വൈദ്യശാസ്ത്രം ഒരു ശാസ്ത്രമോ? [ഭാഗം 1]

"ഒരു മനുഷ്യന്‍ ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന് എപ്പോഴാണ് പറയാന്‍ സാധിക്കുക?" വൈദ്യശാസ്ത്രത്തിലെ വളരെ വിഷമമേറിയ ഒരു ചോദ്യമാണ് ഇത്.

സ്വന്തം ‍ജോലികള്‍ ഒക്കെ കൃത്യമായി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ഒരു ദിവസം ഉച്ചയ്ക്ക് കുഴഞ്ഞുവീണു മരിക്കുന്നു. വാതവും, തളര്‍ച്ചയും, മേലാസകലം വേദനയുമായി എത്രയോ അമ്മൂമ്മമാര്‍ സീരിയലുകളും കണ്ടിരിക്കുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് തന്നെ മരിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍. മാസമെത്താതെ പിറന്നിട്ട് കണ്ണ് പോലും തുറക്കാതെ പാലിന് വേണ്ടി അലറുന്ന ചോരക്കടുവകള്‍. തിങ്കളാഴ്ച രാവിലെ മാത്രം പനി വരുന്ന സ്കൂള്‍ കുട്ടികള്‍. കാലിലൊരു ചെറിയ മുറി വന്നിട്ട് എത്ര ശ്രമിച്ചിട്ടും ഉണങ്ങാതെ അതു പടര്‍ന്ന് പടര്‍ന്ന് അവസാനം കാല്‍ മുറിച്ച് കളയേണ്ടി വരുന്നവര്‍. കോളേ‍ജില്‍ ചേര്‍ന്ന് രണ്ടാം മാസം തൂങ്ങി മരിക്കുന്ന വിദ്യാര്‍ത്ഥികള്‍. രാവിലെ ആറ് മണിക്കെണീറ്റ് ജോലിക്കിറങ്ങി രാത്രി പതിനൊന്ന് മണിക്ക് തളര്‍ന്ന് വന്ന് കിടക്കയില്‍ വീണുറങ്ങുന്ന പട്ടണക്കാര്‍.

ഇതില്‍ ആര്‍ക്കൊക്കെ ആരോഗ്യമുണ്ട്? ആര്‍ക്കൊക്കെ ഇല്ല? എന്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഒരാളുടെ ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുക? ആരോഗ്യകരമായ ജീവിതം എന്ത്? എങ്ങനെ? അസുഖം അല്ലെങ്കില്‍ രോഗാവസ്ഥ എന്താണ്? എന്തുകൊണ്ടാണ്? ഏതൊക്കെ അസുഖങ്ങള്‍ ചികിത്സിക്കണം? ചികിത്സിക്കുന്നെങ്കില്‍ എന്ത്, എത്ര? ഇതൊക്കെ വളരെ വിഷമം പിടിച്ച ചോദ്യങ്ങളായതുകൊണ്ടൊക്കെ തന്നെയാണ് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഒരു അലോപ്പതി ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുന്നത്.

അഞ്ചിലേറെ വര്‍ഷം ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഒരു മെഡിക്കല്‍ കൗണ്‍സില്‍ റെജിസ്റ്റ്റേഷന്‍ ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ ഞാനെഴുതട്ടെ.

ആരോഗ്യം

വ്യക്തമായ വാക്കുകളില്‍ നിര്‍വചിക്കാന്‍ പറ്റാത്ത പലതിനും നമ്മള്‍ മനുഷ്യര്‍ ചുറ്റിവളഞ്ഞ് നിര്‍വചനം നല്‍കാറുണ്ട്. ഉദാഹരണത്തിന്, "നീതി" എന്ന ആശയം എടുക്കുക. എന്താണ് നീതി? പലര്‍ക്കും പലതാണ് നീതി. പക്ഷെ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ തുല്യത, സമാവകാശങ്ങള്‍, നന്മ, എന്നൊക്കെയുള്ള ആശയങ്ങള്‍ സാമാന്യ ബുദ്ധിയോടെ ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന ഒരു സംഗതിയാണ് നീതി.

അത് പോലെ തന്നെയാണ് ആരോഗ്യത്തെയും നിര്‍വചിക്കപ്പടുന്നത്. ലോകാരോഗ്യ സംഘടന അതിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:
Health is a state of complete physical, mental and social well-being and not merely the absence of disease or infirmity.
അതായത്, ആരോഗ്യം എന്നാല്‍ ശാരീരികവും, മാനസികവും, സാമൂഹികവുമായി നന്നായിരിക്കുന്ന ഒരവസ്ഥയാണ്. ഈ മൂന്ന് മണ്ഡലങ്ങളും നന്നായിരുന്നാലേ ആരോഗ്യമാവൂ എന്നു മനസ്സിലായി. പക്ഷെ ചോദ്യം വീണ്ടും ബാക്കി, നന്നായിരിക്കുന്നു എന്ന് പറയേണ്ടത് എപ്പോളാണ്? അങ്ങനെ ചോദിച്ച് പോവുകയാണെങ്കില്‍ ഒറ്റ വാക്യത്തില്‍ ഉത്തരം പറയാന്‍ പറ്റാത്ത ഒരു ചോദ്യമാണിത്. അവിടെയാണ് ഈ പറയുന്നതിന്റെ ഒക്കെ പ്രസക്തി.

അനാരോഗ്യം

മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന്‍ രാജാവ് എന്ന് കേട്ടിരിക്കുമല്ലേ? എന്നാല്‍ കൂനില്ലാ രാജ്യത്ത് ചെറുകൂനന്‍ രാജാവ് എന്ന് പറയാന്‍ പറ്റുമോ? കൂന് എന്നത് നമുക്ക് ഒരു വികലത്വമായിട്ടാണ് തോന്നുന്നത്. എന്നാല്‍ മൂക്ക് അങ്ങനല്ല. അപ്പോള്‍ കൂന് എങ്ങനെ വികലമായി? ചിലര്‍ക്ക് ആറ് വിരളുണ്ടാവും. ചിലര്‍ക്ക് മൂക്കിന്റെ പാലം വളഞ്ഞതായിരിക്കും. ചിലര്‍ക്ക് കൊട്ടുകാലുണ്ടാവും. ചിലര്‍ കുള്ളന്മാരായിരിക്കും. അങ്ങനെയുള്ളവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നമ്മള്‍ എന്ത് പറയണം? ആ ചോദ്യം ഒന്ന് മനസ്സില്‍ വെക്കൂ.

വൈദ്യശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് നോര്‍മല്‍ ("normal"). ആരോഗ്യം എന്നതിന്റേതു പോലെ തന്നെ നോര്‍മല്‍ എന്നതിന്റെയും നിര്‍വചനം വളരെ വിഷമം പിടിച്ചതാണ്. എന്നാല്‍ പിന്നെ അത്ര കഷ്ടപ്പെട്ട് അതിനെ നിര്‍വചിക്കേണ്ട ആവശ്യമുണ്ടോ? ഇത് വായിച്ചതിനു ശേഷം നിങ്ങള്‍ തന്നെ അതിന്റെ ഉത്തരം പറയും.

രോഗം

ഒരു നിര്‍വചനവും അറിയാതെ തന്നെ, നല്ല ഒരു പനി വന്നാല്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളെ ഒരു രോഗിയെന്നു വിളിക്കാന്‍ കഴിയും. വിശപ്പ്, ഭയം എന്നതൊക്കെ പോലെ വാക്കുകളില്ലാതെ തന്നെ ചില രോഗാവസ്ഥകള്‍ നമുക്ക് ആന്തരികമായി അറിയാന്‍ കഴിയും. എന്നാല്‍ എല്ലാ രോഗങ്ങളും ഇങ്ങനെയാണോ? ഭ്രാന്തുള്ള ആരും ഭ്രാന്തുണ്ടെന്ന് സമ്മതിക്കില്ല എന്നു പറയും. അപ്പോള്‍ ഭ്രാന്തിനെ നമ്മള്‍ ഒരു രോഗമായി കണക്കാക്കേണ്ടതില്ലേ? ചെറിയൊരു ക്ഷീണം വന്നെന്നു വെക്കുക, അല്ലെങ്കില്‍ ഒരു വട്ടം ഛര്‍ദ്ദിച്ചു. എല്ലാം പോട്ടെ, നല്ല തല വേദന അല്ലേല്‍ നടു വേദന. ഇതൊക്കെ രോഗങ്ങളാണോ? ആയിക്കൂടായ്കയില്ലാതില്ല.

ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കി ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കാന്‍ മിക്കവര്‍ക്കും സമയമോ സന്ദര്‍ഭമോ ഇല്ലാത്തതുകൊണ്ടാണ് ലോകത്ത് ഡോക്ടര്‍മാര്‍ ഉള്ളത്. എന്താണ് ഡോക്ടര്‍മാരുടെ ജോലി? ആളുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കല്‍.

പക്ഷെ, ഡോക്ടര്‍മാര്‍ പണിയെടുക്കേണ്ടതെങ്ങനെയാണ്? ആരെയാണ് അവര്‍ പരിശോധിക്കേണ്ടത്? ആര്‍ക്കാണ് ചികിത്സ നല്‍കേണ്ടത്? ചികിത്സിക്കുന്നതു കൊണ്ടാണോ രോഗം ഭേദമാകുന്നത്? ചികിത്സിച്ചില്ലെങ്കില്‍ രോഗം മാറില്ലേ? ഇതിനൊക്കെയുള്ള ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറായില്ലെങ്കിലും കുറേയധികം കാര്യങ്ങള്‍ അറിഞ്ഞുമനസ്സിലാക്കേണ്ടതായിട്ടുണ്ട്.

ശാസ്ത്രം

ശാസ്ത്രം എന്നാല്‍ എന്ത്? താന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടി മനുഷ്യന്‍ ചുറ്റും കാണുന്നതിനെ സൂക്ഷമമായി വീക്ഷിച്ച് എത്തുന്ന നിഗമനങ്ങളുടെ സ്വരച്ചേര്‍ച്ചയോടുകൂടിയുള്ള ഒരു സഞ്ചയനത്തെയാണ് നമ്മള്‍ ശാസ്ത്രം എന്നു വിളിക്കുന്നത്. അതായത്, ആര്യഭടനെയും, ഗലീലിയോയേയും, ക്യൂറിയേയും പോലെയുള്ള എണ്ണമറ്റ ശാസ്ത്രജ്ഞറും ശാസ്ത്രാവബോദ്ധം ഉള്ള വായനക്കാരും ഭൂമിയിലുള്ള സമയത്ത് തങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്നത് ഒക്കെചേര്‍ത്ത് ലോകം എന്താണ് അത് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ ഊഹിച്ച് പഠിച്ച് എല്ലാം ഒത്തു വരുന്ന വിധത്തില്‍ ചേര്‍ത്ത് വച്ച് ഒരു അറിവ് ആക്കി മാറ്റിയതിനെയാണ് നമ്മള്‍ ശാസ്ത്രം എന്നു വിളിക്കുന്നത്.
താനാരാന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്
വലിയ കപ്പലുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായിട്ടൊക്കെ ആള്‍ക്കാര്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ കാണുന്ന ലോകം കണ്ണെത്താതത്രയും ദൂരം പരന്നു കിടക്കുന്നതായിരുന്നു. അധികം ഗഹനമായി ചിന്തിക്കാതെ തന്നെ ഭൂമി പരന്നതാണെന്ന് അപ്പോള്‍ പലരും മനസ്സിലാക്കിയിട്ടുണ്ടാവും. അവര്‍ക്ക് ഒരുപക്ഷെ ഭൂമിയുടെ അറ്റത്തേക്ക് പോയാല്‍ താഴെ വീണേക്കാം എന്ന ഭയം ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ആ കാലഘട്ടത്തില്‍ തന്നെ നക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍ നോക്കിയിട്ട് ഭൂമി ഉരുണ്ടതാണെന്ന് ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ഊഹിക്കാന്‍ സാധിച്ചിട്ടുണ്ടാവും. അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് കപ്പലുകള്‍ ദൂരെ കടലില്‍ മുങ്ങുന്നത് കണ്ടിട്ട് ഇനിയും കുറേ പേര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് മനസ്സിലായികാണും. പിന്നെ ഗുരുത്വാകര്‍ഷണവും, ടെലസ്കോപ്പും മറ്റും കൂട്ടി ചേര്‍ത്ത് സൗരയൂഥത്തിനെ പറ്റി മുഴുവനും പഠിക്കാനും ചന്ദ്രനില്‍ ചെന്നു കാലു കുത്താനും വരെ നമ്മള്‍ ധൈര്യം കാണിച്ചല്ലോ.

പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ ശാസ്ത്രം പുരോഗമിക്കുന്നത് മനുഷ്യന്റെ ഭാവനാശക്തിക്കും അറിയാനുള്ള ശേഷിക്കും അനുസരിച്ചാണ്. കണ്ണു കൊണ്ട് കാണാന്‍ കഴിയാത്തത്ര ദൂരെയുള്ള ഗ്രഹങ്ങളെകുറിച്ചൊക്കെ പഠിക്കാന്‍ ടെലസ്കോപ് ഇല്ലാതെ മനുഷ്യനെകൊണ്ടു പറ്റുമായിരുന്നില്ല. എന്നാല്‍ കാണാന്‍ കഴിയാത്ത ഗ്രഹങ്ങളെകുറിച്ചൊക്കെ സങ്കല്പിച്ചുവെച്ചിട്ടില്ലായിരുന്നെങ്കില്‍ അവയ്ക് വേണ്ടി ശൂന്യാകാശത്തിലേക്ക് നോക്കാന്‍ ടെലസ്കോപ്പും വെച്ച് ആരും ഇരിക്കുകയുമില്ലായിരുന്നു.

മറിച്ചും ശരിയാണ്. അറിയാന്‍ പറ്റാത്തതോ സങ്കല്പിക്കപ്പെടാത്തതോ ആയ ഒന്നിനേക്കുറിച്ചും ശാസ്ത്രം ഇല്ല. കീടാണുക്കള്‍ എന്ന ആശയം ആരുടെയോ തലയിലുദിക്കുന്നതുവരെ മൈക്രോബയോളജി ("microbiology") എന്ന ശാസ്ത്ര ശാഖ നിലവിലില്ലായിരുന്നു എന്നു തന്നെ പറയാം. പക്ഷേ അങ്ങനൊരു സൂക്ഷ്മജീവിയെ പറ്റി എത്ര പറഞ്ഞു നടന്നാലും ലെന്‍സും മൈക്രോസ്കോപ്പും കണ്ടു പിടിക്കുന്നതുവരെ കീടാണുക്കളെകുറിച്ച് അധികമാരും വ്യാകുലപ്പെട്ടിരിക്കില്ല. എന്തിന് പറയുന്നു, കീടാണുക്കള്‍ കാരണം ചില രോഗങ്ങള്‍ ഉണ്ടാവുന്നു എന്ന് ഇന്ന് പോലും ചിലര്‍ വിശ്വസിക്കുന്നില്ല. ഇതിനു കാരണം കീടാണു രോഗം സൃഷ്ടിക്കുന്നത് അവര്‍ക്ക് കണ്ണ്  കൊണ്ട് (മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി പോലും) കാണാന്‍ പറ്റാത്തത് കൊണ്ടാണെന്നേ വിശ്വസിക്കാന്‍ തരമുള്ളൂ.

കാണാന്‍ കഴിയാത്തത് ഇല്ല എന്നാണോ?

അല്ല. അല്ല.

ഒന്ന്. കാണാന്‍ കഴിയാത്തത് എന്ന് ആലങ്കാരികമായി പറയുന്നത് കൊണ്ടുദ്ദേശിക്കുന്നത് അറിയാന്‍ കഴിയാത്തത് എന്നാണ്. അതായത് കാഴ്ച, കേള്‍വി, രുചി, സ്പര്‍ശം, മണം, പിന്നെ ഏറ്റവും പ്രധാനപ്പെട്ടതായ ബുദ്ധി. ഇവ ഒന്നും കൊണ്ട് അറിയാന്‍ കഴിയാത്തവയാണ് നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. (ബുദ്ധികൊണ്ട് എങ്ങനെ അറിയാന്‍ കഴിയും എന്ന് ചോദ്യം മനസ്സിലുദിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് തലച്ചോറ് ഉണ്ടോ ഇല്ലയോ എന്നതിനെകുറിച്ചൊന്നാലോചിക്കുക)

രണ്ട്. അറിയാന്‍ കഴിയാത്തതിനെ പറ്റി നമുക്ക് സങ്കല്പിക്കാനേ കഴിയൂ. സങ്കല്പം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. പക്ഷെ ഈ സാധ്യതകള്‍ എപ്പോഴും തുല്യമായിരിക്കണമെന്നില്ല. ഒരു സങ്കല്പത്തിനിണങ്ങുന്ന വിധത്തില്‍ അറിവുകള്‍ വരുംതോറും ആ സങ്കല്പം ശരിയാവാനുള്ള സാധ്യത കൂടുകയും എതിരായുള്ള സങ്കല്പങ്ങള്‍ തെറ്റാവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, ഭൂമിയുടെ ആകൃതി തന്നെ എടുക്കാം. ഭൂമി പരന്നിട്ടാണെന്ന ഒരു സങ്കല്പം, അല്ല ഉരുണ്ടിട്ടാണെന്ന മറ്റൊരു സങ്കല്പം. ആരോ ഒരാള്‍ കപ്പലില്‍ ഒരു ഭാഗത്തേക്ക് നേരെ പോയി എവിടേം വീഴാതെ മറു ഭാഗത്തുനിന്ന് തിരിച്ചെത്തി. അങ്ങനെ ഒരു അറിവ് മുന്നില്‍ വരുമ്പോള്‍ ഉരുണ്ട സങ്കല്പം വച്ചിട്ടുള്ളവര്‍ക്ക് അത് ഒരു കുലുക്കവും ഉണ്ടാക്കുന്നില്ല. പക്ഷെ പരന്ന ഭൂമി സങ്കല്പിച്ചിട്ടുള്ളവര്‍ക്ക് ഈ അറിവ് അവരുടെ ലോകവീക്ഷണത്തില്‍ ഒരു പ്രശ്നം സൃഷ്ടിക്കുന്നു. ഭൂമിയുടെ അറ്റത്ത് സ്നേക് ഗേമിലെ പോലെ ഒരു ഭാഗത്തുനിന്നു കയറിയാല്‍ മറ്റേ ഭാഗത്തെത്തുന്ന എന്തോ ഉണ്ടോ? അതോ ഭൂമി പരന്നതല്ലേ? ഇങ്ങനെ ചോദ്യങ്ങള്‍ വരുന്നു. ക്രമേണ പരന്ന ഭൂമി എന്ന സങ്കല്പം നമ്മള്‍ ഒഴിവാക്കുന്നു.

ഇങ്ങനെ അറിവ് ആര്‍ജ്ജിക്കാന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെയാണ് പരീക്ഷണങ്ങള്‍ എന്ന് പറയുന്നത്. വിരുദ്ധമായ സങ്കല്പങ്ങളില്‍ ഒന്ന് കൂടുതല്‍ ശരിയെന്നും മറ്റേത് കൂടുതല്‍ തെറ്റെന്നും തെളിയിക്കാന്‍ പറ്റുന്ന വിധത്തിലാണ് പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്യപ്പെടുന്നത്.

ശരി. അപ്പോള്‍ വൈദ്യശാസ്ത്രം?

രോഗങ്ങളെകുറിച്ചും മനുഷ്യന്‍ ചിന്തിച്ചിട്ടുണ്ട്. രോഗങ്ങളുണ്ടാവുന്നതെങ്ങനെയെന്ന ചോദ്യത്തിന്റെ ആദ്യത്തെ ചില ഉത്തരങ്ങളാണ് ദൈവകോപം, പാപം, പൂര്‍വ്വജന്മം തുടങ്ങിയവ. പിന്നെ കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചിട്ടായിരിക്കണം ആയുര്‍വേദം പോലെയുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ സങ്കല്പങ്ങള്‍ തുടങ്ങുന്നത്. ശരീരത്തിലെ പല ദ്രാവകങ്ങളും കാണുമ്പോള്‍ അവയുടെ ഏറ്റകുറച്ചിലുകള്‍ കൊണ്ടാവാം രോഗങ്ങളുണ്ടാവുന്നത് എന്ന് സങ്കല്പിക്കാന്‍ ഭാവനാശേഷി കുറച്ചെങ്കിലും വേണം. പിന്നെ രസതന്ത്രവും, ഊര്‍ജതന്ത്രവും, ശരീരശാസ്ത്രവും ഒക്കെ വളര്‍ന്നുവരുന്നതോടുകൂടിയാണ് അതിലും സൂക്ഷമമായ പല അറിവുകളും, അതിലടിസ്ഥാനപ്പെടുത്തിയിട്ടുള്ള സങ്കല്പങ്ങളും മനുഷ്യന് കിട്ടുന്നത്.

ഉദാഹരണത്തിന്, ഓസ്മോട്ടിക് പ്രഷര്‍ ("osmotic pressure") എന്ന രസതന്ത്രത്തിലെ വിഷയവും, രക്തത്തിന്റെയും രക്തകുഴലിന്റെയും ഘടനയെകുറിച്ചും ഒക്കെ അറിയുന്ന ഒരാള്‍ക്കാണ് ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ ഒട്ടും ലഭിക്കാത്ത കുട്ടിയ്ക്ക് കാലില്‍ നീര് വരുന്നത് എന്തുകൊണ്ടെന്ന് സങ്കല്പിക്കാന്‍ കഴിയുന്നത്. അങ്ങനെ ഒരറിവിന്റെ മേല്‍ മറ്റൊരറിവ് വെച്ച് വെച്ച് മാത്രമേ വൈദ്യശാസ്ത്രം ഇപ്പോള്‍ സ്വരുക്കൂട്ടി വെച്ചിരിക്കുന്ന അറിവുകളും സങ്കല്പങ്ങളും ഉള്‍കൊള്ളാന്‍ കഴിയൂ.

 The History of Medicine  2000 B.C.—Here, eat this root.  1000 A.D.—That root is heathen. Here, say this prayer.  1850 A.D.—That prayer is superstition. Here, drink this potion.  1920 A.D.—That potion is snake oil. Here, swallow this pill.  1945 A.D.—That pill is ineffective. Here, take this penicillin.  1955 A.D.—Oops…bugs mutated. Here, take this tetracycline.  1960–1999—39 more “oops.” Here, take this more powerful antibiotic.  2000 A.D.—The bugs have won! Here, eat this root.  —Anonymous (WHO, 2000)
മാത്രവുമല്ല വൈദ്യശാസ്ത്രത്തിന് ഒരു പ്രത്യേക പരിമിതിയുമുണ്ട്. ഒരു രോഗത്തെ അറിയാന്‍ എളുപ്പ വഴികള്‍ ഒന്നുമില്ല. ഭൂമിയിലേക്ക് പതിക്കുന്ന ഏതൊരു വസ്തുവിന്റേയും ത്വരണം ("acceleration") ഒന്നു തന്നെ എന്ന് തെളിയിക്കാന്‍ ഗലീലിയോയ്ക്ക് പിസാ ഗോപുരത്തിന്റെ മേലെ നിന്ന് രണ്ട് ഗോളങ്ങള്‍ താഴോട്ടിട്ടാല്‍ മതിയാവുമായിരുന്നിരിക്കും. പക്ഷെ, ഇന്ന രോഗാണു ശരീരത്തില്‍ കടന്നാല്‍ ഇന്ന രോഗം ഉണ്ടാവും എന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും ഒരു രോഗാണുവിനെ കുത്തിവെക്കാന്‍ മനുഷ്യാവകാശങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യ ജീവിതത്തിന്റെ വില പരിഗണിച്ച് പല പരീക്ഷണങ്ങളും നമ്മള്‍ ചെയ്യാന്‍ പറ്റാതെ മാറ്റി വെക്കുന്നതിനാലാണ് വൈദ്യശാസ്ത്രത്തില്‍ മിക്കയിടത്തും സംശയങ്ങളും, സാധ്യതകളും നിറഞ്ഞ് നില്‍ക്കുന്നത്.

മാത്രവുമല്ല, ഓരോ മനുഷ്യനും മറ്റുളളവരില്‍ നിന്നും ചെറിയ രീതിയിലെങ്കിലും വ്യത്യസ്തനാണ്.

മരുന്നുകള്‍ ശാസ്ത്രീയമാണോ?
മറുചോദ്യം: പച്ചിലമരുന്നുകള്‍ ശാസ്ത്രീയമായിരുന്നോ?

വയറ്റില്‍ അസുഖം വരുമ്പോള്‍ പൂച്ചകള്‍ ചില പ്രത്യേക ഇലകള്‍ തിന്നുന്നത് കാണാം. ആരു പറഞ്ഞിട്ടാണ് ഇതൊക്കെ തിന്നുന്നത് എന്തോ? മനുഷ്യരും ഇങ്ങനെ തലവേദന വരുമ്പോള്‍ ഇന്ന ചെടിയുടെ ഇല നീരാക്കി തലയില്‍ പുരട്ടിയാല്‍ മതി എന്നൊക്കെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.

ഏത് തിന്നുമ്പോള്‍ അല്ലെങ്കില്‍ പുരട്ടുമ്പോള്‍ അസുഖത്തിന് ശമനം വരുന്നോ, അത് ആ അസുഖത്തിന് മരുന്ന്. ഇത്രേ ഉള്ളൂ.

ആധുനിക വൈദ്യശാസ്ത്രത്തിലേ മരുന്നുകളും ഇത്രയേ ഉള്ളൂ. പലപ്പോഴും പച്ചിലമരുന്നില്‍ രോഗത്തിനെ ശമിപ്പിക്കുന്ന അംശം തന്നെയാണ് ആധുനിക മരുന്നിലും ഉള്ളടക്കം. അത് മനുഷ്യരില്‍ പരീക്ഷിച്ച് രസതന്ത്രം ഉപയോഗിച്ച് ചിലപ്പോള്‍ അതിലും നല്ല രാസവസ്തു ഉണ്ടാക്കിയാലും ആയി.


ഈ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് എങ്ങനെ, നല്ലതേത് മോശമേത് തുടങ്ങിയ ഉത്തരങ്ങള്‍ ലഭിക്കുന്നത് എങ്ങനെ എന്നൊക്കെ വിശദമായി മറ്റൊരു ദിവസം എഴുതാം. അതുവരെ ജിമ്മി മാത്യു ഡോക്ടര്‍ എഴുതിയ അറിവ് വരുന്ന വഴി വായിക്കുക.

വാക്കു് വരുന്ന വളി

മോസില ഡെവലപ്പര്‍ നെറ്റ്‍വര്‍ക്കിനെ പറ്റി എഴുതുമ്പോള്‍ ആണു് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ ക്ഷാമത്തെക്കുറിച്ചു് ചിന്തിച്ചു് തുടങ്ങിയതു്.

റേഡിയോ, ടിവി എന്നൊക്കെ തുടങ്ങി ഇപ്പോള്‍ ഇന്റര്‍നെറ്റ്, ഫോണ്‍, എസ് എം എസ്, തുടങ്ങി എന്തു് പണ്ടാരം ആണെങ്കിലും ആംഗലേയത്തിലുള്ള വാക്കുകള്‍ മൊഴിമാറ്റം ചെയ്തു് ഇതാണിതിന്റെ മലയാളം എന്നു് പറഞ്ഞങ്ങുപയോഗിക്കലാണു് ഇന്നത്തെ രീതി എന്നു് തോന്നുന്നു.

എസ്. എം. സി.യുടെ പഴയ ഖലകത്തുകള്‍ ചികഞ്ഞുനോക്കിയപ്പോള്‍ സന്തോഷ് തോട്ടിങ്ങല്‍ എഴുതിയ ഇതു് കണ്ടു. തമിഴിലൊക്കെ പൂര്‍ണ്ണമായും യുക്തിപരമല്ലെങ്കിലും പ്രയോജനകരമായ വാക്കുകള്‍ നിര്‍മ്മിച്ചു് മിക്ക സാങ്കേതികപദങ്ങളും തര്‍‍‍ജ്ജമ ചെയ്തു കഴിഞ്ഞിരിക്കുന്നു. മലയാളത്തിലും ഇതു് എന്തു് കൊണ്ടു് ചെയ്തു് കൂട?

അതുകൊണ്ടു് ഞാന്‍ തന്നെ കുറെ വാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ശ്രദ്ധിച്ചു് വായിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഖണ്ഡികയില്‍ തന്നെ ഒരു പുതിയ പദം കാണാന്‍ കഴിയും. ഇങ്ങനെയുള്ള പദങ്ങള്‍ ശേഖരിക്കാന്‍ എന്റെ ഖലയിടത്തില്‍ ചെറിയൊരു താള്‍ ഉണ്ടു് താനും.

ഇനി ഞാന്‍ വിചാരിച്ചാല്‍ മലയാളത്തില്‍ വാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റുവോന്നൊന്നറിയണല്ലോ

ഖല നിര്‍മ്മാതാക്കള്‍ ഏവരും ഉപയോഗിക്കുന്ന (ഉപയോഗിക്കേണ്ടുന്ന) എം ഡി എന്നിനു് പത്തു് വയസ്സത്രെ

ഈ ഭൂപടം ഉണ്ടാവുന്നതിനു് മുമ്പു് ആള്‍ക്കാര്‍ എങ്ങനെയാ വടക്കു-തെക്കു് സഞ്ചരിച്ചിരുന്നതു്? കുടയുമെടുത്തു് ഇറങ്ങി ഒരു് നടത്തം, പിന്നെ വഴിയില്‍ കാണുന്നവരോടൊക്കെ ചോദിച്ചു് ചോദിച്ചു് അങ്ങോട്ടു് പോവും, അത്ര തന്നെ.

അതേ പോലെയാണു് ചിലര്‍ ഖല (web) നിര്‍മ്മാണത്തിനും ഇറങ്ങാറ്. എന്താ വേണ്ടേന്നു് മാത്രം അറിയുന്നുണ്ടാവും, പക്ഷെ അതിലേക്കുള്ള അടയാളിതപുഷ്ടഖലഭാഷ (html) വഴി അറിയാതെ, കാണുന്ന സംസാരകൂട്ടായ്മകളിലൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു് സമയം കളയും.

ഇതൊഴിവാക്കാനും, ഏതൊരാള്‍ക്കും എത്രയും പെട്ടെന്നു് ഏറ്റവും നല്ല നിലവാരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുവാനും ഒക്കെ കൂടിയാണു് മോസില മോ.ഡെ.നെ. തുടങ്ങിയതു്.

മോസില ഡെവലപ്പര്‍ നെറ്റ്‍വര്‍ക്കിനു് ജൂലൈ 23-ിനു് പത്തു് തികയും.

HTML, CSS, Javascript എന്ന ഖലയുടെ മൂന്നു് നെടും തൂണുകളെ പഠിക്കാനും, കൃത്യമായും ശക്തമായും ഉപയോഗിക്കാനും നമ്മെ സഹായിക്കുന്ന പല ലേഖനങ്ങളും ഇവിടുണ്ടു്. തുടക്കക്കാരെ വരെ സഹായിക്കാനായി വളരെ ലഘുവായ ഭാഷയില്‍ ലേഖനങ്ങളും, യന്ദ്രേശങ്ങളും, നിര്‍ദ്ദേശങ്ങളും; ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ തര്‍ജ്ജമകളും ഒക്കെ ലഭ്യമാണു്. ഇരുപതിനായിരത്തിലധികം പേര്‍ ചെര്‍ന്നു് അഞ്ചു് ലക്ഷത്തില്‍ പരം മാറ്റങ്ങള്‍ ഇതില്‍ വരുത്തിക്കഴിഞ്ഞു.

മോഡെനെന്നെകുറിച്ചു് ഒരു വിവരചിത്രം

മോ. ഡെ. നെ.ക്കു് എന്റെ പിറന്നാളാശംസകള്‍


മോസിലയുടെ സന്നദ്ധസേവകന്‍ എന്ന നിലയില്‍ മോസിലയില്‍ നടക്കുന്ന ചൂടു് വാര്‍ത്തകളെ പറ്റി എഴുതുന്ന ഡോക്യുമെന്റേഷന്‍ പൈലറ്റിന്റെ ഭാഗമാണു് ഈ പോസ്റ്റു്. ഈ ശ്രേണിയിലെ മറ്റു് പോസ്റ്റുകള്‍ ഇവിടെ വായിക്കാം 

സോഷ്യല്‍ മീഡിയ മര്യാദകള്‍

വളരെ ചെറുപ്പത്തിലേ ഇന്റര്‍നെറ്റ് ഉപയോഗിച്ചു് വളര്‍ന്ന ഒരുത്തനാണു് ഞാന്‍. അതുകൊണ്ടു് തന്നെ ചില രീതികള്‍ (മര്യാദകള്‍) എനിക്കു് കൈവശം വന്നിട്ടുണ്ടു്. ആ രീതിയില്‍ നിന്നൊക്കെ വിഭിന്നമായാണു് ഇന്നത്തെ മലയാളികള്‍ (മലയാളികള്‍ അല്ല, ഇന്ത്യാക്കാര്‍ മൊത്തം) ഇന്റര്‍നെറ്റില്‍ പെരുമാറുന്നതു്. ഇങ്ങനെ ഇന്റര്‍നെറ്റ് മൂല്യങ്ങള്‍ക്കു് മൂല്യച്യുതി സംഭവിക്കുന്നതു് തടയാന്‍ എന്നെ പോലുള്ളവര്‍ എല്ലാവരും ഒന്നു ശ്രമിക്കണം എന്നാണെന്റെ അഭിപ്രായം.

ഒരു ചര്‍ച്ചയില്‍ വിഷയം ഏതു് വിഷയേതരം ഏതു് എന്നതു് കൃത്യമായി അറിയുമ്പോള്‍ ആ ചര്‍ച്ചക്കു് വളരെയധികം ഉപയോഗകരമാവാന്‍ സാധിക്കും. ഞാന്‍ ഇന്റര്‍നെറ്റില്‍ ആദ്യം വന്നപ്പോള്‍ ഒര്‍ക്കുട്ട് ആയിരുന്നു വളരെയധികം ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നതു്. അതില്‍ സ്ക്രാപ്പ്ബുക്കുകളേയും, പ്രൊഫൈല്‍ ചിത്രങ്ങളേയുംകാള്‍ കൂടുതല്‍ കമ്മ്യൂണിറ്റീസ് ആയിരുന്നു എന്നെ ആകര്‍ഷിച്ചതു്. എല്ലാ കമ്മ്യൂണിറ്റികളിലും മോഡറേറ്റര്‍സും ചില ലിഖിത/അലിഖിത നിയമങ്ങളും കാണും. ഇന്ന ഇന്ന കാര്യങ്ങള്‍ക്കു് ഇവിടെ സുസ്വാഗതം എന്നു വിവരണങ്ങളും കാണാം. അവിടെ ചര്‍ച്ചാവേദികളില്‍ മര്യാദകള്‍ തീരുമാനിക്കുന്നതു് ഈ കൃത്യമായ ഫോക്കസ് ആണു്.

തമ്മില്‍ തമ്മില്‍ ബഹുമാനമുള്ളവര്‍ സംസാരിക്കുമ്പോള്‍ ആ ആശയകൈമാറ്റം അവരുടയും, ചര്‍ച്ചകളുടെയും നിലവാരത്തെ ഉയര്‍ത്തുന്നു. ഇതു് ഞാന്‍ കണ്ടു പഠിച്ചതു് റെഡ്ഡിറ്റിലാണു്. ബഹുമാനം എന്നാല്‍ യഥാര്‍ത്ഥ ബഹുമാനം അല്ലാതെ ഇവിടത്തെ പോലെ "സാാാാര്‍" വിളിയല്ല. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കു് വില കല്പിക്കുന്ന ഒരാള്‍ക്കേ അവര്‍ പറയുന്നതു് എന്താണെന്നു് വായിച്ചറിഞ്ഞു് അതില്‍ നിന്നും നല്ലതുള്‍കൊണ്ടു്, മോശം തിരിച്ചറിഞ്ഞു്, അതിനിണങ്ങുന്നൊരു മറുപടി നല്കാന്‍ കഴിയൂ. ബഹുമാനത്തോടുകൂടി വിയോജിക്കേണ്ടി വരുമ്പോളാണു് സര്‍ക്കാസം പോലുള്ള പ്രയോഗങ്ങള്‍ കടന്നുവരുന്നതു്. സര്‍ക്കാസത്തിനു മലയാളത്തില്‍ ഒരു വാക്കില്ലാത്തതു് ചിലപ്പോ പണ്ടു മുതലേ മലയാളികള്‍ക്കു് ആ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരിക്കാം.

പുണ്ണാക്കു് തോന്നുന്നയിടത്തു് കൊണ്ടുപോയി വിളമ്പരുത്. ഇതു് എനിക്കു് അല്ലെങ്കിലും അറിയാമായിരുന്നു. പക്ഷെ ശരിക്കും അനുഷ്ഠിക്കപ്പെട്ടുകണ്ടിട്ടുള്ളതു് ഐ ആര്‍ സി ചാനലുകളിലാണു്. മറ്റുള്ളവരുടെ സമയം വളരെ വിലപ്പെട്ടതാണു്. ചൊറീം കുത്തിയിരിക്കുന്നവര്‍ക്കു് തോന്നിയ പോലെ അപഹരിക്കാനുള്ളതല്ല എന്റെ സമയവും. ഐ ആര്‍ സീ ചാനലുകളില്‍ ഒരു ലിങ്കിടുകയാണെങ്കില്‍ അതെന്താണു്, അതെന്തിനാണവിടെ ഇട്ടതു് എന്നു വ്യക്തമാക്കുന്നതാണു് മര്യാദ. ഈ കാരണം കൊണ്ടു് തന്നെയാണു് മിക്ക വെബ്‍സൈറ്റുകളിലും ഒരു ലിങ്കിടുമ്പോള്‍ സ്വയമേ അതിന്റെ വിവരണം പ്രത്യക്ഷപ്പെടുന്നതു്.

ചെയിന്‍ ഫോര്‍വേ‍‍ഡ് എന്ന പരിപാടി ജന്മത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇ-കത്തുകളിലും, എസ് എം എസുകളിലും തുടങ്ങി ഇപ്പോള്‍ വാട്സാപ്പിലും, സൗജന്യമാണെന്ന ഒറ്റ കാരണം കൊണ്ടു് വയറിളക്കം പിടിച്ച പൂച്ചകുട്ടിയേപോലം സന്ദേശങ്ങള്‍ വിതറേണ്ട കാര്യമില്ല. നമ്മള്‍ എന്തു് പറയുകയാണെങ്കിലും അതിന്റെ ഉത്തരവാദിത്തം നമ്മള്‍ തന്നെ ഏറ്റെടുക്കണം. വാസ്ഥവപരമായും അല്ലാതെയും തെറ്റായ ഒരു സന്ദേശത്തില്‍ വിയാജിപ്പു് പ്രകടിപ്പിക്കുമ്പോള്‍ "ഇതു് വെറും ഫോര്‍വേഡാണു്, ചൂടാവണ്ട" എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടു്. സ്വന്തം തലച്ചോറു് ഒരിക്കലും ഉപയോഗിക്കില്ല എന്നു് ശപഥമെടുക്കേണ്ട കാര്യമില്ല. സാമാന്യബോധമെങ്കിലും ഉപയോഗിച്ചിട്ടേ എന്തു് സന്ദേശവും അയക്കാവൂ.

അങ്ങനെ പല മര്യാദകളും ഫെയ്‍സ്‍ബുക്കിലും മറ്റും ഇല്ലാതായിപോവുന്നതിന്റെ കാരണം രണ്ടുണ്ടെന്നാണെന്റെ തോന്നല്‍.

ഒന്നു്, ഫെയ്സ്‍ബുക്ക്, വാട്സാപ്പ് എന്നിവ ഇതു് വിഷമകരമാക്കുന്നു്. റെഡ്ഡിറ്റിലെ പോലെ കര്‍മ്മ(ം) അടിസ്ഥാനത്തലല്ല ഫെയ്സ്‍ബുക്ക് സന്ദേശങ്ങള്‍ ക്രമീകരിക്കുന്നതു്. ഐ ആര്‍ സി പോലെ വിഷയത്തിനു് പ്രാധാന്യം നല്കാന്‍ വാട്സാപ്പിന്റെ സമ്പര്‍ക്കമുഖത്തിനു് (interface) കഴിയുന്നില്ല.

പക്ഷെ രണ്ടു്, ഇപ്പോള്‍ പെയ്ത മഴയില്‍ മുളച്ച പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കു് (മദ്ധ്യവയസ്കരും കുട്ടികളും ഉള്‍പ്പെടും) ഇതൊന്നും പറഞ്ഞു് കൊടുക്കാന്‍ മുതിര്‍ന്നവര്‍ ആരും ഇല്ല. അവര്‍ ഇന്റര്‍നെറ്റില്‍ കയറുന്ന മുറയ്ക്ക് ഫെയ്സ്‍ബുക്കിന്റെ അരിപ്പകുമിളകളില്‍ അകപ്പെട്ടു് പോവുന്നു. പിന്നീടങ്ങോട്ടു് അവര്‍ കാണുന്നതും കേള്‍ക്കുന്നതും ട്രോള്ളിങ്ങും, ക്ലിക്ക്ബെയിറ്റ് പേജുകളും, മറ്റുമാണു്. അതു് അവര്‍ അവരുടേതായ രീതിയില്‍ ഏറ്റെടുക്കകയും ചെയ്യുന്നു.

പക്ഷെ ഞാന്‍ ഈ എഴുതിയതു് പോലെ ഇന്റര്‍നെറ്റിലെന്താണു് ശരി, എന്താണു് തെറ്റു് എന്നു് ഗുണപാഠ ക്ലാസുകള്‍ നിരന്തരമായി എല്ലാരും എടുത്തോണ്ടിരിക്കുകയാണെങ്കില്‍ നമുക്കു മെല്ലെ മെല്ലെ ഈ പ്രതിഭാസത്തെ നല്ല വഴിക്കു് നേര്‍ക്കാന്‍ കഴിയും.

ചെറിയൊരു നന്ദി പ്രകടനം

മലയാളം എന്നെന്നേക്കുമായി മറക്കാനുള്ള പാതയില്‍ ചെറുതായി ഓടി തുടങ്ങിയുരുന്ന എന്നെ മലയാളഭാഷയ്ക്ക് (മാതൃഭാഷയായതോണ്ടായിരിക്കണം. അറീല) തലച്ചോറ് തുളച്ചു് കയറി ഉറങ്ങികിടക്കുന്ന വികാരങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള ശേഷിയുണ്ടെന്നു് മനസ്സിലാക്കിപ്പിക്കുകയും, മലയാളത്തില്‍ തന്നെ (അല്ലെങ്കില്‍ മലയാളത്തില്‍ കൂടി) ആശയങ്ങള്‍ പ്രകടിപ്പിക്കാനും ഉള്‍ക്കൊള്ളാനും പ്രചോദനമാവുകയും ചെയ്ത എല്ലാ ഫേസ്‍ബുക്ക്, അഴിമുഖം, ഡ്രൂള്‍ ന്രൂസ്, ബ്ലോഗ്ഗര്‍ എഴുത്തുകാര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

മടക്കിനു ശേഷം

ഇഹലോകവാസത്തില്‍ പല കാര്യങ്ങളിലും തലയിടണമെന്ന ആഗ്രഹമുണ്ട് (പ്രേമം, മാധ്യമപ്രവര്‍ത്തനം, ടൊറന്റ്, മണിപ്പൂര്‍, കോഴിക്കോഡ് കലക്റ്റര്‍, സ്വവര്‍ഗ്ഗാനുരാഗം, മുതലായവ കൂടാതെ ആരും ഏറ്റെടുക്കാനില്ലാത്ത കുറേ സാമൂഹിക പ്രശ്നങ്ങള്‍ സ്വന്തമായും), പക്ഷെ പരീക്ഷ എന്ന പേരില്‍ ഒരു ജീവിത പ്രശ്നം തൊട്ടുമുന്നില്‍ നില്ക്കുന്നതിനാല്‍ ഒരല്പം വൈകി (ഒരു രണ്ടാഴ്ച) ഞാന്‍ വരുന്നതായിരിക്കും, എന്റെ സ്വന്തം ശൈലിയില്‍ ക്ഷ ണ്ണ വരക്കാന്‍. അതു വരേക്കും ഇവിടെ ഒക്കെ കാണുമല്ലൊ അല്ലേ, പുകച്ചോണ്ട്?

വെറുതേ തരുന്ന പാഷാണം വിഴുങ്ങിയേ മതിയാവൂ എന്നുണ്ടോ?

ഇന്ന് വൈകുന്നേരം എന്റെ ഫോണില് വന്ന സന്ദേഹജനകമായ സന്ദേശം
"ഫ്രീ ഇന്റര്‍നെറ്റിനെ പിന്തുണയ്ക്കുന്നുവെങ്കില്‍, 18002661100ലേക്ക് ഒരു മിസ്‌കോള്‍ നല്‍കൂ"
കേട്ടാല്‍ ആരാ മിസ്കാള്‍ അടിക്കാണ്ടിരിക്കുവ അല്ലേ?

ഒന്നുമില്ലേലും കയിഞ്ഞ കൊറേ ആഴ്ച ടീവീലും പത്രത്തിലും നെറഞ്ഞൊഴുകീതല്ലെ - നെറ്റ് ന്യൂട്രാലിറ്റി, എല്ലാ വെബ്സൈറ്റളും ഒരോരുത്തറുക്കും ഒരേ പോലെ ആയിരിക്കണം എന്ന വേള്‍ഡ് വൈഡ് വെബിന്റെ അടിസ്ഥാന തത്വം. അപ്പൊ പിന്നെ അതെല്ലം തന്നെ ആയിരിക്കും ഇവിടെ ഉദ്ദേശിക്കുന്നത്. അടിച്ചേക്കാം ഒരു മിസ്കോള്‍ - നമ്മക്ക് നഷ്ടൊന്നുമില്ലല്ലോ.

അങ്ങനെ പറഞ്ഞ് മിസ്കോള്‍ അടിച്ച് വിടുന്ന മണ്ടന്മാര്‍ കൊറെ ഉണ്ട്ന്നറിഞ്ഞിട്ട് തന്നെ എന്തോ ഗൂഢോദ്ദേശവുമായി ആരോ തുടങ്ങിയതാണ് ഈ പരിപാടി എന്ന് തോന്നിയതു കൊണ്ടാവണം എന്റെ പ്രിയ സുഹൃത്ത് അനിവര്‍ ഒരു മിസ്കോള്‍ അടിച്ചു - ആരാ ഇതിന്റെ പിന്നിലെ അദൃശ്യ ശക്തി എന്നറിയാന്‍.

ശടേ..ന്നു വന്നു ഉത്തരം. ഭാരത മഹാരാജ്യത്തു മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ള എല്ലാര്‍ക്കും അവരുടെ സ്വന്തം ഭാഷയില്‍, അവര്‍ക്കു മനസ്സിലാക്കാനായി ഒന്നും എഴുതാതെ ഒരു നമ്പറ് മാത്രം വെച്ച് ഈ മിസ്കോള്‍ യജ്ഞം നടത്തുന്നത് മറ്റാരുമല്ല - സ്വന്തം പ്രജകളെ "വിഡ്ഢി കൂശ്മാണ്ഡങ്ങള്‍" എന്നു വിശേഷിപ്പിച്ചിരുന്ന, ഇപ്പോ പ്രജകളൊന്നും പണ്ടത്തെ പോലെ പെറ്റു പടരാത്തതുകൊണ്ട് തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന വാനരവേലകളൊക്കെ കാട്ടി അവരെ പിടിച്ചു നിര്‍ത്തുന്ന ഫെയ്സ്‍ബുക്ക് രാജ്യത്തെ സക്കര്‍ബര്‍ഗ്ഗ് തമ്പുരാന്‍  തന്നെ.

മിസ്കോള്‍ അടിക്കുമ്പോ കിട്ടുന്ന സന്ദേശം. കടപ്പാട്: അനിവര്‍
വ്യക്തിഹത്യ, ചരിത്രം തോണ്ടല്‍ തുടങ്ങിയവ ഒരു സംവാദത്തിനു യോജിച്ചതല്ല എന്നെനിക്കു നന്നായറിയാം. പക്ഷെ എതിരാളി അതിശക്തനാണെന്നതിനാലും, നാക്കെടുത്താല്‍ അര്‍ദ്ധസത്യങ്ങളല്ലാതെ മറ്റൊന്നും പറയില്ലെന്നതിനാലും, പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എന്റെ തരത്തിനും താഴേക്ക് (ഫെയ്സ്‍ബുക്കിന്റെ തലത്തിലേക്ക്) പോവുകയാണ്.

കളിയിലെ വില്ലന്‍ താരം internet.org എന്ന വ്യാജ പേരിലോടുന്ന "ഫെയ്സ്‍ബുക്ക് സീറോ" ആണ്.

എന്താണ് internet.org അഥവാ ഫെയ്സ്‍ബുക്ക് സീറോ?
ഒരു രണ്ടു വര്‍ഷത്തോളമായി പല പിന്നോക്ക രാജ്യങ്ങളിലും (ഇന്ത്യ ഉള്‍പ്പടെ, കേള്‍ക്കുന്നില്ലേ സംഖികളെ?) പാവപ്പെട്ടവര്‍ക്കും ഇന്റര്‍നെറ്റ് കിട്ടാത്തവര്‍ക്കും "ഇന്റര്‍നെറ്റ്" എത്തിച്ചു കൊടുക്കുക എന്ന വ്യാജേനെ ഫെയ്സ്‍ബുക്ക്, വിക്കിപീഡിയ, പിന്നെ കുറേ വാര്‍ത്താ വെബ്സൈറ്റുകള്‍, കാലാവസ്ഥ, ‍ജ്യോതിഷം, പിന്നെ ആരോഗ്യം എന്ന പേരില്‍ എന്തൊക്കെയോ കുറേ കാട്ടി കൂട്ടി വെച്ചിട്ടുള്ളവ - ഇങ്ങനെ ഫെയ്സ്‍ബുക്കുകാര്‍ക്ക് സൗകര്യമുള്ള കൊറേ വെബ്സൈറ്റുകള്‍ "അടിസ്ഥാന സൗകര്യങ്ങള്‍" എന്നു പറഞ്ഞ് നല്കുന്ന ഒരു തട്ടിപ്പ്.
(ലിസ്റ്റ് ഇന്ത്യക്കു മാത്രം ബാധകം, ഇവിടെ നിന്നും സംഖടിപ്പിച്ചത്)

ഫെയ്സ്‍ബുക്ക് മാത്രം സൗജന്യമാക്കി നല്കിയാല്‍ കള്ളി വെളിച്ചെത്താവുമെന്ന് അറിയുന്നോണ്ടായിരിക്കണം കൂടെ കൊറെ പേരെ പേരിന് കൂട്ടിയത്.

അതിപ്പം ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തേലുമൊക്കെ?
ആണോ? ചെലപ്പോഴൊക്കെ ആണ്. പക്ഷെ കൊല്ലുന്നത് ഫെയ്സ്‍ബുക്ക് ആണെങ്കില്‍ ചാവുന്നത് പ്രതിയോഗികളും, ഓപ്പണ്‍ വെബ്ബും, പിന്നെ നമ്മളൊക്കെ തന്നെ ആയിരിക്കും എന്ന നിലക്ക് ഒന്നുമില്ലാത്തതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. രണ്ടു കാരണങ്ങള്‍ പറഞ്ഞൊതുക്കാം.

ഒന്നാമത് ഫെയ്സ്‍ബുക്ക്കാര് മതിലു വെച്ച ഉദ്യാനങ്ങള്‍ (walled gardens) നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയില്‍ വിരാജിക്കുന്നവരാ. അതായത് അവര്‍ എത്ര വല്ല്യ അന്യായങ്ങള്‍ കാണിച്ചാലും നിങ്ങള്‍ക്ക് പുറത്തുപോയി രക്ഷപ്പെടാന്‍ പറ്റില്ലാത്തൊരു അവസ്ഥ സൃഷ്ടിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നവര്‍.  ഒരു മാതിരി ജന്മിമാര്‍ പാവപ്പെട്ട കര്‍ഷകന്മാരെ കുടുക്കുന്നതു പോലെ, സ്വകാര്യ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ കുടുക്കുന്നതു പോലെ. അങ്ങനെയൊരു കാരാഗൃഹത്തിലേക്ക് ഗൃഹാതുരത്വത്തോടുകൂടി ഫെയ്സ്‍ബുക്ക് ആളുകളെ വിളിച്ചു കയറ്റുകയാണ് -- വടകര-കോഴിക്കോട് പാതയിലോടുന്ന ബസ്സിന്റെ കിളിയെ പോലെ.

എന്നിട്ട് നമ്മള് ഫെയ്സ്‍ബുക്കില് ഒരു പേജ് ഇഷ്ടപ്പെട്ടു എന്നു വെക്കുക. ആ പേജില്‍ പാവം ഇടുന്ന പോസ്റ്റുകള്‍ നമ്മള്‍ കുറേ പേരെങ്കിലും കാണണം എന്നുണ്ടെങ്കില് അതിന്റെ ഉടമസ്ഥന്‍ അവര്‍ക്ക് ചക്ക ചുള പോലെ ഡോളര്‍ എണ്ണി കൊടുക്കണം. പിന്നെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്യക്കാര്‍ക്കു വിറ്റ് കൊടുക്കുക, തോന്നുന്ന പോലെ പോസ്റ്റുകള്‍ നീക്കം ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യം തടയുക തുടങ്ങി കേസുകള് വേറേം ഉണ്ട്. അപ്പോള്‍ ഭൂലോകത്തെ സകലമാനം ആളുകളേം ഫെയ്സ്‍ബുക്കില്‍ തളച്ചിട്ടാല്‍ ആര്‍ക്കാ ലാഭം? ലാഭം അവരെടുത്തോട്ടെ, ആര്‍ക്കാ നഷ്ടം? ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം സൗജന്യം കിട്ടിയ പാവത്തിനു പോലും നഷ്ടം വരുമെന്ന്.

ങേ? അതെങ്ങനേ?
ഇന്റര്‍നെറ്റ് ഒരു പൊതു സ്വത്താണ്. അതില് എല്ലാവര്‍ക്കും അവകാശമുള്ളതാണ് - പണക്കാരനും പാവപ്പെട്ടവനും, ഇന്റര്‍നെറ്റ് സമുദ്രത്തിലെ തിമിംഗലങ്ങളായ ഗൂഗിളിനും ഫെയ്സ്‍ബുക്കിനും മുതല്‍ തട്ടീം മുട്ടീം ബ്ലോഗെഴുതി ജീവിച്ചു പോന്ന ബെര്‍ളിച്ചായന്മാര്‍ക്കു വരെ. അതങ്ങനെ ഒരു കൂട്ടര്‍ക്കും കുടുംബ സ്വത്താക്കി വെക്കാനുള്ള അവകാശം നമ്മളായിട്ട് ഉണ്ടാക്കികൊടുക്കരുത്. അല്ലാന്നുണ്ടെങ്കില് അതിനു നമ്മളൊക്കെ വലിയ തുക നല്കേണ്ടി വരും.

അപ്പോ ഈ മിസ്കോള്?
ങാ! ഇനി ആ പറഞ്ഞ തട്ടിപ്പിലേക്കു വരാം. ഈ അടുത്ത് ട്രായി ഇന്റര്‍നെറ്റ് സേവനങ്ങളെ ഒതുക്കി തീര്‍ക്കാന്‍ ഒരു പേപ്പര്‍ ഇറക്കിയതും അതിനു ശേഷം നടന്ന പുകിലുകളും നിങ്ങള്‍ ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.

ഇന്റര്‍നെറ്റ് റീചാര്‍ജ്ജ് ചെയ്തതാണെങ്കിലും, ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് (എയര്‍ടെല്, റിലയന്സ്, തുടങ്ങിയവയ്ക്ക്) അധികം പൈസ കൊടുക്കേണ്ടി വരുന്ന വിധത്തിലുള്ള ഒരു വകുപ്പ് കൊണ്ടു വന്നാലോ എന്നൊക്കെ ചോദിച്ചോണ്ടായിരുന്നു ട്രായി വന്നത്. അതായത് ഇപ്പം 1GB 3G റീചാര്‍ജ്ജ് ചെയ്ത ആള്‍ക്ക് വാട്സാപ്പില്‍ ഒരു ചളി ഫോര്‍വേഡ് അയക്കണെങ്കില് വേറെ തന്നെ ഒരു വാട്സാപ്പ് റീചാര്‍ജ്ജ് കൊണ്ടുവരാന്‍. അതല്ലെങ്കില്‍ വേറെയും കൊറേ നിര്‍ദ്ദേശങ്ങള്‍ - വെബ് സേവനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, അവരുടെ വരുമാനം പങ്കു വെപ്പിക്കുക തുടങ്ങി പലതും.

ഇതൊക്കെ വെബ്ബിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ നെറ്റ് ന്യൂട്രാലിറ്റിയെ കടപുഴക്കി എറിയുന്ന വിധത്തിലുള്ളതാണ്.

ഈ കൊടുങ്കാറ്റിന്റെ എടേല് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന പോലാണ് സീറോ റേറ്റിംഗ് എന്ന വിദ്യയുമായി ഫെയ്സ്‍ബുക്ക് (എയര്‍ടെലുമുണ്ട് കൂട്ടിന്). സീറോ റേറ്റിംഗ് എന്നു വെച്ചാല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപഭോക്താവിന്റേന്ന് പൈസ വാങ്ങാതിരിക്കുന്ന ഒരു പരിപാടിയാണ്.

നല്ലതല്ലേ?
നല്ലതാണ്, എപ്പോ? ഏതു വെബ്സൈറ്റും ഒരേ പോലെ സൗജന്യമാണെങ്കില്. പണക്കാര്‍ക്കു വേണ്ട. പാവപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രം മതി. കണക്കില്ലാത്തത്രയൊന്നും വേണ്ട, മാസം ഒരു കാല്‍ ജി.ബി.യോ മറ്റോ മതീന്നേ. അല്ലെങ്കില്‍ വൈഫൈ ആയിക്കോട്ടെ. പാഠശാലകളിലും, ഗ്രന്ഥാലയങ്ങളിലും ഒക്കെ പൊതു വൈഫൈ വരട്ടെ. വിവരമുള്ളവര്‍ പലരും ഇങ്ങനെ പലതും തലസ്ഥാനത്തേക്ക് ഫോണ്‍ വിളിച്ച് പറഞ്ഞിട്ടുമുണ്ട്.

അങ്ങനെ കുറേ നല്ല മനുഷ്യര്‍ ചേര്‍ന്ന ഒച്ചപ്പാടുണ്ടാക്കിയോണ്ടാണ് എയര്‍ടെല്‍ സീറോ എന്ന പരിപാടീന്ന് ഫ്ലിപ്പ്കാര്‍ട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി ദൂരെ പോയത്. എന്താന്ന് വെച്ചാല്‍ എയര്‍ടെല്‍ സീറോയും ഫെയ്സ്‍ബുക്ക് സീറോ പോലെ തെരഞ്ഞെടുക്കപ്പെട്ട വെബ്ബ് സേവനങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ചിട്ടുള്ള സംഗതിയായിരുന്നു. അങ്ങനെ ഒരു സംവിധാനത്തില്‍ ഒരു എതിരാളി സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചേരുന്നുണ്ടായിരുന്നെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ട് എന്ന വാക്കു പോലും ഇന്ന് ആരും കേട്ടിട്ടുണ്ടാവില്ലായിരുന്നു എന്ന ബോധോദയം ഫ്ലിപ്പ്കാര്‍ട്ട്കാര്‍ക്ക് വന്നപ്പോ അവര് മെല്ലെ സ്ഥലം കാലിയാക്കി. കൂടെ internet.org (ഫെയ്സ്‍ബുക്ക് സീറോ)ല്‍ നിന്നും ക്ലിയര്‍ട്രിപ്പ്, എന്‍.ഡി.ടി.വി. തുടങ്ങിയവരും ഇറങ്ങിപ്പോയി.

ആഹാ?
പക്ഷെ സക്കര്‍ബര്‍ഗ്ഗിന്റത്ര തല വേറാര്‍ക്കും ഉണ്ടാവൂല. പണി പാളുന്നു എന്നു കണ്ട ഉടനെ അദ്ദേഹം സര്‍വ്വശക്തിയുമെടുത്ത് പോരാട്ടം തുടങ്ങി. എന്തൊക്കെയായിരുന്നു - ഫെയ്സ്‍ബുക്കില്‍ തന്നെ സ്പോണ്‍സേര്‍ഡ് പോസ്റ്റ് ഇന്റര്‍നെറ്റ് ഓര്‍ഗ്ഗിന്റെ മഹിമകളെ കുറിച്ച്, അത് കഴിഞ്ഞ് change.org എന്ന വെബ്സൈറ്റില്‍ (ട്രായി പേപ്പര്‍ വന്നപ്പോ അതിനെതിരായി 3 ലക്ഷത്തിലധികം പേര്‍ നിവേദനം ഒപ്പിട്ട സ്ഥലം) എങ്ങനെ ഏത് എന്നൊന്നും പറയാതെ "ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും എത്തിക്കൂ" എന്ന തലക്കെട്ടില്‍ ഒരു നിവേദനം, ആളെ പറ്റിക്കുാന്‍ ഒരു ആനിമേഷന്‍ വീഡിയോ, internet.org ആര്‍ക്കും ചേരാവുന്ന ഒരു ഇടം ആക്കി മാറ്റുന്നു എന്ന പ്രസ്താവന പക്ഷെ https പാടില്ല, ജാവാസ്ക്രിപ്റ്റ് പാടില്ല തുടങ്ങിയ നിബന്ധനകള്‍...

അങ്ങനെ പലതും പയറ്റിയതിനുശേഷം അടുത്ത അങ്കത്തിലേക്കു ചെല്ലുമ്പോള്‍ (മിക്കവാറും അംബാനീന്റെ കൂടെ 7, RCR-ിലേക്ക് വെച്ചു പിടിക്കാനായിരിക്കും പദ്ധതി) ഒരു ധൈര്യത്തിനു കൂടെ കരുതാന്‍ "സേവ് ദി ഇന്റര്‍നെറ്റ്"കാരുടെ പത്തു ലക്ഷം ഇ-മെയിലുകള്‍ എന്ന എണ്ണത്തെ ചെറുതായി കാണിക്കാന്‍ പോന്ന ഒരു സംഖ്യ വേണം. അതിനു വേണ്ടിയുള്ള ഒരു ഉഡായിപ്പ് വേല മാത്രമാണ് അന്തവും കുന്തവും ഇല്ലാത്ത ഈ മിസ്കോള്‍ പ്രയാണം എന്നു കരുതാനേ നിര്‍വ്വാഹമുള്ളൂ.

എന്തായാലും സക്കര്‍ ചേട്ടാ, കഴിവും അവസരവും ഭാഗ്യവും കൊണ്ട് കലാലയ ജീവിതത്തില്‍ തന്നെ വന്‍ വിജയമായി തീര്‍ന്ന അങ്ങ് സ്വന്തം വെബ്സൈറ്റിന്റെ നിലവാരവും, ഉപയോഗ്യതയും തുടര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരുന്നതിനു പകരം ആര്‍ത്തി മൂത്ത് ഇന്റര്‍നെറ്റിനെ വരെ പണയം വെച്ച് ബാക്കിയുള്ളവരുടെ പിച്ചചട്ടീല്‍ കയ്യിട്ടുവാരാന്‍ നടത്തുന്ന ഈ അക്ഷീണ പരിശ്രമമുണ്ടല്ലോ, ഇന്റര്‍നെറ്റിനെയും അതിന്റെ മൂല്യങ്ങളെയും സ്നേഹിച്ച് വളര്‍ന്നുവന്ന ഒരു തലമുറ ഇവിടെ ഉള്ളെടത്തോളം കാലം അതു വിജയിക്കില്ല, വിജയിക്കാന്‍ സമ്മതിക്കില്ല.

അതിനു കലക്കി വെച്ച വെഷമൊക്കെ നിങ്ങള്‍ തന്നങ്ങ് കണ്ണടച്ച് കുടിച്ചേക്ക്.

അന്ധകാരത്തിന്റെ അഗാധങ്ങളിലും ടോര്‍ച്ചുമായെത്തും മലയാളി

മൈസൂരില്‍ ഞാന്‍ പത്രം വായിക്കാറില്ല. എന്തുകൊണ്ടോ എന്തോ, ഇവിടത്തെ വാര്‍ത്തകള്‍ എനിക്കിഷ്ടമല്ല. അതൊക്കെ കേരളം.

കഴിഞ്ഞേന്റെ മുന്നറ്റത്തെ പ്രാവശ്യം ഞാന്‍ വീട്ടില്‍ പോവുമ്പം നിയമസഭയിലെ കൂട്ടയടി ആയിരുന്നു വാര്‍ത്ത. ഇപ്രാവശ്യം പോയപ്പം പുതിയ സംഗതിയാണ് - കൊറച്ച് ആധുനികമാണ് പേരെങ്കിലും ആര്‍ഷഭാരത ചിന്താഗതിയില്‍ ഉയിര്‍കൊണ്ട "മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍".

മട്ടന്നൂരമ്പലത്തിലെ ഉത്സവപറമ്പീന്നാണ് ജാലവിദ്യാ രഹസ്യങ്ങളും കണ്‍കെട്ടു വിദ്യകളും എന്ന ഒരു പുസ്തകം പത്തു വയസ്സിന്റടുത്തുള്ളപ്പോള്‍ ഞാന്‍ വാങ്ങി വായിക്കുന്നത്. "ഞായറാഴ്ച പുലര്‍ച്ചക്ക് തെക്കൊട്ട് നോക്കി നിക്കുന്ന ഓന്തിനെ ഒറ്റ വെട്ടിന് രണ്ടാക്കി തല കഷ്ണം ചതച്ചരച്ച് അമ്പലമുറ്റത്തുണക്കാനിട്ട് ഉണ്ണി മൂത്രം തളിച്ച് ആ പൊടിയെടുത്ത് കാലില്‍ തേച്ച് വെച്ചാല്‍ വെള്ളത്തിന് മുകളില്‍ കൂടി നടക്കാം..."ന്ന് തുടങ്ങി പല വിദ്യകളും അതിലുണ്ടായിരുന്നു. അതൊക്കെ പച്ചില പെട്രോളാണെന്ന് മനസ്സിലാക്കാന്‍ അതു ചെയ്തു നോക്കാന്‍ തുടങ്ങുമ്പം അമ്മ വന്ന് ചീത്ത പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറും നാലാം ക്ലാസുകാരന്റെ പുത്തി മാത്രം മതിയാര്ന്നു.

പറയുമ്പം എല്ലം പറയണല്ലോ. വിവരമില്ലാത്തവനല്ല മലയാളി, നേരെ മറിച്ച് ബുദ്ധി കൂടി വട്ടായതാണ്. വെറുതെ വല്ലവനും വല്ലതും വന്നു പറഞ്ഞാല്‍ നമ്മള് വിശ്വസിക്കൂല. ശാസ്ത്രീയത വേണം. (അതെന്താന്ന് മാത്രം ചോദിക്കരുത്)

അതു കൊണ്ടാണ് അര മണിക്കൂര്‍ "പ്രഭാഷണ"ത്തില്‍ അമ്പതു പ്രാവശ്യം "അള്‍ട്രാ മോഡേണ്‍ സയന്‍സ്" എന്നു വിളമ്പുന്ന ഗോപാലകൃഷ്ണന്മാര്‍ക്കും, മൊബൈല്‍ ടവറുകള്‍ വന്നതു കാരണം അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കു വംശനാശം സംഭവിച്ചു എന്ന് പറഞ്ഞ് കൈയ്യടി വാങ്ങുന്ന സ്വാമിജിമാര്‍ക്കും മാത്രം കേരളത്തില്‍ സിനിമാ നടന്‍മാരേക്കാള്‍ ആരാധകര്‍.

സ്വന്തം മതഗ്രന്ഥത്തില്‍ ലോകത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു എന്ന വിശ്വാസം പലരെയും രക്ഷിക്കുന്നുണ്ടാവാം. അതുകൊണ്ടാണ് അങ്ങോട്ട് കേറി ഒരു പ്രശ്നവും ഉണ്ടാക്കാത്തത്. പക്ഷെ നമ്മള്‍ മിണ്ടാണ്ടിരിക്കുമ്പം ബാക്കിയുള്ളവര്‍ക്ക് പണിയുണ്ടാക്കാനിറങ്ങിതിരിക്കുന്നവര്‍ക്ക് ഒരു ചോദ്യം. ലോകത്ത് പുതിയതായി കണ്ടുപിടിക്കുന്ന ഓരോ സാധനങ്ങളും പണ്ടു മുതലേ നിങ്ങള മുത്തച്ഛന്മാര്‍ക്കറിയാര്ന്നൂന്ന് പറയുന്നതല്ലാതെ മേലെ പറഞ്ഞ ഗ്രന്ഥം വായിച്ചിട്ട് നിങ്ങക്ക് സ്വന്തമായിട്ടെന്തെങ്കിലും കണ്ടുപിടിച്ചൂടേ? ലോകനന്മക്കായിട്ട്?

ഇനി ഇതൊക്കെ കണ്ടു അന്തം വിട്ടു നിക്കുന്നവര്‍ക്ക് ഒരു എളുപ്പ വിദ്യ പറഞ്ഞു തരാം. നിങ്ങള് ലോകത്ത് വല്ലതും ഒക്കെ കണ്ടൂന്നു വെക്കുക. അതിന്റെ കാരണം മിക്കവാറും അതിന്റെ ഏറ്റവും സരളമായ വിശദീകരണമാവും. (ഒക്ഹാമിന്റെ ക്ഷൗരകത്തി). കണ്ണു കെട്ടി വായിക്കുന്നുണ്ടെങ്കില്‍ കെട്ടിയത് ശരിയില്ലാന്നു തന്നെ. അല്ലാതെ തലച്ചോറിന്റെ പ്രവര്‍ത്തന രഹിതമായ ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ കണ്ണിലാതെ കാണാം, ചെവിയില്ലാതെ കേള്‍ക്കാം എന്നു പറഞ്ഞു ആരെങ്കിലും വരികയാണെങ്കില്‍ ആ അതിബുദ്ധിമാന്റെ കണ്ണുകള് ഒക്ഹാമിന്റെ തന്നെ കത്തി വച്ചങ്ങ് കുത്തി പൊട്ടിച്ച് കൊടുത്തേക്ക് - അവന്മാര് മിഡ്ബ്രെയിന്‍ വെച്ച് ജീവിച്ചോളും.

പിന്നെ സമയം കിട്ടുവാണെങ്കില്‍ ഗോപിനാഥ് മുതുകാട് എന്ന മഹാനായ, നല്ലവനായ മാന്ത്രികന്റെ താഴെ കൊടുത്തിരിക്കുന്ന പത്ര സമ്മേളനവും കണ്ടേക്കൂ.