വാക്കു് വരുന്ന വളി

മോസില ഡെവലപ്പര്‍ നെറ്റ്‍വര്‍ക്കിനെ പറ്റി എഴുതുമ്പോള്‍ ആണു് മലയാളത്തിലെ സാങ്കേതിക പദങ്ങളുടെ ക്ഷാമത്തെക്കുറിച്ചു് ചിന്തിച്ചു് തുടങ്ങിയതു്.

റേഡിയോ, ടിവി എന്നൊക്കെ തുടങ്ങി ഇപ്പോള്‍ ഇന്റര്‍നെറ്റ്, ഫോണ്‍, എസ് എം എസ്, തുടങ്ങി എന്തു് പണ്ടാരം ആണെങ്കിലും ആംഗലേയത്തിലുള്ള വാക്കുകള്‍ മൊഴിമാറ്റം ചെയ്തു് ഇതാണിതിന്റെ മലയാളം എന്നു് പറഞ്ഞങ്ങുപയോഗിക്കലാണു് ഇന്നത്തെ രീതി എന്നു് തോന്നുന്നു.

എസ്. എം. സി.യുടെ പഴയ ഖലകത്തുകള്‍ ചികഞ്ഞുനോക്കിയപ്പോള്‍ സന്തോഷ് തോട്ടിങ്ങല്‍ എഴുതിയ ഇതു് കണ്ടു. തമിഴിലൊക്കെ പൂര്‍ണ്ണമായും യുക്തിപരമല്ലെങ്കിലും പ്രയോജനകരമായ വാക്കുകള്‍ നിര്‍മ്മിച്ചു് മിക്ക സാങ്കേതികപദങ്ങളും തര്‍‍‍ജ്ജമ ചെയ്തു കഴിഞ്ഞിരിക്കുന്നു. മലയാളത്തിലും ഇതു് എന്തു് കൊണ്ടു് ചെയ്തു് കൂട?

അതുകൊണ്ടു് ഞാന്‍ തന്നെ കുറെ വാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ശ്രദ്ധിച്ചു് വായിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഖണ്ഡികയില്‍ തന്നെ ഒരു പുതിയ പദം കാണാന്‍ കഴിയും. ഇങ്ങനെയുള്ള പദങ്ങള്‍ ശേഖരിക്കാന്‍ എന്റെ ഖലയിടത്തില്‍ ചെറിയൊരു താള്‍ ഉണ്ടു് താനും.

ഇനി ഞാന്‍ വിചാരിച്ചാല്‍ മലയാളത്തില്‍ വാക്കുകള്‍ ഉണ്ടാക്കാന്‍ പറ്റുവോന്നൊന്നറിയണല്ലോ

ഖല നിര്‍മ്മാതാക്കള്‍ ഏവരും ഉപയോഗിക്കുന്ന (ഉപയോഗിക്കേണ്ടുന്ന) എം ഡി എന്നിനു് പത്തു് വയസ്സത്രെ

ഈ ഭൂപടം ഉണ്ടാവുന്നതിനു് മുമ്പു് ആള്‍ക്കാര്‍ എങ്ങനെയാ വടക്കു-തെക്കു് സഞ്ചരിച്ചിരുന്നതു്? കുടയുമെടുത്തു് ഇറങ്ങി ഒരു് നടത്തം, പിന്നെ വഴിയില്‍ കാണുന്നവരോടൊക്കെ ചോദിച്ചു് ചോദിച്ചു് അങ്ങോട്ടു് പോവും, അത്ര തന്നെ.

അതേ പോലെയാണു് ചിലര്‍ ഖല (web) നിര്‍മ്മാണത്തിനും ഇറങ്ങാറ്. എന്താ വേണ്ടേന്നു് മാത്രം അറിയുന്നുണ്ടാവും, പക്ഷെ അതിലേക്കുള്ള അടയാളിതപുഷ്ടഖലഭാഷ (html) വഴി അറിയാതെ, കാണുന്ന സംസാരകൂട്ടായ്മകളിലൊക്കെ ചോദ്യങ്ങള്‍ ചോദിച്ചു് സമയം കളയും.

ഇതൊഴിവാക്കാനും, ഏതൊരാള്‍ക്കും എത്രയും പെട്ടെന്നു് ഏറ്റവും നല്ല നിലവാരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുവാനും ഒക്കെ കൂടിയാണു് മോസില മോ.ഡെ.നെ. തുടങ്ങിയതു്.

മോസില ഡെവലപ്പര്‍ നെറ്റ്‍വര്‍ക്കിനു് ജൂലൈ 23-ിനു് പത്തു് തികയും.

HTML, CSS, Javascript എന്ന ഖലയുടെ മൂന്നു് നെടും തൂണുകളെ പഠിക്കാനും, കൃത്യമായും ശക്തമായും ഉപയോഗിക്കാനും നമ്മെ സഹായിക്കുന്ന പല ലേഖനങ്ങളും ഇവിടുണ്ടു്. തുടക്കക്കാരെ വരെ സഹായിക്കാനായി വളരെ ലഘുവായ ഭാഷയില്‍ ലേഖനങ്ങളും, യന്ദ്രേശങ്ങളും, നിര്‍ദ്ദേശങ്ങളും; ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ തര്‍ജ്ജമകളും ഒക്കെ ലഭ്യമാണു്. ഇരുപതിനായിരത്തിലധികം പേര്‍ ചെര്‍ന്നു് അഞ്ചു് ലക്ഷത്തില്‍ പരം മാറ്റങ്ങള്‍ ഇതില്‍ വരുത്തിക്കഴിഞ്ഞു.

മോഡെനെന്നെകുറിച്ചു് ഒരു വിവരചിത്രം

മോ. ഡെ. നെ.ക്കു് എന്റെ പിറന്നാളാശംസകള്‍


മോസിലയുടെ സന്നദ്ധസേവകന്‍ എന്ന നിലയില്‍ മോസിലയില്‍ നടക്കുന്ന ചൂടു് വാര്‍ത്തകളെ പറ്റി എഴുതുന്ന ഡോക്യുമെന്റേഷന്‍ പൈലറ്റിന്റെ ഭാഗമാണു് ഈ പോസ്റ്റു്. ഈ ശ്രേണിയിലെ മറ്റു് പോസ്റ്റുകള്‍ ഇവിടെ വായിക്കാം 

സോഷ്യല്‍ മീഡിയ മര്യാദകള്‍

വളരെ ചെറുപ്പത്തിലേ ഇന്റര്‍നെറ്റ് ഉപയോഗിച്ചു് വളര്‍ന്ന ഒരുത്തനാണു് ഞാന്‍. അതുകൊണ്ടു് തന്നെ ചില രീതികള്‍ (മര്യാദകള്‍) എനിക്കു് കൈവശം വന്നിട്ടുണ്ടു്. ആ രീതിയില്‍ നിന്നൊക്കെ വിഭിന്നമായാണു് ഇന്നത്തെ മലയാളികള്‍ (മലയാളികള്‍ അല്ല, ഇന്ത്യാക്കാര്‍ മൊത്തം) ഇന്റര്‍നെറ്റില്‍ പെരുമാറുന്നതു്. ഇങ്ങനെ ഇന്റര്‍നെറ്റ് മൂല്യങ്ങള്‍ക്കു് മൂല്യച്യുതി സംഭവിക്കുന്നതു് തടയാന്‍ എന്നെ പോലുള്ളവര്‍ എല്ലാവരും ഒന്നു ശ്രമിക്കണം എന്നാണെന്റെ അഭിപ്രായം.

ഒരു ചര്‍ച്ചയില്‍ വിഷയം ഏതു് വിഷയേതരം ഏതു് എന്നതു് കൃത്യമായി അറിയുമ്പോള്‍ ആ ചര്‍ച്ചക്കു് വളരെയധികം ഉപയോഗകരമാവാന്‍ സാധിക്കും. ഞാന്‍ ഇന്റര്‍നെറ്റില്‍ ആദ്യം വന്നപ്പോള്‍ ഒര്‍ക്കുട്ട് ആയിരുന്നു വളരെയധികം ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നതു്. അതില്‍ സ്ക്രാപ്പ്ബുക്കുകളേയും, പ്രൊഫൈല്‍ ചിത്രങ്ങളേയുംകാള്‍ കൂടുതല്‍ കമ്മ്യൂണിറ്റീസ് ആയിരുന്നു എന്നെ ആകര്‍ഷിച്ചതു്. എല്ലാ കമ്മ്യൂണിറ്റികളിലും മോഡറേറ്റര്‍സും ചില ലിഖിത/അലിഖിത നിയമങ്ങളും കാണും. ഇന്ന ഇന്ന കാര്യങ്ങള്‍ക്കു് ഇവിടെ സുസ്വാഗതം എന്നു വിവരണങ്ങളും കാണാം. അവിടെ ചര്‍ച്ചാവേദികളില്‍ മര്യാദകള്‍ തീരുമാനിക്കുന്നതു് ഈ കൃത്യമായ ഫോക്കസ് ആണു്.

തമ്മില്‍ തമ്മില്‍ ബഹുമാനമുള്ളവര്‍ സംസാരിക്കുമ്പോള്‍ ആ ആശയകൈമാറ്റം അവരുടയും, ചര്‍ച്ചകളുടെയും നിലവാരത്തെ ഉയര്‍ത്തുന്നു. ഇതു് ഞാന്‍ കണ്ടു പഠിച്ചതു് റെഡ്ഡിറ്റിലാണു്. ബഹുമാനം എന്നാല്‍ യഥാര്‍ത്ഥ ബഹുമാനം അല്ലാതെ ഇവിടത്തെ പോലെ "സാാാാര്‍" വിളിയല്ല. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കു് വില കല്പിക്കുന്ന ഒരാള്‍ക്കേ അവര്‍ പറയുന്നതു് എന്താണെന്നു് വായിച്ചറിഞ്ഞു് അതില്‍ നിന്നും നല്ലതുള്‍കൊണ്ടു്, മോശം തിരിച്ചറിഞ്ഞു്, അതിനിണങ്ങുന്നൊരു മറുപടി നല്കാന്‍ കഴിയൂ. ബഹുമാനത്തോടുകൂടി വിയോജിക്കേണ്ടി വരുമ്പോളാണു് സര്‍ക്കാസം പോലുള്ള പ്രയോഗങ്ങള്‍ കടന്നുവരുന്നതു്. സര്‍ക്കാസത്തിനു മലയാളത്തില്‍ ഒരു വാക്കില്ലാത്തതു് ചിലപ്പോ പണ്ടു മുതലേ മലയാളികള്‍ക്കു് ആ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരിക്കാം.

പുണ്ണാക്കു് തോന്നുന്നയിടത്തു് കൊണ്ടുപോയി വിളമ്പരുത്. ഇതു് എനിക്കു് അല്ലെങ്കിലും അറിയാമായിരുന്നു. പക്ഷെ ശരിക്കും അനുഷ്ഠിക്കപ്പെട്ടുകണ്ടിട്ടുള്ളതു് ഐ ആര്‍ സി ചാനലുകളിലാണു്. മറ്റുള്ളവരുടെ സമയം വളരെ വിലപ്പെട്ടതാണു്. ചൊറീം കുത്തിയിരിക്കുന്നവര്‍ക്കു് തോന്നിയ പോലെ അപഹരിക്കാനുള്ളതല്ല എന്റെ സമയവും. ഐ ആര്‍ സീ ചാനലുകളില്‍ ഒരു ലിങ്കിടുകയാണെങ്കില്‍ അതെന്താണു്, അതെന്തിനാണവിടെ ഇട്ടതു് എന്നു വ്യക്തമാക്കുന്നതാണു് മര്യാദ. ഈ കാരണം കൊണ്ടു് തന്നെയാണു് മിക്ക വെബ്‍സൈറ്റുകളിലും ഒരു ലിങ്കിടുമ്പോള്‍ സ്വയമേ അതിന്റെ വിവരണം പ്രത്യക്ഷപ്പെടുന്നതു്.

ചെയിന്‍ ഫോര്‍വേ‍‍ഡ് എന്ന പരിപാടി ജന്മത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇ-കത്തുകളിലും, എസ് എം എസുകളിലും തുടങ്ങി ഇപ്പോള്‍ വാട്സാപ്പിലും, സൗജന്യമാണെന്ന ഒറ്റ കാരണം കൊണ്ടു് വയറിളക്കം പിടിച്ച പൂച്ചകുട്ടിയേപോലം സന്ദേശങ്ങള്‍ വിതറേണ്ട കാര്യമില്ല. നമ്മള്‍ എന്തു് പറയുകയാണെങ്കിലും അതിന്റെ ഉത്തരവാദിത്തം നമ്മള്‍ തന്നെ ഏറ്റെടുക്കണം. വാസ്ഥവപരമായും അല്ലാതെയും തെറ്റായ ഒരു സന്ദേശത്തില്‍ വിയാജിപ്പു് പ്രകടിപ്പിക്കുമ്പോള്‍ "ഇതു് വെറും ഫോര്‍വേഡാണു്, ചൂടാവണ്ട" എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ടു്. സ്വന്തം തലച്ചോറു് ഒരിക്കലും ഉപയോഗിക്കില്ല എന്നു് ശപഥമെടുക്കേണ്ട കാര്യമില്ല. സാമാന്യബോധമെങ്കിലും ഉപയോഗിച്ചിട്ടേ എന്തു് സന്ദേശവും അയക്കാവൂ.

അങ്ങനെ പല മര്യാദകളും ഫെയ്‍സ്‍ബുക്കിലും മറ്റും ഇല്ലാതായിപോവുന്നതിന്റെ കാരണം രണ്ടുണ്ടെന്നാണെന്റെ തോന്നല്‍.

ഒന്നു്, ഫെയ്സ്‍ബുക്ക്, വാട്സാപ്പ് എന്നിവ ഇതു് വിഷമകരമാക്കുന്നു്. റെഡ്ഡിറ്റിലെ പോലെ കര്‍മ്മ(ം) അടിസ്ഥാനത്തലല്ല ഫെയ്സ്‍ബുക്ക് സന്ദേശങ്ങള്‍ ക്രമീകരിക്കുന്നതു്. ഐ ആര്‍ സി പോലെ വിഷയത്തിനു് പ്രാധാന്യം നല്കാന്‍ വാട്സാപ്പിന്റെ സമ്പര്‍ക്കമുഖത്തിനു് (interface) കഴിയുന്നില്ല.

പക്ഷെ രണ്ടു്, ഇപ്പോള്‍ പെയ്ത മഴയില്‍ മുളച്ച പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കു് (മദ്ധ്യവയസ്കരും കുട്ടികളും ഉള്‍പ്പെടും) ഇതൊന്നും പറഞ്ഞു് കൊടുക്കാന്‍ മുതിര്‍ന്നവര്‍ ആരും ഇല്ല. അവര്‍ ഇന്റര്‍നെറ്റില്‍ കയറുന്ന മുറയ്ക്ക് ഫെയ്സ്‍ബുക്കിന്റെ അരിപ്പകുമിളകളില്‍ അകപ്പെട്ടു് പോവുന്നു. പിന്നീടങ്ങോട്ടു് അവര്‍ കാണുന്നതും കേള്‍ക്കുന്നതും ട്രോള്ളിങ്ങും, ക്ലിക്ക്ബെയിറ്റ് പേജുകളും, മറ്റുമാണു്. അതു് അവര്‍ അവരുടേതായ രീതിയില്‍ ഏറ്റെടുക്കകയും ചെയ്യുന്നു.

പക്ഷെ ഞാന്‍ ഈ എഴുതിയതു് പോലെ ഇന്റര്‍നെറ്റിലെന്താണു് ശരി, എന്താണു് തെറ്റു് എന്നു് ഗുണപാഠ ക്ലാസുകള്‍ നിരന്തരമായി എല്ലാരും എടുത്തോണ്ടിരിക്കുകയാണെങ്കില്‍ നമുക്കു മെല്ലെ മെല്ലെ ഈ പ്രതിഭാസത്തെ നല്ല വഴിക്കു് നേര്‍ക്കാന്‍ കഴിയും.

ചെറിയൊരു നന്ദി പ്രകടനം

മലയാളം എന്നെന്നേക്കുമായി മറക്കാനുള്ള പാതയില്‍ ചെറുതായി ഓടി തുടങ്ങിയുരുന്ന എന്നെ മലയാളഭാഷയ്ക്ക് (മാതൃഭാഷയായതോണ്ടായിരിക്കണം. അറീല) തലച്ചോറ് തുളച്ചു് കയറി ഉറങ്ങികിടക്കുന്ന വികാരങ്ങളെ ഉണര്‍ത്തിയെടുക്കാനുള്ള ശേഷിയുണ്ടെന്നു് മനസ്സിലാക്കിപ്പിക്കുകയും, മലയാളത്തില്‍ തന്നെ (അല്ലെങ്കില്‍ മലയാളത്തില്‍ കൂടി) ആശയങ്ങള്‍ പ്രകടിപ്പിക്കാനും ഉള്‍ക്കൊള്ളാനും പ്രചോദനമാവുകയും ചെയ്ത എല്ലാ ഫേസ്‍ബുക്ക്, അഴിമുഖം, ഡ്രൂള്‍ ന്രൂസ്, ബ്ലോഗ്ഗര്‍ എഴുത്തുകാര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

മടക്കിനു ശേഷം

ഇഹലോകവാസത്തില്‍ പല കാര്യങ്ങളിലും തലയിടണമെന്ന ആഗ്രഹമുണ്ട് (പ്രേമം, മാധ്യമപ്രവര്‍ത്തനം, ടൊറന്റ്, മണിപ്പൂര്‍, കോഴിക്കോഡ് കലക്റ്റര്‍, സ്വവര്‍ഗ്ഗാനുരാഗം, മുതലായവ കൂടാതെ ആരും ഏറ്റെടുക്കാനില്ലാത്ത കുറേ സാമൂഹിക പ്രശ്നങ്ങള്‍ സ്വന്തമായും), പക്ഷെ പരീക്ഷ എന്ന പേരില്‍ ഒരു ജീവിത പ്രശ്നം തൊട്ടുമുന്നില്‍ നില്ക്കുന്നതിനാല്‍ ഒരല്പം വൈകി (ഒരു രണ്ടാഴ്ച) ഞാന്‍ വരുന്നതായിരിക്കും, എന്റെ സ്വന്തം ശൈലിയില്‍ ക്ഷ ണ്ണ വരക്കാന്‍. അതു വരേക്കും ഇവിടെ ഒക്കെ കാണുമല്ലൊ അല്ലേ, പുകച്ചോണ്ട്?