേമികൾക്കാണ് എന്നത് സംശയാതീതമാണ്. അങ്ങനെ വെറുതെ പറയുന്നതല്ല, ഐ പി എൽ വൻ വിജയമാകുന്നത് പലവർക്കും പിടിക്കുന്നില്ല. ഒരു ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകൻ ഐ പി എല്ലിനെ കുറിച്ചു വളരെ മനോഹരമായി എഴുതിയ ഈ വാക്കുകൾ ശ്രധിക്കൂ
"ഹൊ! സമാധാനമായി, ഐ സി സി 20-20 വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതോടെ ശരിയായ ക്രിക്കെറ്റ് കാണാമല്ലൊ. ഇനി ഗോവ ഗോയേർസ് എന്നൊ കേരള ക്രോളേർസ് എന്നൊ ആരും കേൾക്കാത്ത പേരുകൾ കേൾക്കേണ്ടല്ലൊ"
അങ്ങനെ ഇരിക്കുമ്പോൾ ദക്ഷിണാഫ്രിക്കക്കാർ നൽകുന്നതു വളരെ വല്ല്യ ഒരു സഹായം തന്നെയാണ്.

പിന്നെയുള്ളത് പരസ്യങ്ങൾക്കിടയിൽ നമ്മുടെ ശ്രധ പിടിചു പറ്റിയ പുതിയ ഒരു അവതാരമാണ്. പേര് സൂസൂ. വൊഡഫോണിന്റെ ഈ പരസ്യം ഇല്ലായിരുന്നെങ്കിൽ പലരും രാത്രിയത്തെ കളിയിൽ രണ്ടാമിന്നിങ്സിൽ സ്ട്രാറ്റജി ബ്രെയ്ക്കിന്റെ സമയത്ത് അറിയാതെ ഉറങ്ങിപ്പൊയേനെ.

ഈ വർഷത്തെ കളികളുടെ ആകാംക്ഷാഭരിതത ശ്രധിക്കപ്പെടാതെപോകാത്ത ഒരു കാര്യമാണ്. അല്ലെങ്കിൽ രണ്ടോവറു ബാക്കി നിൽക്കെ കളി ഇവന്മാരു ജയിച്ചു എന്നും പറഞ്ഞു എണീറ്റു പോയിരുന്ന ഭയങ്കരന്മാർ ഇത്തവണ അവസാന പന്തും കഴിയുന്നതു വരെ മിണ്ടാതിരിക്കുന്നതിന്റെ രഹസ്യം മറ്റെന്താണ്?

പിന്നെ പറയാനുള്ളത് രണ്ടു ടീമുകളെ കുറിച്ചാണ് – റോയൽ ചലഞ്ചേർസും, നൈറ്റ് റൈഡേർസും. ചലഞ്ചേർസ് കഴിഞ്ഞ തവണതേതു പോലെ തന്നെ എട്ടു നിലയിൽ പൊട്ടി പുറത്തായി എന്നു വിചാരിച്ചു നിൽക്കുമ്പോളാണ് അവരുടെ വൻ തിരിച്ചുവരവ്. നൈറ്റ് റൈഡേർസ് ആണെങ്കിൽ കെടുന്നതിനു മുൻപുള്ള ആളിക്കത്തൽ എന്ന പോലെ അവസാന നിമിഷം വൻ അട്ടിമറികൾ നടത്തി എല്ലാവരേയും ഞെട്ടിച്ചു.

അങ്ങനെ ഉജ്ജ്വലമായ ഒരു അന്ത്യത്തിൽ എത്തി നിൽക്കുകയാണു നമ്മുടെ സ്വന്തം ഐ പി എൽ

തടിയന്‍ പ്രഭാകരന്‍ വടിയായി

ഇപ്പം ഒരു രാജ്യമുണ്ടാക്കിയിട്ടു വരാം എന്നും പറഞ്ഞു പത്തു മുപ്പത്തേഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഇറങ്ങി പുറപ്പെട്ടതാണ് പ്രഭാകരേട്ടന്‍. കൂട്ടിനു ഒരു സംഘടനയും ഉണ്ടാക്കി . Tamil New Tigers. താമസിയാതെ ആ പേരിനു എന്തോ കുഴപ്പം തോന്നി കൂട്ടാളികളെ Liberation Tigers of Tamil Eelam എന്ന് വിളിച്ചു തുടങ്ങി. നമ്മള്‍ അവരെ തമിഴ് പുലികള്‍ എന്നും വിളിച്ചു (ശരിക്കും തമിഴ് കടുവകള്‍ എന്നല്ലേ വിളിക്കേണ്ടത്?). അതൊക്കെ എഴുപത്തി രണ്ടിലെയും എഴുപത്തി ആറിലെയും കാര്യങ്ങള്‍ ആണ്.
ഇടക്കെവിടെയോ വെച്ചു കയ്യില്‍ തോക്ക് കിട്ടിയപ്പോള്‍ പ്രാദേശിക സ്വയം ഭരണം എന്ന ആവശ്യം വിട്ട് പുത്തന്‍ രാജ്യം എന്ന അത്യാഗ്രഹത്തിലെക്കായി ശ്രദ്ധ . അതിന് കണ്ടെത്തിയ മാര്‍ഗമോ കൊലപാതകം. വഴിയേ വരുന്ന എന്ത് തടസവും ഇല്ലാതാക്കി അവര്‍ മുന്നേറി. ശ്രീ ലങ്കന്‍ പ്രധാന മന്ത്രിമാരും രാഷ്ട്രപതിമാരും എന്തിന് സാധാരണ ജനങ്ങള്‍ പോലും വിറച്ചു. അങ്ങനെ ബുദ്ധ ഭിക്ഷുക്കളുടെ ആ നാട്ടില്‍ അക്രമം പെട്ട് പെരുകി.
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം , എന്നാല്‍ അത് കുറച്ചു നേരത്തെ വന്നാല്‍ എന്താന്നും ചോദിച്ചു അരയില്‍ ബോംബും കെട്ടി വെച്ചു ദിവസവും ഓരോരുത്തരായി ഓരോ സ്ഥലത്തു പോയി പൊട്ടിത്തെറിച്ച്, അഥവാ ബോംബ് ചീറ്റിപ്പോയാല്‍ അതുണ്ടാക്കിയ കമ്പനി ഏതാന്നു മനസിലാവാതിരിക്കാന്‍ കഴുത്തില്‍ സ്വയം സംഹാര യാഗത്തില്‍ നിന്നും ലഭിച്ച സയനൈഡ് ഭസ്മവും തൂക്കി നടക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ ആയി മാറി തമിഴ് പുലികള്‍. (തോക്കും പീരങ്കിയും വെച്ചു ആര്ക്കും ബലം കാണിക്കാം എന്ന ഗാന്ധിയന്‍ മാര്‍ഗത്തില്‍ ചിന്തിച്ചാല്‍ - തമിഴ് എലികള്‍)
അങ്ങനെ കൊത്തി കൊത്തി അവസാനം മുറത്തില്‍ കയറി കൊത്തി അവര്‍. കഴുത്തില്‍ മാല അര്‍പ്പിക്കാന്‍ എത്തിയ ആരാധകര്‍ എന്ന വ്യാജേന വന്നു അവര്‍ 1991 -ഇല്‍ തകര്‍ത്തത്‌ ഭാരതത്തിന്റെ ഹൃദയമാണ്. അതോടെ ലങ്കയിലെ തമിഴ് മക്കളോട് ഭാരതാംബയ്ക്ക് ഉണ്ടായിരുന്ന അവസാന ഹൃദയമിടിപ്പും നിലച്ചു.

പിന്നീട് പ്രഭാകരനും അന്ധന്മാരും ചേര്ന്നു നടത്തിയത് സ്വന്തം നിലനില്‍പ്പിനായുള്ള ഒരു പോരാട്ടം ആണ്.
അങ്ങനെയൊരു പോരാട്ടം തുടരുകയാണെങ്കില്‍ തുടരും (ജീവനും ജീവനും കൊണ്ടുള്ള ഓട്ടവും) ഇനി അല്ല അവസാനിക്കുന്നുണ്ടെങ്കില്‍ ഒരേ ഒരു ഫലത്തില്‍ അല്ലെ കലാശിക്കൂ? അത് സംഭവിച്ചു
പ്രഭാകരന്‍, മോന്‍, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ എല്ലാം . തീര്ന്നു .
വാളെടുത്തവന്‍ വാളാല്‍.

ഫ്രീ ഡൌണ്‍ലോഡ് തീരാനായ ഒരു ബി എസ് എന്‍ എല്‍ ബ്രോഡ്‌ ബാന്‍ഡ് കാരന്‍

എന്താ ചോദിച്ചേ? ഞാന്‍ എന്താ ഇപ്പൊ പണ്ടത്തെ പോലെ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈന്‍ ആയി വരാത്തതെന്നോ? അറിഞ്ഞാല്‍ എന്റെ പ്രശ്നം തീര്ത്തു തരുമോ? ഇല്ലല്ലേ ? എന്നാലും വെറുതെ അറിയാന്‍ ആയിരിക്കും അല്ലെ? എന്നാ കേട്ടോ...
ബി എസ് എന്‍ എല്‍ കോംബോ പ്ലാന്‍ പ്രകാരം മാസം 500 രൂപ കൊടുത്താല്‍ 175 പേരെ വെറുതെ വിളിച്ചു ശല്ല്യപ്പെടുത്താനുള്ള അധികാരവും ഒന്നര ജിഗ ബൈറ്റ് ഫ്രീ ഡൌണ്‍ലോഡ് ഉം പോരാത്തതിന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ എട്ടു മണി വരെ തോന്നിയ പോലെ ഒക്കെ ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള ഔതാര്യവും ഉണ്ട്. അതില്‍ തന്നെ അഡ്വാന്‍സ്‌ ആയി ഒരു വര്ഷത്തെ കാശ് ഒന്നിച്ചു കൊടുത്താല്‍ പന്ദ്രണ്ട് ഗുണിക്കണം അഞ്ഞൂറ് , ആറായിരം രൂപ കൊടുക്കേണ്ട സ്ഥലത്തു വെറും അയ്യായിരം രൂപ കൊടുത്താല്‍ മതി എന്നുള്ള ധാരണയിലാ ഞാന്‍ ബ്രോഡ്‌ ബാന്‍ഡ് എടുത്തത്‌.
അത് കൊണ്ടു ഗുണമേ ഉണ്ടായിട്ടും ഉള്ളു. 1000 രൂപയല്ലേ പോക്കറ്റില്‍ കിടക്കുന്നത്.
പക്ഷെ ഇതൊന്നുമല്ല എന്റെ പ്രശ്നം. എന്റെ പ്രശ്നം എന്താണെന്ന് വെച്ചാല്‍, എനിക്കിനി ഈ മാസം ഏകദേശം 200 എം ബി മാത്രമെ സൌജന്യമായി ഇന്‍റര്‍നെറ്റില്‍ നിന്നും താഴോട്ടിറക്കാന്‍ പറ്റുകയുള്ളൂ . അതായത് ഇനി 12 ദിവസം ഞാന്‍ ദിവസം 15 എം ബി വെച്ചു കഷ്ടിച്ച് ഒരു ബ്ലോഗ് പോസ്ടോ അല്ലെങ്കില്‍ ഒന്നു ജിമെയില്‍ എടുക്കുകയോ ഒക്കെ ചെയ്തു ജീവിക്കണം.
ഒരു എം ബി അധികം ഉപയോഗിച്ചാല്‍ വെറും 80 പൈസ മാത്രം അധികം കൊടുക്കേണ്ട അവസ്ഥയില്‍ ഞാനെന്തിനാ ഇങ്ങനെ പിശുക്കുന്നത് എന്നല്ലേ അടുത്ത ചോദ്യം?
ഇപ്പ്രാവശ്യം എനിക്ക് ഫോണ്‍ ബില്‍ വന്നത് എത്രയാന്ന് അറിയില്ലല്ലോ? എന്നാല്‍ പിന്നെ എന്നെ പിശുക്കന്‍ എന്ന് വിളിക്കരുത്. ഇത്തവണ എനിക്ക് വന്ന ബില്ലിന്റെ പ്രസക്ത ഭാഗങ്ങള്‍ കീഴെ ചേര്ക്കുന്നു
-----------------------------------------------------
Bill Date: 05/05/2009
Pay by Date: 27/05/2009
Disconnection Date: 28/05/2009
Amount Payable if paid on or before 27/05/2009: 1
Amount Payable if paid after 27/05/2009: 11.00
-----------------------------------------------------
(അതെ , രൂപ ഒന്നു തന്നെ)
എന്നിട്ട് ബില്ലിന്റെ പിന്‍ ഭാഗത്ത് പലതിന്റെയും കൂടെ എഴുതിയിരിക്കുന്നു പതിനഞ്ചു ദിവസം സമയത്തിനുള്ളില്‍ ബില്‍ അടച്ചില്ലെങ്കില്‍ ഏത് നിമിഷവും ഫോണ്‍ കട്ട് ചെയ്തേക്കാം എന്ന്.

ഒന്നാലോചിച്ചേ, ഒന്നോ രണ്ടോ KB അധികം ഉപയോഗിച്ചതിന് ഇനി ഈ ബി എസ് എന്‍ എലുകാര്‍ എനിക്ക് അടുത്ത പ്രാവശ്യം 80 പൈസ ബില്ലിട്ടാല്‍ അതും ഞാന്‍ തന്നെ പോയി അടക്കെണ്ടേ?

തിരഞ്ഞെടുപ്പ് ഫലം പുറത്തു, യു പി എ അകത്തു. ബി ജെ പി...

കഴിഞ്ഞു. എല്ലാം കഴിഞ്ഞു . ഇനി ഒരു സൈറ്റില്‍ ചെന്നാലും "അദ്വാനി ഫോര്‍ പി എം " എന്നോ അദ്ദേഹത്തിന്റെ കൈകൂപ്പിയുള്ള ഫോട്ടോയോ കാണില്ല. കാരണം? കാരണം ബാക്ടീരിയ. പുറത്തു വരുന്ന എല്ലാ ഫലവും കോണ്‍ഗ്രസിന്‌ അനുകൂലം. മന്‍മോഹന്‍ സിംഗ് വീണ്ടും പ്രധാന മന്ത്രി. രാഹുല്‍ ഗാന്ധി പ്രധാനപ്പെട്ട ഒരു മന്ത്രിയുമാവും. അദ്വാനിജീക്കു അവസാന നിമിഷം ഒരു ക്ഷീണം. കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റി. മൂന്നും നാലും അഞ്ചും ആറും എന്നിയവര്‍ ആരും നക്ഷത്രം എണ്ണാതെ ഈ രാത്രി കഴിച്ചുക്കൂട്ടില്ല. അല്ല, വല്ല ആവശ്യവും ഉണ്ടായിട്ടാണോ ഇവര്‍ ഗാന്ധി പഥത്തില്‍ നിന്നും മാറി നടന്നത്? അനുഭവിക്കും. ഏല്ലാവരും അനുഭവിക്കും. അല്ലെങ്കില്‍ വിശന്നു വയറുകാളുംപോള്‍ തിരികെ വന്നു വാതില്‍ മുട്ടും. അപ്പോള്‍ തിന്നാന്‍ വല്ലതും ബാക്കിയുണ്ടായാല്‍ ഭാഗ്യം.

കേരളത്തിന്റെ കാര്യം പറയാനില്ല. ശശി തരൂര്‍ ഞാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ജയിച്ചു. അദ്ദേഹം ജയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പക്ഷെ ജയിച്ചില്ലെങ്കിലും അത്ഭുതമില്ല , കേരളത്തിലെ ആള്‍ക്കാര്‍ തലച്ചോറ് ഉപയോഗിക്കാതെയാണ് വോട്ട് ചെയ്യുന്നത് എന്ന് മാത്രമെ അത് അര്‍ത്ഥമാക്കുകയായിരുന്നുള്ളൂ. പിന്നെ മറ്റു ചില മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചവരും പ്രതീക്ഷിക്കാത്തവരും ഒക്കെ ജയിച്ചു. കാര്യമാക്കേണ്ട. ആര് ജയിച്ചാലും മന്മോങ്ങാന്‍ സിംഗും സോണിയ ഗാന്ധിയും പറയുന്നതു പോലല്ലേ നടക്കൂ .

ഇക്കൊല്ലം തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത് ഹൈ-ടെക് ആയിട്ടാണ്. എണ്ണി കഴിഞ്ഞു നിമിഷങ്ങള്‍ എണ്ണുംപോളേക്കും റിസള്‍ട്ട്‌ ഇന്റര്‍നെറ്റിലൂടെ പ്രവഹിക്കുന്നു. അങ്ങനെ എപ്പോഴോ 1000 വോട്ടിന്റെ ലീഡ് കണ്ടു "ഓ ഞാനങ്ങ് ജയിച്ചു പോയി" എന്ന് കരുതിയവര്‍ ഒക്കെ വൈകുന്നേരം ആവുംപോഴത്തെക്ക് ഫലങ്ങള്‍ മാറി മറിയുന്നത് കണ്ടു തല ചുറ്റി വീണിരിക്കണം, അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ എന്തോ കുഴപ്പം ഉണ്ടെന്നു അണികളോട് പറഞ്ഞു പറഞ്ഞു തൊണ്ട വരണ്ടു വെള്ളം കുടിക്കുന്നുണ്ടാവണം.

എന്തായാലും ഇക്കൊല്ലം കോണ്ഗ്രസ് ജയിച്ചത്‌ എനിക്കിഷ്ടപ്പെട്ടു. കാരണം, കോണ്ഗ്രസ് ഒന്നു കഴിഞ്ഞു രണ്ടാമത്തെതിന് അമേരികേലോട്ടു പോവും. അവിടെയാണെങ്കില്‍ ഒബാമ എന്നൊരു സംഭവം റെഡി ആയി ഇരിക്കുന്നുമുണ്ട് .

ഉള്ളടക്കം

ഈ ബ്ലോഗില്‍ നടക്കുന്ന എല്ലാ സ്തുത്യര്‍ഹമായ പരിപാടികളും ഇവിടെ എഴുതിച്ചേര്‍ക്കുന്നതായിരിക്കും.

അവസാനം തീരുമാനിച്ചു

ഇനിയും പിടിച്ചു നില്‍ക്കാന്‍ എന്നെ കൊണ്ടാവില്ല. മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയെ മതിയാവു. ഇംഗ്ലീഷ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പവിത്രമായ ഒരു ബ്ലോഗ്. ("ബ്ലോഗ്"ഇപ്പോള്‍ മലയാളം ആണല്ലോ). അപ്പോള്‍ ഇനി ഒന്നും പേടിക്കാതെ മലയാളം ടൈപ്പ് ചെയ്യാം. ഗൂഗിള്‍ എന്നെ ഒരു വെറും മലയാളി ആക്കികളയും എന്ന പേടിയും വേണ്ട, മലയാളം അറിയാത്തവര്‍ ഒറ്റക്കാക്കി പോകും എന്നാലോചിക്കുകയെ വേണ്ട, മലയാളത്തില്‍ ബ്ലോഗാന്‍ കഴിയാത്തതില്‍ സങ്കടപ്പെടുകയും വേണ്ട.

ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു. ഇതിനെയെല്ലാം പറ്റി ബ്ലോഗ് എഴുതാന്‍ എനിക്ക് ഭ്രാന്താ അല്ലെ. അതും വേറെ ഇഷ്ടം പോലെ ബ്ലോഗ്ഗര്‍ മാര്‍ ഉള്ളപ്പോള്‍. എന്നാലും സ്വന്തമായി എഴുതി മനസ്സില്‍ കാണുന്നതിന്റെ സുഖം ഒരു അവന്മാരുടെ ബ്ലോഗ് വായിച്ചാലും കിട്ടില്ലെട മോനേ!

അതിനാല്‍ ഇന്നു ഈ നിമിഷം ഞാന്‍ ഈ മലയാളം ബ്ലോഗ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു.

ശ്രദ്ധിക്കുക: ഉത്ഘാടനം ചെയ്യാന്‍ ഞാന്‍ തീരുമാനിക്കാന്‍ വൈകിയത് കാരണം പരിപാടി ഒക്കെ നേരത്തെ തുടങ്ങി. അതുകൊണ്ട് ഇതിന് മുന്പെയും പോസ്റ്റുകള്‍ കാണാം.

കേരളത്തില്‍ മഴ പെയ്യുമ്പോള്‍

വരുന്നൂ മഴ. ഇന്നു മുതല്‍ തീയെട്ടരുകളില്‍ , നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, എല്ലായിടത്തും, കേരളം മുഴുവന്‍, മഴ ഇന്നു റിലീസ് ചെയ്തു.

പാലക്കാട് മഴ പെയ്താല്‍ കുറച്ച് അരി അധികം കിട്ടും
ഇടുക്കിയില്‍ പെയ്താല്‍ വൈദ്യുതി മുടങ്ങാതിരിക്കും
പക്ഷെ കണ്ണൂരില്‍ പെയ്താല്‍, ചോരക്കറ മായുമോ?

തൊന്തരവ്: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 1 :

തൊന്തരവ്: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 1 :
തലവാചകം തന്നെ പറയും ഉള്ളടക്കം എന്താണെന്ന്. ധൈര്യമില്ലാത്തവര്‍ വായിക്കാതിരിക്കുക

ഒരു കാല്‍വെയ്പ്പ്

മലയാളത്തില്‍ ബ്ലോഗണം ബ്ലോഗണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി . ഇപ്പോഴാണ് സമയവും സന്ദര്‍ഭവും ഒത്തു വന്നത്.
മോസില്ല ഫയര്‍ഫോക്സ് ഉപയോഗിച്ചു മലയാളം എഴുതാനും വായിക്കാനും വളരെ എളുപ്പമാണ് കേട്ടോ ?
ഇങ്ങനെ മലയാളം എഴുതികളിക്കാന്‍ എന്ത് രസമാണെന്നോ. ഇത്രയും കാലം മലയാളം എഴുതാന്‍ സോഫ്റ്റ്‌വെയറുകള്‍ വേണമായിരുന്നു. എന്നാല്‍ ഇന്നു, ഗൂഗിള്‍ ഇന്റെ സഹായത്താല്‍ വളരെ എളുപ്പത്തില്‍ മലയാളം എഴുതാനും ആളുകളിലെക്കെത്താനും കഴിയുന്നു. നന്ദി ഗൂഗിള്‍.
മലയാളത്തില്‍ എഴുതപ്പെട്ട പല ബ്ലോഗുകളും വായിച്ചു. പലരും വളരെ നിഗൂഢമായ അര്‍ത്ഥങ്ങളില്‍ ഒക്കെ എഴുതിക്കണ്ടു. മറ്റു ചിലത് വളരെ സരളമായ ഭാഷകളിലും. ലോകത്തില്‍ ഇന്റര്നെറ്റ് വന്നപ്പോള്‍ ഉണ്ടായ അതെ മാറ്റമാണ് ഇത്. ഭാഷാ കാഠിന്യത്തിന്റെപല ധ്രുവങ്ങള്‍. പല പല മേഘലകളില്‍ വിഗദ്ഗരായവരുടെ പല പല ലേഘനങ്ങള്‍ വായിച്ചു. ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. കാരണം മലയാളം കമ്പ്യൂട്ടറില്‍ കൊണ്ടു വരുന്നതില്‍ എനിക്കും ഒരു പങ്കു വഹിക്കാന്‍ കഴിഞ്ഞല്ലോ.

മലയാള ഭാഷയ്ക്കും മലയാളം ബ്ലോഗ്ഗിങ്ങിനും നൂരാസംസകള്‍ അര്‍പിച്ചു കൊണ്ടു ഞാന്‍ നിര്‍ത്തുന്നു. നന്ദി നമസ്കാരം .